വലിയൊരു തീര്‍ത്ഥാടന കേന്ദ്രത്തിലെ പെരുന്നാളിന് കൊടികയറി. ജനലക്ഷങ്ങള്‍ തീര്‍ത്ഥാടനത്തിനെത്തുകയും പല കോടികള്‍ നേര്‍ച്ചയായെത്തുകയും ചെയ്യുന്ന ഒരു വലിയ ദേവാലയം. ആ ദേവാലയത്തിന്റെ പരിസരത്തുള്ള ഒരു കൊച്ചു പള്ളിയുടെ വികാരിയച്ചന്‍ ഫലിതം നിറച്ചൊരു കാര്യം പറഞ്ഞതോര്‍ക്കുന്നു.
” തീര്‍ത്ഥാടന കേന്ദ്രത്തിലേ പെരുന്നാളിന് കൊടിക്കയറി കഴിഞ്ഞാല്‍ പിന്നെ നമ്മുടെ കാര്യം പോക്കാണ്. ആളുകളൊക്കെ അങ്ങോട്ടേ പോകൂ. അത് സാരൂല്ല. പൊക്കോട്ടേന്ന് വയ്ക്കാം. പക്ഷേ പോകുന്ന വഴിക്ക് ആ നേര്‍ച്ചക്കാശ് അവനവന്റെ പള്ളിയിലിട്ടേച്ചും പൊക്കൂടെ? അടുത്ത മാസം പള്ളീടെ കറന്റു ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാനുള്ള കാശ് പോലും ഇവിടുത്തെ നേര്‍ച്ചക്കുറ്റിയില്‍ കാണത്തില്ല ” .
ചെറുകിടക്കാരുടെ പെടലിയൊടിച്ച് വന്‍കിടക്കാര്‍ കടന്ന് വന്നത് പോലെ, സി ക്ലാസ്സ് കടക്കാരെ ചവിട്ടിത്താഴ്ത്തി ഷോപ്പിംഗ് മാളുകള്‍ പൊങ്ങിയത് പോലെ, കല്യാണ ബ്രോക്കര്‍മാരെ വിഴുങ്ങിത്തീര്‍ത്ത് മാട്രിമോണിയല്‍ സൈറ്റുകള്‍ വീര്‍ത്തത് പോലെയൊക്കെയാണ് ചില തീര്‍ത്ഥാടന കേന്ദ്രങ്ങളും ദേവാലയ സമുച്ചയങ്ങളും വളര്‍ന്നുയരുന്നത്. പക്ഷേ എത്ര വളര്‍ന്നിട്ടും പെരുകിക്കൂടുകയാണ് അവിടുത്തെ പ്രശ്നങ്ങളും.
കഴിഞ്ഞ കുറച്ച് നാളുകളായ് കേരളത്തിലെ പള്ളികളും പട്ടക്കാരുമൊക്കെ പ്രശ്നങ്ങളുടെ പേമാരിയില്‍ നനഞ്ഞ് നില്‍ക്കുകയാണ്. കൂലംകഷമായ് ഒന്ന് ചിന്തിച്ചാല്‍ ഈ പേമാരിയുടെ പ്രഭവസ്ഥാനം പണമുള്ളയിടങ്ങളാണെന്ന് വ്യക്തം.
കറന്റ് ബില്ലടയ്ക്കാന്‍ ഇടവക ജനത്തിന്റെ ചില്ലറത്തുട്ടുകളുടെ സ്വരം കാതോര്‍ത്തിരിക്കുന്ന ഒരു വികാരിയുടെ മേലും അഴിമതിയാരോപണം ഇതു വരെ ഉയര്‍ന്നതായ് കേട്ടിട്ടില്ല. നൂറ്റമ്പതോ ഇരുന്നൂറോ വീടുകളുള്ള ഒരു ഇടവക ദേവാലയത്തിലെ ഇടയന്‍മാര്‍ക്കൊരിക്കലും പൊതുയോഗങ്ങളിലെ കണക്ക് പുസ്തകത്തിന്റെ മേലെ വിയര്‍പ്പ് തുള്ളികള്‍ ഒഴുക്കേണ്ടിയും വന്നിട്ടില്ല.
എവിടെയൊക്കെയാണോ പണത്തിന്റെ കുത്തൊഴുക്കുണ്ടായിട്ടുള്ളത് അവിടെയൊക്കെ കലഹത്തിന്റെ കൊടുങ്കാറ്റ് വീശുകയും പ്രശ്നങ്ങളുടെ പേമാരി പെയ്യുകയും ചെയ്തിട്ടുണ്ട്.
പേരും പ്രശസ്തിയുമില്ലാത്ത കൊച്ചു പള്ളികളില്‍ കൈക്കാരന്‍ സ്ഥാനത്തിന് വേണ്ടി ആരും കടിപിടി കൂടാറുമില്ല കയ്യാങ്കളിയുമില്ല.
വല്യ പോപ്പുലാരിറ്റിയില്ലാത്ത ഓര്‍ഡിനറി വിശുദ്ധരുടെ തിരുനാള്‍ വാര്‍ത്ത ഒറ്റക്കോളം വാര്‍ത്തയായി പത്രത്തിന്റെ മൂലയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ‘എന്റെ പേരില്ലെ’ ന്നും പറഞ്ഞ് ഒരു കണ്‍വീനറും കരയുന്നതും കണ്ടിട്ടില്ല. അപ്പോള്‍ പിന്നെ സംഗതി വിശ്വാസ സംബന്ധമല്ല.
വിശ്വാസത്തിന്റെ പുകമറയില്‍ അറിഞ്ഞും അറിയാതെയുമൊക്കെയായി അധികാര സുഖത്തിന്റെ കസേര അവനവന്റെ ആസനത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന അല്പത്തരത്തിന്റെ ആളുകളുടെ അന്ധവിശ്വാസപ്രമാണമാണ് അവരുടെ ലിപിയില്ലാത്ത തിരക്കഥ.
തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കൊഴുകുന്ന വിശ്വാസികളോടൊരു വാക്ക്. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര നല്ലതാണ്. പക്ഷേ ഇറങ്ങുന്നതിനു മുന്‍പ് അവനവന്റെ സ്വന്തം പള്ളിയിലെ നേര്‍ച്ചപാത്രത്തില്‍ ദശാംശം നിക്ഷേപിച്ചിട്ട് വേണം തീര്‍ത്ഥയാത്രകള്‍.
തിരുവാഭരണമണിഞ്ഞിരിക്കുന്ന ദേവിയുടെയും ചില്ലു കൂട്ടിലിരിക്കുന്ന ദൈവങ്ങളുടെയും കാതിലേക്കും കയ്യിലെക്കുമായ് നമ്മള്‍ ഉരുക്കിക്കൊടുത്ത കാഞ്ചന മാലയും കാശുമാലയും നമ്മെ നോക്കി പരിഹസിക്കുന്ന ഒരു കാലം വരും. ആകാശമുലയുമാറ് മാലാഖമാരും പ്രവാചകന്‍മാരും ഒരുമിച്ച് ചോദിക്കുന്നത് ആരും കേള്‍ക്കുന്നില്ലേ! ” ദൈവങ്ങള്‍ക്കണിയാന്‍ എന്തിനീ പൊന്‍നൂലുകളും വജ്ര വളകളും? അതിന് കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട പുരോഹിതരും!
അവനവന്റെ ഇടവകാതിര്‍ത്തിയില്‍ പ്രായം ചെന്ന പെണ്‍കിടാങ്ങള്‍ മിന്നു ചാര്‍ത്താന്‍ പൊന്നില്ലാതെ പെടാപ്പാട് പെടുന്നത് കണ്ടിട്ടും, അത് കാണാതെ, പ. മറിയത്തിന് മരതകമാല നേര്‍ച്ച നേരുന്നവരുടെ നേരെ മറിയം മുഖം തിരിച്ചു കളയുമെന്നത് തീര്‍ച്ചയാണ്!
കാശ് ചൊരിയേണ്ടതും കുംഭമുടയ്ക്കേണ്ടതും കനകമെറിയേണ്ടതും ചില്ല് കൂട്ടിലെ ദൈവങ്ങള്‍ക്ക് മുന്‍പിലോ ദൈവം ചമയുന്ന കപട ഗുരുക്കന്‍മാര്‍ക്ക് മുന്നിലോ ആകരുത്. അല്ലെങ്കില്‍ തന്നെ ദൈവങ്ങള്‍ക്കെന്തിനാ കനകോം കാശും?
കൈ നഷ്ടപ്പെട്ട് പോയ കല്‍പ്പണിക്കാരന്റെ കുടുംബത്തിലെ കഞ്ഞിക്കലത്തിലേക്ക് നേര്‍ച്ചക്കാശുകള്‍ വീഴട്ടെ! കുടിയിടപ്പവകാശം ഇല്ലാത്തതിന്റെ പേരില്‍ കൂരയൊഴിഞ്ഞ് കൊടുക്കേണ്ട ഗതികെട്ടവരുടെ കുടിപ്പുരകളിലേക്ക് കനകം കാറ് വിളിച്ച് ചെല്ലട്ടേ!
ഇതൊന്നുമില്ലെങ്കില്‍, അവനവന്റെ സ്വന്തം പള്ളിയിലെ ഇലക്ട്രിസിറ്റി ബില്ലിരിപ്പുണ്ട്, മുനിസിപ്പാലിറ്റിയിലെ കരം അടയ്ക്കേണ്ട കടലാസിരിപ്പുണ്ട്, ഇടവകക്കാരില്‍ ചിലരുടെ മേശപ്പുറത്ത് ബാങ്കുകാരുടെ ചുവപ്പ് മഷി പതിഞ്ഞ ജപ്തി നോട്ടീസിരിപ്പുണ്ട്. ഈ കടലാസ് തുണ്ടുകള്‍ പലയിടത്തിരുന്ന് വാവിട്ട് കരയുന്നത് കേള്‍ക്കാതെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കതിന നിറയ്ക്കാനുള്ള കരിമരുന്നിന്റെ തുകയായും, അങ്ങ് മൂലമറ്റത്തും രാമല്‍ക്കല്‍മേട്ടിലും പതിക്കാനുള്ള തിരുന്നാള്‍ ഫ്ലക്സിന്റെ പ്രിന്റിംഗ് കോസ്റ്റായും നേര്‍ച്ചക്കാശുകള്‍ നശിപ്പിക്കരുത്.
കുമിഞ്ഞ് കൂടുന്ന നേര്‍ച്ച കുറ്റികളും വെട്ടിത്തിളങ്ങുന്ന രൂപക്കൂടുകളുമാണ് കേരള സഭയെ തകര്‍ക്കാന്‍ പോകുന്നത്. ഓരോ തിരുനാളിന് ശേഷവും കൂലിക്ക് ആളെയിരുത്തി നേര്‍ച്ചക്കാശെണ്ണേണ്ടി വരുന്ന രീതിയില്‍ വരുമാനമുള്ള പള്ളികള്‍ അറിയണം, നേര്‍ച്ചക്കാശെണ്ണിക്കിട്ടുന്ന കൂലിക്കാശ് കൊണ്ട് കഞ്ഞി കുടിക്കുന്നവര്‍ ആ ഇടവകയില്‍ തന്നെയുണ്ടെന്ന്.
ദൈവങ്ങള്‍ക്ക് കാശ് കൊടുത്ത് കാര്യം സാധിക്കാമെന്നത് വിഢിയുടെ വിശ്വാസമാണ്.
ഈ ചെറിയവരില്‍ ഒരുവന് നീ ഒരു പാത്രം വെള്ളം കൊടുത്തപ്പോഴൊക്കെ അതെനിക്ക് തന്നെയാണ് തന്നത്.
ലേഖനം കടപ്പാട് : ഫാ. നിബിന്‍ കുരിശിങ്കല്‍, എറണാകുളം രൂപത.
Click this button or press Ctrl+G to toggle between Malayalam and English