നിങ്ങൾ നിരീക്ഷണത്തിലാണ്

fb_img_1511340016832

ചന്ദ്രമതിയുടെ പുതിയ കഥാസമാഹാരം പുറത്തിറങ്ങി.എഴുത്തിൽ സ്ത്രീപക്ഷം എന്നതിനപുറം മാനുഷികമായ ഒരു ആഴം കൂടി അവകാശപ്പെടാവുന്നവയാണ് അവരുടെ രചനകൾ.എന്നാൽ സ്ത്രീ എന്ന തന്റെ സ്വത്വത്തെ തിരിച്ചറിയുകയും പുരുഷകേന്ദ്രീകൃതമായ സാമൂഹികാവസ്ഥയിൽ അവളുടെ അതിജീവനവും,വിജയവും അടയാളപ്പെടുത്തുകയും ചെയ്യുന്നതിൽ ഈ കഥാകാരി ശ്രദ്ധാലുവാണ്.

പുസ്തകത്തിൽ കഥാകാരി തന്നെ എഴുതിയ സ്വാഗതക്കുറിപ്പ്:

“നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന പുസ്തകം എന്റെ കഥകളുടെ പത്താമത്തെ സമാഹാരമാണ്.2012ൽ രത്‌നാകരന്റെ ഭാര്യ എന്ന സമഹാരത്തിനു ശേഷം ഒരു നിഷ്ക്രിയത എന്റെ എഴുത്തിനെ ബാധിച്ചു.കഥയെഴുത്തിനെ മാത്രം. വായന ഒരു തടസ്സവുമില്ലാതെ തുടർന്നു.സെമിനാറുകളും ചർച്ചകളും പ്രഭാഷങ്ങളും തുടർന്നു.ദ്യുതിമോൾക്കു പറഞ്ഞു കൊടുക്കുന്ന കഥകൾ ബാലസാഹിത്യ രചനകളായി വന്നു.പക്ഷെ മറ്റു കഥകൾ ഉള്ളിൽ വിരുന്നുവന്നപ്പോഴോക്കെ “ഒ എന്തിന് എന്ന ഒരു സ്വയം  ചോദ്യത്തിൽ തട്ടി അവ മടങ്ങിപ്പോയി.അപ്പോഴാണ് 2015ൽ അപ്രതീക്ഷിതമായി ജീവിതം വീണ്ടും ഒരു കനൽപ്പാലത്തിലെത്തിയത്.boop എന്ന വൈറൽ ന്യൂമോണിയ ബാധിച്ച് ശ്വാസമെടുക്കാനാവാതെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പിടഞ്ഞ നാളുകൾ .മരണം പലതവണ അടുത്തു വന്നു.ഒൻപത് ജന്മങ്ങളുള്ള പൂച്ച അതിനെയൊക്കെ മറികടന്നു.ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ കഥകളും കൂടെ വന്നു.”സുഖമായില്ലേ” കഥകൾ ചോദിച്ചു. “ഐസിയൂവിൽ ഞങ്ങൾ കൂടെയുണ്ടായിരുന്നു”.ശരിയാണ് ആശുപത്രിയിൽ ലഭിച്ച സ്നേഹം ചന്ദ്രമതി കഥകൾക്ക് കൂടി അവകാശപ്പെട്ടതായിരുന്നു.”

                                            ചന്ദ്രമതി

fb_img_1511339947435

പുസ്തകത്തെക്കുറിച്ചു കവിയും ,നോവലിസ്റ്റുമായ കരുണാകരന്റെ കുറിപ്പ് താഴെ വായിക്കാം:

“എല്ലാ കഥയെഴുഴുത്തുകാരെയും ഒരിക്കല്‍ തങ്ങളില്‍ നിന്നും വിട്ടുപോയ കഥപറച്ചിലുകാര്‍ സന്ദര്‍ശിക്കുന്നു, തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറുന്ന ഓര്‍മ്മപോലെയൊ മനുഷ്യസഹജമായ ഒരാംഗ്യം തെറ്റാതെ തുടരുന്നപോലെയൊ ‘പറച്ചിലിന്റെ’ ഒരടയാളം അങ്ങനെ ഓരോ ‘എഴുത്തിലും’ പതിയുന്നു. ചന്ദ്രമതിയുടെ കഥകള്‍ വായിക്കുമ്പോഴൊക്കെ ഞാനങ്ങനെ ഒരാളെ കാണുന്നു, ആ അടയാളങ്ങള്‍ കാണാന്‍ തുടങ്ങുന്നു. കഥ കെട്ടിയുണ്ടാക്കുന്നതാണ്, ഉയര്‍ന്ന കുന്നിനുമീതെയോ ഒഴുകുന്ന പുഴയുടെ മീതെയോ നമ്മള്‍ ആകാശം പണിയുന്ന പോലെ. ഉള്ളതല്ല, ഉണ്ടാക്കുന്നതാണ് നാം കണ്ട ലോകമത്രയും എന്ന് തോന്നാറില്ലേ, അങ്ങനെയാണത്. കഥയിലെ ഓരോ ജീവിതവും അതാണ്‌. തനിക്ക് കൈവിടാന്‍ പറ്റാത്ത ഒരു പ്രസന്നത ചന്ദ്രമതിയുടെ എല്ലാ കഥയിലുമുണ്ട്, ദുഖമാണ് അടിയിലടിയില്‍ നിലമായി വിരിച്ചിരിക്കുന്നത് എന്ന് വരുമ്പോഴും. എനിക്കാകട്ടെ ഈ എഴുത്തും എഴുത്തുകാരിയും വളരെ പ്രിയപ്പെട്ടതും. ചന്ദ്രമതിയുടെ അക്കദമിക്ക് ലോകം, കലയെയും സാഹിത്യത്തെയും പറ്റിയുള്ള അവരുടെ കുറിപ്പുകളും ക്ലാസുകളും പ്രബന്ധങ്ങളും, ഇനിയും സമാഹരിച്ചിട്ടില്ല, അവരോ പ്രസാധകരോ. അതും വേഗം തോന്നട്ടെ! കഥാപുസ്തകത്തിനും എഴുത്തുകാരിക്കും പ്രസാധകനും ആശംസകള്‍.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here