നിസ്സങ്കര സാവിത്രി

 

 

 

 

 

കോവിഡ് മഹാമാരിക്കാലത്ത് പല തവണയായി ക്വാറന്റൈനിൽ കഴിയേണ്ടി വന്നിട്ടുണ്ട്. അത്തരം ദിവസങ്ങളിൽ കുറെ സിനിമകൾ കാണാൻ സാധിച്ചു. അതിൽ നല്ലതും കണ്ടിരിക്കാൻ പറ്റുന്നതും മഹാ അബദ്ധങ്ങളും ഒക്കെയുണ്ട്.

2018 ൽ ഇറങ്ങിയ ഒരു സിനിമ, ഒരിക്കൽ പോലും കാണണം എന്ന് എനിക്ക് തോന്നാതിരുന്നൊരു സിനിമ, ഒരു ബിയോപിക്, ഈ അടുത്ത ദിവസം കണ്ടു. സാധാരണ ബയോപിക്കുകളിലെ സ്ഥിരം ഫോർമുല തന്നെയാവും എന്ന മുൻവിധിയോടെ മുൻപ് കാണാതിരുന്നത് നഷ്ടം ആണെന്ന് തോന്നി.

പറഞ്ഞു വരുന്നത് അശ്വിന്‍ നാഗിന്റെ ദക്ഷിണേന്ത്യൻ നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ” മഹാനടി'” എന്ന സിനിമയെ കുറിച്ചാണ്. സാവിത്രി എന്ന നടിയെ കുറിച്ച് പേര് കേട്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് വലിയ അറിവ് ഉണ്ടായിരുന്നില്ല, സിനിമ കണ്ടതിനു ശേഷം അവരെ കുറിച്ചാണ് ചിന്തിച്ചത്.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഒരിക്കൽ പോലും ബോറടിപ്പിക്കാതെ ഒരു സിനിമ, സാവിത്രിയായി കീർത്തി സുരേഷ് മികച്ച പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. കഥാപാത്രത്തോട് തികച്ചും സത്യസന്ധത പുലർത്തി. തമിഴകത്തിന്റെ കാതൽ മന്നൻ ജമിനി ഗണേശനായി ദുൽഖർ സൽമാനും മികച്ച അഭിനയം തന്നെ ആണ് കാഴ്ചവെച്ചത്. മധുരവാണിയായി സാമന്ത അക്കിനേനിയും ചക്രപാണിയായി പ്രകാശ് രാജും ചൗധരിയായി രാജേന്ദ്ര പ്രസാദും തങ്ങളുടെ റോളുകൾ മികവുറ്റതാക്കി.

നാഗേശ്വര റാവുവായി അദ്ദേഹത്തിന്റെ ചെറുമകൻ നാഗ ചൈതന്യ ആണ് എത്തുന്നത്. സാക്ഷാൽ എൻ ടി ആർ മോഷൻ പിക്ചർ ഗ്രാഫിക്സ് വഴി എത്തുന്നുണ്ട്.

ഒരു നല്ല സിനിമ, സിനിമക്ക് ശേഷം എന്തായാലും സാവിത്രി നമ്മുടെ മനസ്സിൽ ഇന്ന് അത്ര പെട്ടെന്ന് ഇറങ്ങിപോകില്ല.

നിസ്സങ്കര സാവിത്രി – 1935 ഡിസംബർ 6 ന് ജനിച്ചു 1981 ഡിസംബർ 26 ന് മരണത്തിന് കീഴടങ്ങിയ ഒരത്ഭുത പ്രതിഭാസം. കേവലം 46 വയസ്സും 20 ദിവസവും ( 18 മാസത്തോളം കോമയിൽ ആയിരുന്നു ) മാത്രം ജീവിച്ച ഒരു മികച്ച കലാകാരി.

ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ജനിച്ചു ചെറിയ പ്രായത്തിലെ അച്ഛൻ നഷ്ടപ്പെട്ട ഒരു പെൺകുട്ടി, അമ്മയുടെ സഹോദരന്റെ സംരക്ഷണത്തിൽ ആണ് സാവിത്രി വളർന്നത്. അമ്മാവന്റെ പ്രോത്സാഹനത്തിന്റെ ഭാഗമായി നൃത്തം പഠിക്കാൻ പോയവൾ, നൃത്തം തനിക്ക് പറ്റില്ലെന്ന് പറഞ്ഞ ഗുരുവിനെ കൊണ്ട് തന്റെ മികച്ച ശിഷ്യയാണ് സാവിത്രി എന്ന് തിരുത്തി പറയിച്ചവൾ. നൃത്ത നാടകത്തിൽ നിന്ന് സിനിമയിലേക്ക് ചേക്കേറാൻ പോയപ്പോൾ പരിഹാസവും അവഗണയും ഏറ്റുവാങ്ങേണ്ടി വന്നവൾ. 12 ആം വയസ്സിൽ നായികാ ആകാൻ പോയിട്ട് അഭിനയം ശരിയാകാത്തത് കൊണ്ട് തിരിച്ചു പോരേണ്ടി വന്നവൾ.

എന്തിനോടൊക്കെ പൊരുതികൊണ്ടായിരിക്കും ആ കാലത്ത് ആ സാവിത്രി ഉയർന്നു വന്നിട്ടുണ്ടാകുക ?

ഇച്ഛാശക്തി കൊണ്ട് തനറെ സ്ഥാനം സിനിമയിൽ നേടിയെടുത്ത ആളാണ് സാവിത്രി, ഒരിക്കൽ പരിഹസിച്ചു ഇറക്കി വിട്ടവരെ കൊണ്ട് മികച്ച അഭിനേത്രി എന്ന് പലവട്ടം പറയിപ്പിച്ചു.

തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം സിനിമകളിൽ അഭിനയിച്ചു. “ചിവരാകു മിഗിലെഡി ” എന്ന തെലുങ്കു സിനിമയിലെ അഭിനയത്തിന് 1960 ൽ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു. 1968-ൽ സാവിത്രി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ” ചിന്നരി പപലു ” എന്ന തെലുങ്കു സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാർഡ് ലഭിച്ചു. അർദ്ധാംഗി(1955), തോടി കൊഡലു (1957), മായാബസാർ(1957), മംഗല്യബലം (1958), മൂഗ മനുസുലു (1963), ഡോക്ടർ ചക്രവർത്തി (1964), വരകാട്ണം (1968) എന്നിവയൊക്കെ സാവിത്രിയ്ക്ക് വിവിധ അവാർഡുകൾ നേടികൊടുത്ത സിനിമകളാണ്.

തമിഴകത്തിന്റെ കാതൽ മന്നൻ ജെമിനി ഗണേശനുമായുള്ള പ്രണയം, പിന്നെ വിവാഹം- ജമിനി ഗണേശന് ഭാര്യയും കുഞ്ഞുങ്ങളും ഉണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ആയത്, സാവിത്രി – ഗണേശൻ ദമ്പതികൾക്ക് രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. വിവാഹ ശേഷമാണ് ആദ്യ ഭാര്യ അലമേലുവിനെ കൂടാതെ പുഷ്പവല്ലി എന്നൊരു ഭാര്യ കൂടി ഉണ്ടെന്ന് സാവിത്രി അറിയുന്നത്.

ഗണേശനുമായുള്ള കലഹവും വേർപിരിയലും സാമ്പത്തിക പ്രശ്നങ്ങളും സാവിത്രിയെ മദ്യത്തിന് അടിമയാക്കി.

സഹായം അഭ്യര്ഥിച്ചെത്തുന്നവർക്ക് തന്നാൽ ആവുന്ന സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്തിരുന്ന ആളായിരുന്നു സാവിത്രി. സാവിത്രിയുടെ കൂടെ ഉണ്ടായിരുന്ന ചിലർ സാമ്പത്തികമായി അവരെ വഞ്ചിച്ചു, നിർമ്മിച്ച സിനിമകളിൽ ചിലത് സാമ്പത്തിക പരാജയം ആയി, ഇതൊക്കെ മദ്യത്തിൽ അഭയം കണ്ടെത്താൻ കാരണം ആയി.

സാവിത്രിയുടെ മനുഷ്യത്വവും ദയാവായ്‌പും അക്കാലത്ത് ആന്ധ്രയിലും തമിഴ്‌നാട്ടിലും സിനിമ ലോകത്തിനപ്പുറം സാധാരണക്കാർക്ക് പോലും സുപരിചിതമായിരുന്നു. ഈ മഹാമാരികാലത്ത് സാവിത്രിയെ കുറിച്ചെഴുതുമ്പോൾ ഇത് പറയാതെ പോകുന്നത് എങ്ങിനെ ?

അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെ സന്ദർശിക്കാൻ പോയ സാവിത്രി താൻ ധരിച്ചിരുന്ന മുഴുവൻ ആഭരണങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

നർത്തകി, നടി, ഗായിക, സംവിധായിക, നിർമ്മാതാവ് അങ്ങിനെ സിനിമയിൽ പല മേഖലയിലും സാവിത്രി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. അന്നത്തെ കാലത്ത് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ഇത്തരത്തിൽ ഒരു വനിത ഉണ്ടായിരുന്നോ എന്നറിയില്ല. അന്നത്തെ കാലത്ത് തന്റെ ജീവിത സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പൊരുതിയാണ് അഭിനേത്രി ആയ സാവിത്രി ഉയർന്നു വന്നത്, പക്ഷെ കാലം അവരെ കൊണ്ട് ചെന്നെത്തിച്ചത് മറ്റൊരു ഗതിയിലേക്കായിരുന്നു.
മികച്ച കലാകാരിയായ സാവിത്രി തന്റെ 46 ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.

മഹാനടി പട്ടം നേടിയ ആ വലിയ കലാകാരിക്ക് ആദരം അർപ്പിക്കുന്നു.

നിസ്സങ്കര സാവിത്രിയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേരണയായ മഹാനടി സിനിമയുടെ സംവിധായകൻ അശ്വിൻ നാഗിനും അണിയറ പ്രവർത്തകർക്കും സ്നേഹാഭിവാദ്യങ്ങൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here