മൗനത്തിന്നാഴമാം കയങ്ങളില്‍
മെല്ലെ മെല്ലെയിറങ്ങി ഹൃദയാകാശമാം
പൊന്‍തടാകത്തിലെത്തി ഞാനൊരു
സഹസ്രദള പത്മമായി വിരിയും
ഹംസമായി വിശ്വമാകെ പരിലസിക്കും ഞാന്‍
ഉദയസൂര്യനായി ഉദിച്ചുയരും ഞാന്‍
താരാഗണങ്ങളായി വിണ്‍മണ്ഡലത്തില്‍-
മലര്‍വാടി തീര്‍ക്കും ഞാന്‍
പൂര്‍ണ്ണേന്ദുവായി പൊന്‍നിലാവ് പരത്തും
-ഞാന്‍
മഴവില്ലായി വാനില്‍ – വിസ്മയക്കാഴ്ചയൊരുക്കും ഞാന്‍
മഴമേഘമായി പൂണ്യതീര്‍ത്ഥം
പ്രപഞ്ചമാകെ പെയ്‌തൊഴിയും ഞാന്‍
തെന്നലായി മലയാചലത്തെപുല്‍കും
ഞാന്‍ പിന്നെ വാത്സല്യക്കരങ്ങളാ-
ലൂഴിയെത്തലോടി മാലേയ-
സൗരഭ്യമെങ്ങും പരത്തിനടക്കും ഞാന്‍
അലയായിയാഴിയില്‍ തെന്നിത്തെന്നി നടക്കും-
ഞാന്‍
പുഴയായി തുള്ളിത്തുള്ളിയൊഴുകും ഞാന്‍
ചിത്രശലഭങ്ങളായി പാരിലാകെ
വര്‍ണ്ണചിത്രം വരയ്ക്കും ഞാന്‍
മയിലായി നൃത്തമാടും ഞാന്‍, കുയിലായി-
പാടിനടക്കും ഞാന്‍
മത്തഗജമായാമോദത്തോടെയോടിനടക്കും-
ഞാന്‍
മഹാശൈലമായി-
പൃഥ്വിയാകാശങ്ങള്‍ക്കിടയിലൊരു
മഹാസേതുവായി ഭവിച്ചിടും ഞാന്‍
പ്രപഞ്ചമായി വിരിയും ഞാന്‍ പിന്നെ
സ്‌നേഹമാം സൗരഭ്യം പാരാകെ പരത്തും ഞാന്‍ അമൃതസരസ്സായിത്തീര്‍ന്നിടും ഞാന്‍ പിന്നെയാനന്ദ സാഗരത്തിലാറാടുംഞാന്‍
മരണത്തിനപ്പുറം കടക്കും ഞാന്‍
നിത്യജീവന്‍ പ്രാപിച്ചിടും ഞാന്‍
സ്വയം പ്രകാശമായിത്തീര്‍ന്നിടും ഞാന്‍
പിന്നെയജ്ഞേയത്തില്‍ ലയിച്ചിടും ഞാന്‍