നിളേ ഉണരുക, ഇനീ രുദ്രയാകുക
നിന്നടിവയറ്റിലെ മണ്ണിന്റെ പ്രാണ –
നിലവിളികൾ നേർക്കുന്ന കേൾക്കുക –
മണൽത്തിട്ടു തേഞ്ഞു മുരളുന്നതറിയുക –
മലിനവിരൂപയായ് നിൻ മുഖം,
വിവസ്ത്രയായ് പൂർണ്ണനഗ്നയായ് നിൻ മേനി
നോവിൽ പൊള്ളുന്നതേൽക്കുക –
നിൻ മൃതപ്രാണന്റെ ദുരവസ്ഥയോർക്കുക –
നിളേ, ഉണരുക, ഇനി നീ രുദ്രയാകുക
കേൾക്കുകീ കൽപ്പന
മുഖം കോട്ടിക്കറുപ്പിച്ചു കരുത്തേറ്റി
മുഷ്ടിമടക്കിയുരുട്ടി ഗർജ്ജിച്ച്
ദിക്കുകൾ ഘോഷിക്കുമിടിവെട്ട് –
കരിനീലവാനിന്റെ ശാസന –
നിളേ, നീ രുദ്രയാകുക
മിന്നിപ്പിളർന്നിറ്റിച്ചു നീറ്റുന്ന
മനം മറിക്കുന്നൊരാജ്ഞ –
മിന്നി വീശുന്ന പടവാളിന്നാജ്ഞ –
നിളേ, നീ രുദ്രയാകുക
നീയൊരുങ്ങുക, നിളേയൊരു
പെയ്ത്തിനായ്, കണ്ണുനീർപ്പെയ്തിനായ്
പുകയും വിഹായസ്സിന്റെ പകയായ്
ഉയർന്നാവിയായ നിൻ പ്രാണന്റെ
ചോരയാം നീരിന്റെ നേർപ്പെയ്ത്തിനായ്
ദംഷ്ട്രക്ഷതങ്ങളിൽ നൊന്ത
നിൻ മെയ്യിന്റെ നോവുകൾ
പകച്ചോടിയെങ്ങോ ഒളിച്ച്
വീര്യമെഴുന്നെത്തുമരിശപ്പെയ്ത്തിനായ്
നീയൊരുങ്ങുക
വരവായി….
നിന്നുയിർത്തെഴുന്നേൽപ്പിന്റെ വേളകൾ
കേൾക്കുക കർക്കിടകക്കോളിൻ പദസ്വനം
ഉണങ്ങിച്ചുളുങ്ങിയ നിൻ ദേഹം കുളുർപ്പിക്കാൻ
നിന്നെയടക്കിപ്പുൽകിക്കുളിപ്പിക്കാൻ
ജലശിലാപാതങ്ങളാരവമോദം വരവായി –
കുത്തഴിഞ്ഞടർന്നൂർന്ന ചേലയേയ്ക്കുക
കെട്ടിമുറുക്കിയുടുത്തൊരുങ്ങുക
കോതിയടക്കിയ നിൻ നീർച്ചോല ചോപ്പിച്ച്
വിരുത്തിപ്പറപ്പിച്ച് നീയാടുക,
ചാഞ്ഞും ചെരിഞ്ഞും
ഉഗ്രതാളത്തിൽ നടനം തുടങ്ങുക
നിളേ, ഇനി നിന്റെ നാളുകൾ
ഉടഞ്ഞടിഞ്ഞ് കുമിഞ്ഞ് നിന്നെ
മലിനമാക്കിയതൊക്കെയും കൂട്ടിയടക്കി
നിളേ, ഒഴുകുകയെല്ലാമൊഴുക്കുക
കലിപൂണ്ട് വിറകൊണ്ട് നിണനിറം പൂണ്ട്
രുദ്രയായുഗ്രഭാഷിയായ്
ക്ഷോഭക്കണ്ണും തുറന്നു നിൻ മാനമൂറ്റി
വിൽക്കുന്ന ധാർഷ്ട്യത്തിന്നൊരു
താക്കീതാവുക
നിളേ, ഇനി നിന്റെ നാളുകൾ
രുദ്രയാകുക, സംഹാരനടനം തുടങ്ങുക
ആർത്തലച്ചു നിന്നൊഴുക്കിനെ വേൾക്കുക…
നിളേ,
ഉണരുക, ഇനി നീ രുദ്രയാകുക