ജനലിന്‍ വിടവിലൂടെ പ്രഭാതസൂര്യന്‍റെ പൊന്‍വെട്ടം മുറിയിലേക്ക് എത്തിനോക്കി. സല്‍മാന്‍ പതുക്കെ കട്ടിലില്‍ നിന്നെഴുന്നേറ്റ് ജനാല തുറന്ന്‍ പുറത്തേക്ക് നോക്കി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുകയാണ് പുരയിടം. അതില്‍ ഇല്ലാത്ത മരങ്ങളില്ല തെങ്ങ്, മാവ്, പ്ലാവ് എല്ലാ ഇനവും ഉണ്ട്. തൊഴുത്തിന്‍റെ മേല്‍ക്കൂരമേല്‍ ഒരു മൈന ഇണയെ പരതി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നോക്കുകയാണ്. മുറ്റത്ത് ഒരു തള്ളപൂച്ച പെറ്റപാടെയുള്ള പൂച്ചകുഞ്ഞിനെ കടിച്ചെടുത്തുകൊണ്ട് ധൃതിയില്‍ എങ്ങോട്ടോ പോവുകയാണ്. മദ്രസയില്‍ പോകാനുള്ള സമയം ആകുന്നതേയുള്ളൂ.
കുളിച്ച് വേഷം മാറി മതപാഠപുസ്തകങ്ങളുമെടുത്ത് ഊണുമുറിയിലെത്തിയപ്പോള്‍ “യ്യീ ഇത്റ ബേഗം പോകാറായാ ചായ ഇപ്പത്തരാ” ഉമ്മ പറഞ്ഞു. നാലുമാസം പ്രായമുള്ള അനിയത്തി അയിശക്കുട്ടിയെ കാലിന്മേല്‍ കിടത്തി കുറുക്ക് കൊടുക്കുകയാണ് ഉമ്മ. പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് ഉമ്മാന്‍റെ കഴുത്തിലെ വലിയ സ്വര്‍ണ്ണമാലപിടിച്ചുവലിച്ച് കളിക്കുകയാണ് അവള്‍. ഉപ്പ നിക്കാഹിന് മെഹ്റായി കൊടുത്തതാണ് ആ മാല. പത്തുകൊല്ലത്തോളമായി നിക്കാഹ് കഴിഞ്ഞിട്ട് ഇന്നേവരെ ഉമ്മ ആമാലയൊന്ന്‍ ഊരിവെക്കുന്നത് കണ്ടിട്ടില്ല. ഇടയ്ക്കിടയ്ക്ക് ആ മാലയുടെ ലോക്കറ്റില്‍ പിടിച്ച് ഓരോന്ന്‍ ആലോചിച്ചിരിക്കുന്നുണ്ടാകും. ഉമ്മറത്തെ തിണ്ണയില്‍ കാലും നീട്ടി ഇരിക്കുകയാണ് ഉപ്പൂമ്മ. ഇടയ്ക്കൊന്ന്‍ ഇടവഴിയിലേക്ക് നോക്കും പറയുന്ന ബഡായി കേട്ടിരിക്കാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന്‍ നോക്കുന്നതാണ്. ഇടവഴിയിലേക്ക് കയറിയപ്പോള്‍ കണ്ടു വടക്കേവീട്ടിലെ അപ്പുവും അനിയന്‍ ദീപുവും കൂടി മുറ്റത്തുനിന്നുക്രിക്കറ്റ് കളിക്കുകയാണ്. സല്‍മാന്‍ ഒരു നിമിഷം അപ്പുവിന്‍റെ ക്രിക്കറ്റ്ബാറ്റിലേക്ക് നോക്കിനിന്നു. കഴിഞ്ഞ പിറന്നാളിന് അവന്‍റെ അച്ഛന്‍ സമ്മാനിച്ചതാണ് അത്. ആ ബാറ്റ് കിട്ട്യേപിന്നെ ഒടുക്കത്തെ ഖിബ്റാണ് ആ പഹയന് കണ്ടാല്‍ പോലും ഒന്നു മിണ്ടൂല്ല. ഉപ്പ കളിപ്പാട്ടം കൊടുത്തയക്കാം എന്നു പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ്ബാറ്റ് മതിയെന്ന്‍ ഉപ്പാനോട് പറയണം. എന്നിട്ടു വേണം ആ പഹയന്‍റെ മുന്‍പില്‍ ഒന്നു ഞെളിഞ്ഞു നടക്കാന്‍.സല്‍മാന്‍ മദ്രസയില്‍നിന്ന് മടങ്ങി വന്നപ്പോഴും .ഉപ്പൂമ്മ ബഡായി പറഞ്ഞുകൊണ്ടിരിക്കയാണ്. കേള്‍ക്കാന്‍ഇന്നത്തെ ഇര പാല്‍ക്കാരി കദീശുമ്മയും ഉണ്ട്. “ഓന് ഈ ഗള്‍ഫീ പോയികെട്ക്കേണ്ട ബല്ലകാര്യോണ്ടോ ന്‍റെ കദീശു ഇബ്ടന്താ സ്വത്തുംമൊതലും ഇല്ലായിട്ടാ. ഓളെപൊരക്കും ഇഷ്ടം പോലെണ്ട്. ഓന് ഒരേ ബാശി ഗല്‍ഫീ പോണംന്ന്‍”.
പതിവുപോലെ ഇന്നും ഉപ്പ തന്നെയാണ് വിഷയം ഒരു ദിവസം പത്ത് ആളോടെങ്കിലും മോന്‍റെ മഹിമ പറഞ്ഞില്ലേല്‍ ഉപ്പൂമ്മാക്ക് ഉറക്കം വരൂല്ല.
“ അയിന് ഓന് അബ്ട എടങ്ങാറൊന്നൂല്ല കേട്ടാ കദീശു, ബല്യ കച്ചോടാ, നല്ലസ്ഥിതിയാ.” “കയിഞ്ഞ മാസം ഒരായ്ച്ചത്തെ ലീബിന് ബന്നിനേന്നു. അയിന് നാട്ടില്ബന്നാല്ണ്ടാ ന്‍റെ കുട്ടിക്ക് ഒരു ബിശ്രമം മദിരാശീലും കൊച്ചീലും അങ്ങ്നെ ഓരോട്ത്തൊക്കെ പോക്കേപോക്കാ. ചോയിച്ചാ പറയും അബ്ടക്കെ അറബിക്ക് കച്ചോടംണ്ട്ന്ന്‍.”
മുറിയിലെത്തിയപ്പോള്‍ മുറിയുടെ പിന്‍ഭാഗത്തുള്ള വരാന്തയിലെ ചേരിമേല്‍ സുഖമായി കിടന്നുറങ്ങുകയാണ് രാവിലെ തള്ളപൂച്ച കടിച്ചുകൊണ്ടുനടന്നിരുന്ന ആ പൂച്ചകുഞ്ഞ്. സല്‍മാന് പൂച്ചകളെ ഭയങ്കര വെറുപ്പാണ്. അവന്‍ ഒരു കമ്പെടുത്ത് അറപ്പോടെ അതിനെ തോണ്ടിയെടുത്ത് തൊടിയിലേക്ക് വലിച്ചെറിഞ്ഞു. അതു കണ്ട കദീശുമ്മ പറഞ്ഞു. “യ്യീ ന്തായ്യീ കാട്ടിയത് കുട്ട്യേ. പാവം മ്ണ്ടാപ്രാണിയല്ലേയത്. ചെറുപ്പത്തില് ഒരു എറുമ്പിനെപ്പോലും നോവിക്കാത്തോനാ അന്‍റുപ്പ. അറിയ്യോ ഇനിക്ക്.”
മഗരിബ് നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍നിന്നു മടങ്ങിവരുമ്പോള്‍ അയിശക്കുട്ടിയെ ദിക്റ് ചൊല്ലി ഉറക്കുകയാണ് ഉമ്മ. മെഹ്റ് മാലയുടെ ലോക്കറ്റില്‍ മുത്തമിട്ടുകൊണ്ട് ഇടയ്ക്ക് ഫോണിലേക്ക് നോക്കുന്നുമുണ്ട്.
പിറ്റേന്നു രാവിലെ ഉമ്മറത്ത് ഉച്ചത്തിലുള്ള സംസാരവും നിലവിളിയും കേട്ടുകൊണ്ടാണ് സല്‍മാന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. വന്നുനോക്കിയപ്പോള്‍ ഇടിവെട്ടേറ്റപോലെ കണ്ണും മിഴിച്ച് പകച്ചു നില്‍ക്കുകയാണ് ഉമ്മ. ഉപ്പൂമ്മ എന്തൊക്കെയോ എണ്ണിപറഞ്ഞു നിലവിളിക്കുകയാണ്. നാട്ടുകാരില്‍ ചിലരൊക്കെ മുറ്റത്ത് കൂടിയിട്ടുണ്ട്. അപ്പുവിന്‍റെ അച്ഛന്‍ കുമാരന്‍ മാഷ് തിണ്ണയില്‍ ഇരിപ്പുണ്ട്. കുമാരന്‍ മാഷിന്‍റെ മടിയില്‍ ഇന്നത്തെ പത്രം നിവര്‍ന്നു കിടക്കുകയാണ്. മറ്റുള്ളോരൊക്കെ പത്രത്തിലേക്ക് എത്തിനോക്കി ഓരോന്ന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്താ പത്രത്തില് സല്‍മാനും ആകാംക്ഷയോടെ എത്തിനോക്കി. അതാ, പത്രത്തിന്‍റെ ആദ്യത്തെപേജില്‍ തന്നെ ഉപ്പാന്‍റെ പടം വേറെയും മൂന്നാല് പേരുടെ പടംകൂടിയുണ്ട്. സല്‍മാന് ഒന്നും മനസ്സിലായില്ല. എന്തിനാ ഉപ്പാന്‍റെ പടം പത്രത്തില് വന്നത്. അവന്‍ ആ പത്രത്തിലെ തലക്കെട്ട് പണിപ്പെട്ടു വായിക്കാന്‍ ശ്രമിച്ചു. തീ……തീവ്ര……തീവ്രവാദികള്‍ പിടിയില്‍. “ന്താ ഈ തീവ്രവാദീന്ന്‍ വെച്ചാല്‍” അവന്‍ ഉമ്മാന്‍റടുത്ത് ചെന്നു ചോദിച്ചു. ഉമ്മ ഒന്നും പറഞ്ഞില്ല ദൂരേക്ക് കണ്ണുംനട്ട് പകച്ചുനിന്നതേയുള്ളൂ. അയിശക്കുട്ടി തൊട്ടിലില്‍ കിടന്നു വാവിട്ട്കരയുന്നു.
“എങ്ങനത്തെ കുട്ട്യാര്‍ന്ന് ഓന്‍, ഓനിക്ക് ന്താപറ്റ്യേ ചെറുപ്പത്തില് ഒരു എറുമ്പിനെപ്പോലും നോവിക്കാത്തോനാ. അങ്ങനത്തെ ഓനിക്ക് എങ്ങനാ ആള്യോളെ കൊല്ലാന്‍ പറ്റണെ” കദീശുമ്മ പറഞ്ഞു.
“അയിന് മന്സന്‍റെ ബുദ്ധീം ചിന്തയോക്കെ മാറണ്ത് എപ്പളാന്ന്‍ ഞമ്മക്ക് പറയാന്‍ പറ്റ്വോ. ഓന്‍റെ ഉള്ളില് ഇബലീസ് കേറുന്നേരാ ബേണ്ടാത്തതൊക്കെ ചെയ്യാന്‍ തോന്നണെ”. ഇറച്ചിക്കാരന്‍ മമ്മദ്ക്കാന്‍റെ വകയാണ്. “ങ്ങാ, ശരിയാ മനുഷ്യന്‍റെ ഉള്ളില് വിഷം കേറുന്നത് എപ്പളാന്ന്‍ ആര്‍ക്കും പറയാന്‍ പറ്റില്ല. ദൈവം നമമ്ടെ മക്കക്കൊന്നും സമ്പത്തും സൌകര്യോന്നും കൊടുത്തില്ലേലും നല്ല മനസ്സും നല്ല ബുദ്ധിയും കൊടുത്താമതിയായിരുന്നു”. കുമാരന്‍ മാഷ് പറഞ്ഞു. “ഇനി ഓളേം മക്കളേം ഗതി എന്താവുമെന്തോ” മാഷ് ഗദ്ഗദത്തോടെ കൂട്ടിച്ചേര്‍ത്തു മാഷിന്‍റെ കണ്ണുകളില്‍ വല്ലാത്തൊരു നടുക്കം ഉണ്ടായിരുന്നു.
വാര്‍ത്തയുടെ ഹരം തെല്ലൊന്ന്‍ കെട്ടടങ്ങിയതോടെ നാട്ടുകാരൊക്കെ പിരിഞ്ഞുപോയി;
രണ്ടുദിവസം കഴിഞ്ഞ് കരഞ്ഞുകരഞ്ഞു വീര്‍ത്തമുഖവുമായി ഉമ്മ അവന്‍റടുത്തേക്ക്‌ചെന്നു ഉമ്മാന്‍റെ കണ്ണുകള്‍ എന്തിനെയോ ഭയക്കുന്നുണ്ടായിരുന്നു.
“സല്‍മാനേ, യ്യീ അന്ന്‍ പള്ളീപോയപ്പോ അന്‍റെ ഉപ്പാന്‍റെ ചങ്ങായി ഹാരിസ് ഇബ്ട ബന്നിനേന്നു. ഓന്‍റെ കയ്യില് അന്‍റെ ഉപ്പ കൊടുത്തയച്ചതാ, കളിപ്പാട്ടാന്നാ തോന്നണെ”.
ആദ്യം വലിയ താത്പര്യം തോന്നിയില്ലെങ്കിലും കുറച്ചുകഴിഞ്ഞ് എട്ടുവയസ്സുകാരന്‍റെ അടക്കാനാവാത്ത ആകാംക്ഷയോടെ സല്‍മാന്‍ ആ പൊതി അഴിച്ചുനോക്കി. പല വലുപ്പങ്ങളിലുള്ള കളിതോക്കുകളുടെ ഒരു കിറ്റായിരുന്നു അത്. സല്‍മാന്‍ ഒരു നിമിഷം ഒന്നു ശങ്കിച്ചു. അകലെ നിന്നും ഒരു കൂട്ടനിലവിളി ഉയരുന്നുണ്ടോ.
സല്‍മാന്‍ അത് കയ്യിലെടുത്ത് നോക്കി. തന്‍റെ കയ്യിലെല്ലാം ചോര പുരളുന്നതായി അവന് തോന്നി. ഒരു നടുക്കത്തോടെ അവന്‍ പിന്നോട്ടു മാറി. ആ കുഞ്ഞു മനസ്സിന്‍റെ പേജുകള്‍ മറിയാന്‍ തുടങ്ങി. പത്രത്തില് വന്ന ഉപ്പാന്‍റെ പടം, അനക്കമില്ലാതെ കണ്ണും മിഴിച്ച് നില്‍ക്കുന്ന ഉമ്മ, തൊട്ടിലില്‍ കിടന്നു വാവിട്ട് കരയുന്ന അയിശക്കുട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല. അവന്‍ പതുക്കെയാ കിറ്റെടുത്ത് തൊടിയിലേക്ക് വലിച്ചെറിഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English