സൂര്യനുദിക്കുന്നതിനുമുന്നെ മുട്ടിപ്പായി പ്രാർത്ഥിച്ചതിനു ശേഷം ജാൻസി എന്ന വീട്ടമ്മ നേരെ പോകുന്നത് അടുത്തുള്ള പള്ളയിലേക്കാണ്. പോകുന്ന വഴി പല വിശ്വാസികളേം കണ്ടു കർത്താവിനു സ്‌തോത്രം പറയുന്നു. അധികം ദൂരെ അല്ലെങ്കിലും വഴി അല്പം മോശമായതിനാൽ എപ്പോളും യഥാ സമയത്തുതന്നെ ദൈവാലയത്തിൽ എത്താറില്ല.
അപ്പോളാണ് തന്റെ സുഹൃത്ത് മേരി ആ വഴി നടന്നു വരുന്നത് കണ്ടത്.
ജാൻസി: “എടിയേ.. നീ ഇതെവിടെ പോകുവാ ?
മേരി: എന്റെ പൊന്നു ജാൻസി നീ ഇതൊന്നും അറിയുന്നില്ലേ? നമ്മുടെ കൊച്ചുപറമ്പിലേ തോമാച്ചായന്റെ വീട്ടിലെ കൊച്ചിന് ഭയങ്കരെ നെഞ്ചുവേദന. ലീന മരിച്ചതില്പിന്നെ അവരെ നോക്കാൻ ആരാ ആ വീട്ടിൽ ഉള്ളത്..നീ വാ.. നമുക്ക് അവിടെ പോകാം. അവർക്കൊരു സഹായമാവട്ടെ..
ജാൻസി: ഓ..ഞാൻ ഇല്ലെടി. ഇപ്പൊ തന്നെ കുർബാനക്ക് വൈകി. ഇനിം താമസിച്ചാൽ മുഴുവൻ കുർബാനയും കൂടാൻ പറ്റില്ല.
താല്പര്യമില്ലാതെ, തിടുക്കം വെച്ച് അവർ പള്ളയിലേക്കുപോകുന്നു. റോഡിൽനിന്നും കുറച്ചു മുകളിലാണ് ദൈവാലയം സ്ഥിതി ചെയുന്നത്.
ആ പാതയിൽ “ഇല്ലാത്തവന് കൊടുക്കാനും, പാവങ്ങളെ സഹായിക്കാനും” പറയുന്ന കർത്താവിന്റെ കുഞ്ഞാടുകളുടെ വരവും കാത്തു ഒരു യാചകൻ മനസുറപ്പിച്ചു നിന്നിരുന്നു.
50 രൂപ ദിവസവും പള്ളിക്കു നേർച്ച ഇടുന്ന ജാൻസിയെ നോക്കി ആ യാചകൻ തന്റെ കൈകൾ നീട്ടി നിന്നു.
അറപ്പുളവാക്കുന്ന മുഖഭാവത്തോടെ ജാൻസി തന്റെ സ്വരമുയർത്തി
“രാവിലെ ഇറങ്ങിക്കോളും ഇവറ്റകൾ കൈയ്യും നീട്ടി. അങ്ങോട്ടുമാറിനിക്ക് ”
കരങ്ങളടിച്ചും കയ്യുയർത്തിയും ദൈവ കീർത്തനം പാടുമ്പോൾ ജാൻസിയുടെ മനസ്സിൽ തനിക്കാവശ്യമായ കാര്യങ്ങളും തന്റെ വീട്ടുനടപ്പിനുള്ളതും മാത്രമായിരുന്നു.
ഈ ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവം സാധിച്ചുതരാൻ ഒരു കൈക്കൂലി എന്നപോലെ ഒരു ‘നേർച്ച’ നേരും.