കടമകളുടെ
കടബാധ്യതകളുടെ
ചങ്ങലക്കൊളുത്തുകൾ
നീറുന്ന മുറിവ് തലോടി
ഒന്നും തിരയാതെ ചേർത്തരികിൽ
ക്രമേണ കൂടുതൽ
നിന്നിലേയ്ക്ക് അടുപ്പിച്ചപ്പോൾ
നിന്റെ തീവ്രപ്രണയമാണെന്ന്
ഞാൻ തെറ്റിദ്ധരിച്ചു.
നിന്റെ ചുംബനച്ചൂടിൽ
എന്റെ കണ്ണീർപ്പാടുകൾ മായവേ
വിലയ്ക്കെടുത്ത അടിമയെപ്പോലെ
എന്തോ, നിത്യവും ഞാൻ
നിനക്കു കീഴടങ്ങിക്കൊണ്ടിരുന്നു.
ആരോടും മിണ്ടാത്തതും
ഏറ്റവും വിരൂപയായിരിക്കുന്നതും
നിനക്കേറെയിഷ്ടം എന്നറിഞ്ഞപ്പോൾ
അതു നേടാനായി എന്റെ ശ്രമം
എന്റെ ചുണ്ടിലെരിയും ലഹരി
നുണഞ്ഞ് പുകമറയ്ക്കുള്ളിലിരുന്ന്
നീ നൃത്തമാടിയപ്പോൾ
ഞാൻ കൂടുതൽ ഉന്മാദിനിയായ്.
പല്ലിളിക്കും കൂരിരിളിനു
പാതി ബോധം പകുത്തു നൽകി
പൊട്ടക്കിണറ്റിലെ മൗനഗർഭത്തിൻ
പൊട്ടിച്ചിരി കേൾപ്പിച്ചതും
കയറിന്റെ തുമ്പത്തെ ഠ വട്ടത്തെ
പലവട്ടം ഓർമ്മിപ്പിച്ചതും നീ തന്നെ.
ഏതോ മുജ്ജന്മ സുകൃതബോധത്തിൻ
നേരിൻ മിന്നലിൽ തിരിച്ചറിഞ്ഞു
നിൻ വികൃത മനസ്സിനെ
സ്വാർത്ഥമാം കൊലച്ചിരിയെ
തൽക്ഷണം
കുടത്തെറിഞ്ഞു നിന്നെ ……..