പത്ത് ദിവസങ്ങളിലായി നടക്കുന്ന നിള നൃത്ത – സംഗീതോത്സവത്തിനു കലാമണ്ഡലത്തിൽ തുടക്കം. ആദ്യ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മോഹിനിയാട്ടം ഫെസ്റ്റിനു ഡോ.ദീപ്തി ഓംചേരി, പല്ലവി കൃഷ്ണൻ എന്നിവരുടെ മോഹിനിയാട്ടം സോദാഹരണ ക്ലാസുകളോടെയാണ് തുടക്കം കുറിച്ചത്. കഴിഞ്ഞദിവസം 6.30 ന് നടന്ന ചടങ്ങിൽ കലാമണ്ഡലം ക്ഷേമാവതി ഭദ്രദീപം കൊളുത്തി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ, റജിസ്ട്രാർ ഡോ.പി.രാജേഷ്കുമാർ, ഭരണ സമിതി അംഗങ്ങളായ ഡോ.എൻ.ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കലാമണ്ഡലം ക്ഷേമാവതിയുടെയും, നീന പ്രസാദിന്റെയും മോഹിനിയാട്ടം അരങ്ങേറി. രണ്ടാം ദിവസമായ ഇന്ന് രാവിലെ കലാമണ്ഡലം ക്ഷേമാവതിയുടെയും, നീന പ്രസാദിന്റെയും മോഹിനിയാട്ടം സോദാഹരണ ക്ലാസുകൾ നടക്കും. വൈകുന്നേരം ഡോ.ദീപ്തി ഓംചേരി, പല്ലവി കൃഷ്ണൻ , വിനീത നെടുങ്ങാടി എന്നിവരുടെ മോഹിനിയാട്ടം അരങ്ങേറും.