നിങ്ങൾക്കും ഒരവാർഡ്..



 

 

 

വിദേശത്തു നിന്നുള്ള അവാർഡ് ക്ഷണം കണ്ടപ്പോൾ ആദ്യമൊന്ന് സംശയിച്ചു, ഇത് അവിടെ സ്ഥിരതാമസമാക്കിയവർക്ക് വേണ്ടിയുള്ളതാണോ. മുഴുവൻ വായിച്ചപ്പോൾ സംശയം മാറി. ഇത് ലോകമാകെയുള്ള എല്ലാ മലയാളി എഴുത്തുകാർക്കും വേണ്ടി സംഘടിപ്പിച്ചിരിക്കുന്നതാണ്. ഏതായാലും സംഘാടകർ അത്ര സങ്കുചിത ചിന്താഗതിക്കാരൊന്നുമല്ല. ആഗോളതലത്തിൽ തന്നെ ചിന്തിക്കുന്ന വിശാല മനസ്ക്കരാണല്ലോ അതിന് ആദ്യം തന്നെ വിശാലമായ ഒരു നമസ്കാരം കൊടുത്തേക്കാം….

അടുത്ത സംശയം എങ്ങനെ പുസ്തകം അയച്ചു കൊടുക്കും എന്നതായിരുന്നു. അവർ കൊടുത്തിരിക്കുന്ന വിദേശ അഡ്രസ്സിൽ അയച്ചാൽ പറഞ്ഞ തീയതിക്കു മുമ്പ് കിട്ടുമെന്ന് ഉറപ്പില്ല. ആകെക്കൂടി ബന്ധപ്പെടാനുള്ളത് അവരുടെ ഇ മെയിൽ വിലാസത്തിലാണ്. അതിൽ സംശയം ചോദിച്ചപ്പോൾ ഉടൻ വന്നു മറുപടി. നാട്ടിലൊരു വിലാസം തരാം, അതിലയച്ചു കൊടുത്താൽ മതി. കൊള്ളാം, ഒന്നാലോചിച്ചാൽ എന്തിനാണ് ഒരു പരിഹാരമില്ലാത്തത്?

ഏതായാലും പുസ്തകമൊക്കെ അയച്ചു കൊടുത്തു. പിന്നെ കാത്തിരിപ്പായി.. കഷ്ടകാലം നോക്കണേ, അപ്പോഴാണ് കൊറോണയുടെ ഒന്നാം വരവ്..
എല്ലാവരും പറഞ്ഞതു പോലെ ചൈനക്കാർ കണ്ടുപിടിച്ചിട്ടുള്ള മറ്റെല്ലാ സാധനങ്ങളും ഡ്യൂപ്പാണെങ്കിലും കൊറോണ വൈറസിന്റെ കാര്യത്തിൽ അവർ ലോകത്തെ തന്നെ തോൽപ്പിച്ചു കളഞ്ഞു. അത്രയും ഗവേഷണ നിരീക്ഷണം നടത്തിയാണ് പോലും ഇത് കണ്ടു പിടിച്ചത്.

എന്റെ പൊന്നു ചൈനാക്കാരാ,ഈ ഗവേഷണം നിങ്ങളുടെ മറ്റ് വല്ല കണ്ടു പിടിത്തങ്ങൾക്കുമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ എന്തെല്ലാം ഒറിജിനൽ സാധനങ്ങൾ ലോകത്തിന് കിട്ടിയേനെ.


വെറുതെ ചവച്ചു കൊണ്ടു നടക്കുന്നവന് മുറുക്കാൻ കിട്ടിയാൽ പറയേണ്ടതുണ്ടോ എന്ന് ചോദിച്ചതു പോലെയായി കാര്യങ്ങൾ. എങ്ങനെയെങ്കിലും അവാർഡ് പ്രഖ്യാപനം നീട്ടി വെക്കാൻ കാത്തിരുന്നവർക്ക് കൊറോണ കൂടി കിട്ടിയാലോ?ആദ്യ ഘട്ടം കഴിഞ്ഞു ആളൊകളൊക്കെ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ന്യായമായും വിശ്വസിച്ചു, അവാർഡ് പ്രഖ്യാപനം ഉടനുണ്ടാകും. തിരക്കിയപ്പോഴും മറുപടി അങ്ങനെ തന്നെ’’ സാറേ ഉടനുണ്ടാകും’’ . പറഞ്ഞു പറഞ്ഞു രണ്ടാം ഘട്ടം തുടങ്ങും വരെ ഉടനെ പ്രഖ്യാപിക്കുംഎന്ന മറുപടി ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു.
പിന്നെ വീണ്ടും കോവിഡു കാരണം ഇനിയും നീളും എന്ന മറുപടി.

’’അല്ല,സാറേ,ഇടയ്ക്ക് പ്രഖ്യാപിക്കാൻ സമയമുണ്ടായിരുന്നല്ലോ..’’എന്ന് ചോദിച്ചപ്പോൾ വന്നു മറുപടി.

’’സാറേ,ആരെങ്കിലും കരുതിയോ ഇങ്ങനെ രണ്ടാം തരംഗം വരുമെന്ന്..ഏതായാലും സാറ് ഇത്രയും ക്ഷമിച്ചില്ലേ, അൽപം കൂടി ക്ഷമിക്ക്. ഇത് നമ്മുടെ ആരുടെയും കുറ്റമല്ലല്ലോ..’’


ശരിയാണ്,ആരുടെയും കുറ്റമല്ല. എവിടെയെങ്കിലും അവാർഡിന് അപേക്ഷ ക്ഷണിച്ചു എന്ന് കേൾക്കുമ്പോൾ സൃഷ്ടികളും പുസ്തകങ്ങളും അയക്കാനിരിക്കുന്ന നമ്മുടെത് തന്നെ കുറ്റം. എത്ര പറ്റിയാലും പിന്നെയും പിന്നെയും അബദ്ധങ്ങളിൽ പോയി വീഴുന്ന അതിബുദ്ധിമാൻമാരായ മണ്ടൻമാരാണല്ലോ നമ്മൾ മലയാളികൾ. മുമ്പ് ഇങ്ങനെയൊരു അവാർഡിന് പുസ്തകം ക്ഷണിച്ചപ്പോൾ അയച്ചതും അതിനിടയിൽ ഓർത്തു പോയി. പ്രഖ്യാപനം വന്നപ്പോൾ വലിയ സന്തോഷമായി എനിക്ക് അവാർഡ്. വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു. വാട്സ് ആപ്പിലും ഫെയ്സ് ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്തു. അഭിനന്ദന പ്രവാഹം കൊണ്ട് ഇരിക്കപ്പൊറുതി കിട്ടിയില്ല. നാടു നീളെ സ്വീകരണങ്ങൾ. അവാർഡ് ഏറ്റു വാങ്ങിയില്ലെന്താ, അതിനു മുമ്പേ സ്വീകരണങ്ങളുടെ ഘോഷയാത്ര.

ഡൽഹി ആസ്ഥാനമായുള്ള ഒരു സംഘടനയുടെ കേരള ഘടകത്തിന്റെ പേരിലാണ് അവാർഡ്. ഡൽഹിയിൽ വെച്ചാണത്രേ അവാഡ് വിതരണം.  അവിടെ പോകാനുള്ള കാര്യങ്ങൾ ആലോചിക്കാൻ എത്തണമെന്ന് അറിയിച്ചപ്പോൾ ഓടിപ്പിടിച്ച് പറഞ്ഞ സ്ഥലത്തെത്തി. നോക്കുമ്പോൾ ഒരു ചെറിയ തൃശൂർ പൂരത്തിനുള്ള ആളുണ്ടവിടെ. സ്ഥലം മാറിപ്പോയോ എന്ന സംശയത്തോടെ തിരക്കിപ്പിടിച്ചു ചെന്നപ്പോഴാണ് അറിയുന്നത്. എല്ലാവരും അവാർഡ് ജേതാക്കളാണ്. ഒരു ജില്ലയിൽ പത്തു പേർക്ക് വീതമാണ് അവാർഡ് കൊടുത്തിരിക്കുന്നത്. ഒരു ജില്ലയിലെ ഏറ്റവും നല്ല കഥ, കവിത, ലേഖനം, നൃത്തം, ഓട്ടന്തുള്ളൽ തുടങ്ങി ഒന്നുമില്ലെങ്കിൽ സമഗ്ര സംഭാവന. അങ്ങനെ പോകുന്നു അവാർഡ് കിട്ടിയവരുടെ ലിസ്റ്റ്.

എല്ലാവരും ഡെൽഹിക്ക് പോകാനുള്ള കാര്യങ്ങൾക്ക് വന്നിരിക്കുകയാണ്. അതിനിടയിൽ സെക്രട്ടറിയോട് ചോദിച്ചു പോയി

’’സാറേ ഇത്രയും പേർ അവാർഡ് കിട്ടിയവരാണോ..’’

‘’അതെ സുഹൃത്തെ, ഡൽഹിയിൽ വെച്ചല്ലേ അവാർഡ് വിതരണം, ഒരു ബോഗിയ്ക്കുള്ള ആളെങ്കിലും ഉണ്ടെങ്കിലേ നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇളവ് കിട്ടൂ.’’

അന്തം വിടാതെന്തു ചെയ്യാൻ?. ട്രെയിനിൽ ആളെ തികയ്ക്കാൻ ഒരു ബോഗി അവാർഡ് ജേതാക്കൾ!. അതും ട്രെയിൻ ചാർജ്ജും മറ്റു ചെലവുകളുമൊക്കെ പാവം ഹതഭാഗ്യനായ അവാർഡ് ജേതാവ് തന്നെ വഹിക്കണം. അങ്ങനെ കയ്യിലിരിക്കുന്ന കാശും മുടക്കി വണ്ടി പിടിച്ചു പോയി അവാർഡ് വാങ്ങണ്ട എന്ന് തീരുമാനിച്ച് അടുത്ത വണ്ടിക്ക് ഞാൻ തിരിച്ചു വീട്ടിലേക്ക് പോന്നു.

അതിന്റെ നിരാശയിലിരിക്കുമ്പോഴാണ് വിദേശത്തു നിന്നുള്ള ഈ അവാർഡിന്റെ ക്ഷണം കാണൂന്നത്. കിട്ടിയാൽ ഒരു വിദേശ യാത്രയുമായി, ഒത്താൽ ഒരു യാത്രാ വിവരണവുമൊക്കെ എഴുതിക്കളയാം എന്ന് വിചാരിച്ചാണ് അയച്ചത്. കൊല്ലം ഒന്നരയായിട്ടും ഇതു വരെ പ്രഖ്യാപനം വന്നിട്ടില്ല .കൊറോണയാകട്ടെ ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു. അവാർഡ് പ്രഖ്യാപനമാകട്ടെ ആദ്യഘട്ടത്തിൽ തന്നെ നിൽക്കുകയാണ്.അതിന് ഇതുവരെ വകഭേദമൊന്നും വന്നതായി കാണുന്നില്ല. ആദ്യമൊക്കെ അന്യേഷണങ്ങൾക്ക് കൃത്യമായി മറുപടിയെങ്കിലും കിട്ടിയിരുന്നു, ഇപ്പോൾ അതുമില്ല. അവാർഡ് തന്നില്ലെങ്കിലും വേണ്ട, അയച്ചു കൊടുത്ത പുസ്തകമെങ്കിലും തിരിച്ചു തന്നാൽ മതിയായിരുന്നു. പണ്ട് മഹാകവി കുമാരനാശാൻ എഴുതിയതിന് ഒരു പാഠഭേദമാകാമെങ്കിൽ

‘’ആരറിയുന്നു,അവാർഡ് തൻ ത്രാസ് പൊങ്ങുന്നതും താനേ താണു പോകുന്നതും..’’

ഏതായാലും അവാർഡ് പ്രഖ്യാപനം ഏകദേശം എന്നുണ്ടാകുമെന്നറിയാൻ വല്ല ജ്യോതിഷികളെയും കാണണോ അതല്ല കാലാവസ്ഥാ പ്രവചനക്കാരെ കണ്ടാൽ മതിയോ എന്ന സംശത്തിലാണ് ഇപ്പോൾ ഞാൻ..





അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമോഡിഫിക്കേഷനില്ലാത്ത ജെറ്റുകൾ
Next articleഭീകരതയും ഇസ്ലാമോഫോബിയയും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here