ഓർമ്മയിൽ മൂന്നാം കുഴി,
നട്ടിടവഴി, പൂഴി
പാറിയ കളിക്കളം,
ഉരുളുന്നു നാം രണ്ടും;
പച്ച വർണ്ണത്തിൽ ചില്ലിൽത്തീർത്തതാം
ചെറുമുത്തിലശ്വമേധങ്ങൾ
വിരലാൽക്കളിക്കുമാക്കാലം,
കാണികളെറുമ്പുകൾ;
ചെറുപുൽച്ചാടി,
വിട്ടിൽ പ്രാണികൾ,
തുമ്പപ്പൂക്കൾ,കറുകക്കൂട്ടങ്ങളും;
കാണുവാനാകാംക്ഷയോടെത്തി –
നോക്കുന്നൂ….
മൂന്നാം കുഴിയിലരാണാദ്യം വീണതെന്നറിയുവാൻ
വെറ്റിലക്കൂട്ടിൽ കള്ളക്കളിയും
ചുവപ്പിച്ച
ചിരിയും ചവച്ചു
നീയെത്തി നിൻ *വട്ടും തട്ടി…
കാ*യടിക്കുവാൻ; നാലാം –
കുഴിക്കു പുറപ്പെടാനേ –
തുപോംവഴിയെന്നു ചിന്തയിലിറങ്ങവേ;
ഒരു ചാണകലത്തിലെത്തി നീ –
അങ്കത്തിനെന്മടയിൽ
മുതലവായ് വിരലാലകറ്റി ഞാൻ
വേദനിപ്പിച്ചു നിന്നെ ; ജയിക്കാൻ;
എല്ലാക്കുഴിക്കിടങ്ങുകളും –
താണ്ടി രാശി *യെ പ്രാപിക്കുവാൻ.
വീണ്ടുമീയേഴാംകുഴിക്കരികിൽ
വന്നൂ വട്ടക്കൺകളുമുരുട്ടിനീ;
മാഞ്ചുന മണം പേറി;
എട്ടിലേക്കടുക്കുന്നൊരെൻ –
വഴിതടുക്കുവാനെ-
ത്തി നോക്കുമെൻ വിജയത്തിനെ
വിരട്ടുവാൻ….
ഒന്നര മുഴം ദൂരേയ്ക്കകറ്റീ നിന്നെ
കഷ്ടം ചിന്നി നീ തകർന്നു പോയ്
പലതായ് പലവഴി…
രാശിയിലിന്നീക്കുഴിക്കുള്ളിൽ –
ഞാൻ വീണു കരകാണാതെയെത്ര-
യെത്രകാലമായേകാകിയായ്.,
ചുറ്റിനുമിരുൾ’, മേലേ വിണ്ണിലെക്കളിക്കളം;
ഒമ്പതാം കുഴിക്കരെ-
ച്ചിന്നിയ താരാജാലം
* വട്ട് – ഗോലി / ഗോട്ടി
* കാ-എതിരാളിയുമായുള്ള ആദ്യ അടി…. ഇതിൽ എതിരാളിയുടെ വട്ട് ഒരു ചാണെങ്കിലും ദൂരെ അടിച്ചകറ്റണം…. കാ ഉണ്ടെങ്കിലെ എട്ടാം കുഴി താണ്ടാനാവു…
* രാശി – ഒമ്പതാം കുഴി / വിജയം