നിറങ്ങൾ ജീവിതത്തോടു പറയുന്നത്

 

 

നിറങ്ങളിൽ
കാണുന്നത്
ജീവിതമെന്ന
വിഭിന്നരൂപങ്ങള്‍

നിറമില്ലാ-
കിനാവുകൾക്ക്
മരണത്തിന്റെ
തണുപ്പാണ്.

നിറങ്ങളിൽ
ചാലിച്ച
അടയാളങ്ങൾ
പതിവുകാഴ്ചകളും
വഴികാട്ടിയുമാകുന്നു.

നിറച്ചാർത്തിൽ
നാം നമ്മെ,
തിരിച്ചറിയുന്നു.

നിറങ്ങൾ
നമുക്കു ചുറ്റും
നൃത്തം ചെയ്യുന്നു,

മത്തുപിടിപ്പിക്കുന്നു,
പ്രണയം വിതയ്ക്കുന്നു
കൊല്ലാതെ കൊല്ലുന്നു
കൊത്തിയകറ്റുന്നു.

 

ചുവപ്പ്

ചോരയും
ഗുൽമോഹറും
ഉദയവും
അസ്തമയവും
പ്രണയവും
അപായവും.

 

കറുപ്പ്

 

മരണവും
ദു:ഖവും
ഇരുട്ടും
ഇടവഴികളും
കൊലക്കത്തിയും
കല്ലറകളും.

 

നീല

 

മേഘക്കീറും
ആകാശവും
ജലാശയവും
പൂക്കളും
കിളികളും.

 

വെള്ള

മുലപ്പാലും
വെളിച്ചവും
നിലാവും
ശവങ്ങളും
യക്ഷികളും

പച്ച

കൊടുങ്കാടുകളും
ഇലകളുടെ –
ചലനങ്ങളും
ജീവനും
പ്രകൃതിയും

നിഴലിനും
മുഖപടത്തിനും
നിറമെന്ത്?

ജീവിതത്തിന്റെ
നിറം ഏതെന്ന്
അറിയാതെ ഞാൻ ?

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here