നിത്യഹരിതസ്മരണകള്‍

താഴേക്കുനോക്കുമ്പോള്‍ കാണുന്നത് അഷ്ടമുടിക്കായല്‍……എട്ടുമുടികളുള്ള കായല്‍ ..നീലനിറത്തില്‍ ….ചുറ്റും കടുത്ത പച്ചപ്പ്‌ ..ഇടയ്ക്കിടെ ഇളം നിറത്തിലും …ഈ കായല്‍ തീരത്തിലാണ്എന്‍റെ വീട്. എട്ടുകെട്ടും പടിപ്പുരയും ഉള്ള എന്‍റെ വീട് .
ഈ കായല്‍തീരത്തിലൊക്കെ എന്നെ അമ്മ ഞാന്‍ അമ്മയെന്നു വിളിക്കുന്ന എന്‍റെ അമ്മുമ്മ ….വൈകുന്നേരങ്ങളില്‍ കാറ്റ് കൊള്ളാന്‍ കൊണ്ട് വന്നിരുന്നു. കൂടെ ..എന്‍റെ കൂ ടെ കളിക്കാനായി മാത്രം അമ്മ നിയോഗിച്ച മാധവനും . അന്ന് മാധവന് ഒരു പത്തുപന്ത്രണ്ട് വയസ്സു പ്രായം വരും. എന്‍റെ ഓര്‍മ്മകള്‍ തെളിഞ്ഞു വരുമ്പോള്‍ അമ്മയോടൊപ്പം തന്നെ മാധവനും ഉണ്ട്. ആറുവയസ്സുവരെ മാത്രമേ എനിക്ക് ആ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞൊള്ളു.
അച്ഛനെന്നെക്കാണാനിടക്കിടെ വന്നിരുന്നു വലിയ കാറില്‍. കൂടെ പരിചാരകരും ഒക്കെയായിട്ടാണ് അച്ഛന്‍ വരാറ് . അമ്മക്ക് അച്ഛന്‍ വരുന്നത് അത്ര ഇഷ്ടമായിരുന്നില്ല എന്ന് അവര്‍ തമ്മില്‍ കയര്‍ത്തു സംസാരിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാക്കിയിരുന്നു . പക്ഷെ അച്ഛന്‍റെ വരവ് എനിക്ക് വളരെ സന്തോഷപ്രദമായിരുന്നു . അച്ഛന്‍ എന്നെ കാറില്‍ ചുറ്റാനും ഒക്കെ കൊണ്ട് പോയിരുന്നു . ടോയിഷോപ്പിലും റെഡിമെയിഡ് ഷോപ്പിലും ഒക്കെകൊണ്ടുപോയി”മോനെന്തുവേണം മോനെന്തുവേണം”എന്നു ചോദിച്ചുകൊണ്ടെയിരിക്കും ചൂണ്ടി കാണിക്കുന്നതെല്ലാം വാങ്ങിത്തരും……പിന്നെയാ ദിവസം അച്ഛന്‍റെ കൂടെ വലിയ ഹോടല്‍ മുറിയില്‍ താമസം…..സുഖദമായ….തണുപ്പുള്ള മുറിയില്‍ ….പതുപതുത്ത മെത്തയില്‍…ഓള്‍ഡ് സ്പൈസിന്റെ മണമുള്ള അച്ചന്‍റെ നെഞ്ചോടു ചേര്‍ന്നുകിടക്കുമ്പോള്‍ ഞാനെന്നെതന്നെ മറന്നുപോയിരുന്നു…ആ കിടപ്പിലും ..ഒറ്റക്ക്…ഉറങ്ങാതെ………എന്നെയോര്‍ത്ത്
…നാമം ജപിച്ചു കിടക്കുന്ന അമ്മ എന്‍റെ മനസിന്‍റ കോണില്‍ നൊമ്പരം ഉണര്‍ത്തിയിരുന്നു . എന്നെച്ചൊല്ലി എന്തോ കേസോ വഴക്കോ ഒക്കെ നടക്കുന്നുണ്ടെന്ന് ചിലപ്പോള്‍ അമ്മയും അമ്മാവനും തമ്മിലുള്ള സംസാരത്തില്‍ നിന്നും ഞാനറിഞ്ഞിരുന്നു. അച്ഛന്‍ പറയും

”അച്ഛന് മോന്‍ മാത്രമേയുള്ളൂ മോനച്ഛന്‍റെ കൂടെ വന്നു താമസ്സിക്കില്ലേ?” അവിടുത്തെ സ്കുളില്‍ ചേര്‍ക്കാം അച്ഛനെന്നും കാറില്‍ ചുറ്റാന്‍ കൊണ്ടുപോകാം മോന്‍ പറയുന്നതെല്ലാം വാങ്ങിത്തരാം അച്ഛനൊറ്റക്കാകുമ്പോള്‍ മോനെയോര്‍ത്തു കരഞ്ഞു കരഞ്ഞിരിക്കും….മോനച്ഛന്‍റെ കൂടെ വന്നുതാമസിക്കില്ലേ………..കോടതിയില്‍ ചെല്ലുമ്പോള്‍ ജഡ്ജി ചോദിക്കും മോനച്ഛനെ വേണോ അമ്മയെ വേണോ എന്ന്‍ മോനച്ഛനെ വേണമെന്നു പറയണം എന്നിട്ട് മോനച്ഛന്റെ കൂടെ വരണം……..വരില്ലേ? “

” വരാം” എന്ന് പറയുമ്പോള്‍ അമ്മ പറയാറുള്ളത്‌ വേദനയോടെ ഓര്‍ത്തുപോകും.

“ഈ വലിയ വീട്ടില്‍…അമ്മക്കുമോനും മോനമ്മയും മാത്രമേയുള്ളൂ. മോനെ കണ്ടില്ലെങ്കില്‍ അമ്മ കരയും …..കരഞ്ഞു കരഞ്ഞു അമ്മ മരിച്ചുപോകും”

വല്യമ്മുമ്മ മരിച്ചതാണപ്പോള്‍ എന്‍റെ മനസിലേക്കോടിയെത്തുക. ആ പ്രായത്തിനിടയില്‍ ഞാന് ‍ക
ണ്ടിട്ടുള്ള ഒരേയൊരു മരണം. വലിയ നെടുംതൂശനിലയില്‍ കണ്ണുകളടച്ച് ഭസ്മം തൊട്ട് കഴുത്തുവരെ കസവ് നേര്യതു പുതച്ചു കത്തിച്ചു വച്ച നിലവിളക്കിനുതാഴെ കിടന്നു വല്യമ്മുമ്മ . പിന്നെ എല്ലാവരും കൂടി വല്യമ്മുമ്മയെ താങ്ങിയെടുത്ത് പറമ്പിന്‍റെ ഒരു കോണില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞു. അങ്ങിനെ ആളുകള്‍ അമ്മയെയും കത്തിച്ചു കളയില്ലേ ?….വേണ്ടാ …അമ്മയെ വിട്ടിട്ട് ..എങ്ങും പോകണ്ടാ …അച്ചനോട് അങ്ങിനെ പറഞ്ഞെങ്കിലും അമ്മയെ വിട്ട് എങ്ങും പോകാനാവില്ല …അമ്മ മരിക്കാന്‍ പാടില്ലാ ….

ഒരു ദിവസം വീട്ടില്‍ ആളുകളൊക്കെ കൂടി ബന്ധുക്കളും വേണ്ടപെട്ടവരും എല്ലാം….
എല്ലാവരും കൂടി അമ്മയെ താങ്ങിഎടുത്തു ആസ്പത്രിയില്‍ കൊണ്ടു പോയി ..ആസ്പത്രിയിലെ ക്കുപോകുമ്പോഴും അമ്മ എന്‍റെ കയ്യിലെ പിടി വിട്ടിരുന്നില്ല . പിന്നെ അമ്മാവന്‍ വന്ന് ‍കൈ വിടുവിച്ചു . അമ്മാവന്‍ എന്നും എന്നെ ആസ്പത്രിയില്‍ കൊണ്ടുപോയി അമ്മയെക്കാണിച്ചു . അമ്മ വളരെ ക്ഷീണിതയായിരുന്നു…എന്നെക്കാണുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണുനീരില്‍ നനഞ്ഞ ചുംബനങ്ങള്‍ കൊണ്ടെന്നെ മൂടി …എന്നിട്ട് അമ്മാവനോടു പറഞ്ഞു എന്‍റെ അച്ഛനെ കാണണമെന്ന്. അച്ഛന്‍ വന്നപ്പോള്‍ എന്താണമ്മ പറഞ്ഞതെന്നറിയില്ല .അന്ന് ഏറെ മയമുള്ള..പതിഞ്ഞ ശബ്ദത്തിലാണ്‍ അമ്മ അച്ഛനോടു സംസാരിച്ചത് . എന്നിട്ട് അമ്മ എന്‍റെ കൈ പിടിച്ച് അച്ഛന്‍റെ കയ്യില്‍ വച്ചു കൊടുത്തുകൊണ്ടു പറഞ്ഞു “മോന്‍റെ അച്ഛന്‍ നല്ല അച്ഛനാ …മോനച്ഛന്‍റെ കൂടെ പോകണം …അമ്മ സുഖമായിട്ടു വീട്ടില്‍ ‍വന്നിട്ട് മോനെ ഇങ്ങു കൊണ്ടു വരാം”എന്നു പറഞ്ഞമ്മ പൊട്ടി പൊട്ടിക്കരഞ്ഞു . അന്നു രാത്രിയില്‍ ഞാനും അച്ഛനും ആസ്പത്രിയില്‍ തന്നെ താമസിച്ചു . അതി രാവിലേ അച്ഛനെന്നെയുനര്‍ത്തി “എന്നാലിനി നമുക്കു പോകാം ……രണ്ടു ദിവസം കഴിഞ്ഞു വരാം “എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അമ്മയുടെ മുറിയിലേക്കെത്തി നോക്കി ……ഒന്നു പറഞ്ഞിട്ടു പോകാന്‍ വേണ്ടി . അമ്മ ഉറങ്ങുന്നു ഓക്സിജന്‍ ട്യൂബും മറ്റും മാറ്റിയിരിക്കുന്നു ..അപ്പോള്‍ അസുഖം കുറഞ്ഞു കാണും . ഒന്നു പറഞ്ഞിട്ടു പോകാം എന്നു കരുതി ഞാന്‍ കട്ടിലിനടുത്തെക്കു പോകുമ്പോള്‍ അച്ഛന്‍ വന്നെന്‍റെ കൈ പിടിച്ചു.

“അമ്മ ഉറങ്ങിക്കോട്ടെ …ഉണര്‍ത്തണ്ടാ ….നമ്മള്‍ രണ്ടു ദിവസം കഴിഞ്ഞിങ്ങു വരുമെല്ലോ “
എന്നു പറഞ്ഞെന്നെയും കൂട്ടി കാറില്‍ വന്നിരുന്നു . ഞങ്ങളുടെ കാറിന്‍റെ പിന്നാലെ ഒരു ആം ബുലെന്‍സ്‌ വരുന്നതും ഞാന്‍ കണ്ടു . പിന്നെ ഞാന്‍ അമ്മയെ കണ്ടിട്ടില്ല ….ഈ വീട്ടില്‍ വന്നിട്ടും ഇല്ല . ഒരാറു വയസുകാരന്‍റെ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്ന സ്നേഹത്തിന്‍റെ പ്രതീകമായ …അമ്മ പിന്നെന്നോ ഞാനറിഞ്ഞു അമ്മ മരിച്ചുപോയി എന്ന്….ഞാനേകനാണെന്ന് ….
പിന്നെ ഈ നാടിനേക്കുറിച്ചും വീടിനെ കുറിച്ചും ഉള്ള ഓര്‍മകളെല്ലാം കണ്ണുനീരില്‍ കുതിര്‍ന്നതായിരുന്നു .ഞാനതെല്ലാം മറക്കാന്‍ ശ്രമിച്ചു. എങ്കിലും ചില ഏകാന്ത നിമിഷങ്ങളില്‍ അതെന്നെ വേദനിപ്പിക്കുന്നു . ഇപ്പോള്‍ കേരളം കാണാണമെന്നും എന്‍റെ വീടുകാണണമെന്നൊക്കെ ക്രിസ്റ്റിനാക്കും എന്‍റെ മകന്‍ സ്റ്റിവിനും മോഹം . അതിനു വേണ്ടിയാണിപ്പോള്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ക്രിസ്റ്റിനയും സ്റ്റീവും ഒത്ത് ഇവിടെ വന്നത്.
ഇപ്പോള്‍ തോന്നുന്നു വരേണ്ടിയിരുന്നില്ലയെന്ന്. ‍ വീടിരുന്ന സ്ഥലത്ത്‌ ഒരു ബഹുനില ഫ്ലാറ്റ്‌ ……വിശാലാമായ എട്ടര ഏക്കര്‍ സ്ഥലത്ത് പിന്നെയും ഫ്ലാറ്റുകളും ഹോട്ടലുകളും ….എന്‍റെ കാഴ്ച മങ്ങുന്നതു പോലെ …നിമിഷനേരം കൊണ്ട് ആ കാഴ്ചകളെല്ലാം എന്‍റെ കണ്‍മുന്നില്‍ നിന്നും മാഞ്ഞു പോയി …ഞാന്‍ കാണുന്നത് ..അമ്മയെന്നെ കാറ്റ് കൊള്ളാന്‍
കൊണ്ടുവരുന്ന കായല്‍ത്തീരം …ഒറ്റയടിപാതയോരത്ത്‌ പൂത്തുലഞ്ഞു നില്‍ക്കുന്ന ശവം നാറി പൂക്കള്‍ ..അങ്ങിങ്ങ് നില്‍ക്കുന്ന കാട്ടുപോന്തകള്‍ ..ഇടതോടുകള്‍ കായലിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കണ്ടല്‍ചെടികള്‍…എന്‍റെ കൈപിടിച്ചിരിക്കുന്ന‍ അമ്മയുടെ കൈയിലെ ചൂടും കവിളിലുടെ ഇറ്റ്‌ വീഴുന്ന കണ്ണുനീരിന്‍റെ ചൂടും ഞാനറിയുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here