നല്ലയിനം സ്നേഹ വീടുകൾ

തലേന്ന് രാത്രിയിൽ കനത്ത മഴയായിരുന്നു. രാവിലെയായതോടെ ഹൈസ്ക്കൂൾ മൈതാനം  കുളിച്ചൊരുങ്ങിയ പോലെയായി.  നനഞ്ഞു കുഴഞ്ഞ മണ്ണിൽ പന്തലിൻ്റെ കാലുകൾ ചിട്ടയോടെ നിന്നു. ഗ്രൗണ്ടിലെ അല്ലറചില്ലറ പണികൾ കൂടി തീർക്കാനായി ആളുകൾ എത്തിച്ചേർന്നു കൊണ്ടിരുന്നു.

 

കൈതാരം മാർത്ത എച്ച്. എസ്.എസ് വിദ്യാർഥികളായ കെ വി എബനേസർ , ലെനിൻ നാരായൺ, സൽമാൻ വി.കെ എന്നിവർക്ക് സ്കൂൾ അധികൃതർ പണിതു നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽ ദാനമാണ് ഇന്ന്. സ്ഥലത്തെ പ്രമുഖരൊക്കെ പരിപാടിക്കെത്തുന്നുണ്ട്.

 

‘ഒരുമയുടെ സ്നേഹവീട്’ എന്ന തലക്കെട്ടിൽ കൈതാരത്തെ  മഹിമ  പ്രിന്റിംഗ് പ്രസ് നൂറോളം നോട്ടീസുകളാണ് ഇതിലേക്ക് സൗജന്യമായി നൽകിയത്.  നോട്ടീസ് കിട്ടിയപ്പോൾ കുടുംബങ്ങളുടെയടക്കം ഫോട്ടോ ഉണ്ടോയെന്ന് ഫ്രാൻസിസ് മാഷ്  പ്രത്യേകം ശ്രദ്ധിച്ചു. ആ സൗജന്യവും കൂടി അവർ  ചെയ്തുകളഞ്ഞേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു.

വളരെ യാദൃശ്ചികമായാണ് തൻ്റെ വിദ്യാർഥിയായ എബനേസറിൻ്റെ ദയനീയസ്ഥിതി മാഷ് കാണാനിടയായത്. റേഷനരിയും കൊണ്ട് ഗണപതി വിലാസം എൽ.പി സ്കൂളിന് മുന്നിൽ വളഞ്ഞ് കുത്തി ശ്വാസമെടുത്ത് അവശനായി ഇരിക്കുകയായിരുന്നു എബനേസറിൻ്റെ അപ്പൻ കുഞ്ഞു വറീത്. ഒരു കൈ സഹായിച്ച് വീട്ടിലെത്തിച്ചപ്പോഴാണ് അവരുടെ വീടിൻ്റെ ദയനീയരംഗം മാഷിൻ്റെ കണ്ണിൽപ്പെട്ടത്.

അടുത്ത പി.ടി.എ മീറ്റിംഗിൽ തന്നെ തൻ്റെ ചെറിയൊരു രൂപരേഖയോടെ മാഷ് ആ കുടുംബത്തിനൊരു വീടു നൽകണമെന്ന വിഷയം അവതരിപ്പിച്ചു. ആദ്യം എല്ലാവരും തണുപ്പൻ മട്ടിലായിരുന്നെങ്കിലും ശ്രീ ജോഷി താടിക്കാരന്റെ  പ്രതികരണം എല്ലാവരിലും ചെറു ചലനമുണ്ടാക്കി.

 

“ഫ്രാൻസിസ് മാഷ് പറഞ്ഞ കാര്യത്തോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു. ഈ നന്മ ചെയ്യാൻ കഴിഞ്ഞാൽ സ്കൂളിനത് അഭിമാനകരമായിരിക്കും ” –  ജോഷി വിരാമമിട്ടു.

സ്ഥലം എംപിയുടെ ബന്ധു, അഖില കേരള റിപ്പബ്ലിക് വെൽഫയർ പാർട്ടിയുടെ  സെക്രട്ടറി, പള്ളിക്കമ്മിറ്റി പ്രസിഡന്റ്, കൈക്കാരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലത്തിലെ ഭാവി എം.എൽ എ.

……ഇതൊന്നും പോരാഞ്ഞ് മക്കളെ നാട്ടിലെ സാധാരണ സ്കൂളിലേക്കയച്ച വ്യക്തിയാണ് ജോഷി. എന്തായാലും പുള്ളിക്കാരൻ സ്കൂൾ വളപ്പിനൊരു ഹീറോയാണ്. ആ വാക്കുകൾ എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

 

ഒന്നുരണ്ടു യോഗങ്ങൾക്ക് ശേഷം  ഫ്രാൻസിസ് മാഷിനെ തലപ്പത്തിരുത്തി
സംഭാവന കമ്മിറ്റി രൂപികരിക്കപ്പെട്ടു.
എന്നാൽ കാര്യങ്ങൾ മാഷ് വിചാരിച്ച പോലെ നീങ്ങിയില്ല. നാട്ടിൽ വരുമാനം ഉള്ളവരൊക്കെ തോടിനുള്ളിൽ ആമ വലിഞ്ഞ പോലെയായി.

 

ആളുകളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിൽ ദുർബലനായ മാഷ്  ഒരാഴ്ചത്തെ ന്യൂനമർദ്ദത്തിന്റെ പേരും പറഞ്ഞു വീട്ടിലിരുപ്പായി. തന്റെ പദ്ധതി വെള്ളത്തിലായി എന്ന് അദ്ദേഹത്തിന് തോന്നി.

തകർപ്പൻ മഴ വാരവും കഴിഞ്ഞു പുറത്തിറങ്ങിയപ്പോ പദ്ധതിയുടെ കടിഞ്ഞാൺ ശ്രീ ജോഷി താടിക്കാരന്റെ കയ്യിലും ആയിക്കഴിഞ്ഞിരുന്നു. കൈതാരം ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കണ്ണും കാതുമെത്തുന്ന ജോഷിയുടെ വിശ്രമമില്ലാത്ത നയതന്ത്രം കാര്യങ്ങളെ ഒരു കരക്കടുപ്പിച്ചു

ഒരു ലക്ഷത്തിലധികം രൂപ സംഭാവന തരുന്നവരുടെ പേരുകൾ സ്നേഹ വീട്ടിലും സ്കൂൾ ഫലകത്തിലും രേഖപ്പെടുത്തും, പതിനായിരം വീതം തരുന്നവരുടെ പേരുകൾ നോട്ടീസിൽ അച്ചടിക്കും. … ജോഷിയുടെ ഓഫറിൽ സ്പോൺസർമാരെ കിട്ടാനാണോ പഞ്ഞം?

ഒന്നല്ല ഒമ്പതു വീടിനുള്ള പണം എത്തിയപ്പോൾ സ്കൂളിലെ നിർധന കുട്ടികളുടെ പട്ടിക തന്നെ എടുക്കപ്പെട്ടു. മലയാളം മാഷ് ജയദേവന്റെ മൂക്കുകളാണ് പട്ടികയിൽ മതമൈത്രി മണത്തത്. അങ്ങനെയാണ് എബനേസറിനൊപ്പം സൽമാനും ലെനിനും കൂട്ടിച്ചേർക്കപ്പെട്ടത്

വീടു നിർമ്മാണം പുരോഗമിക്കുന്നതിനൊപ്പം തന്നെ ആഘോഷക്കമ്മിറ്റിയും രൂപികരിക്കപ്പെട്ടു. താക്കോൽ ദാന മാമാങ്ക കമ്മിറ്റി പ്രസിഡന്റായി ജോഷി താടിക്കാരൻ അവരോധിതനായി

എതിർ പാർട്ടി ആയതിനാൽ സ്ഥലം എം എൽ എ യെ പേരിന് വേദിയിലിരുത്തി സിനിമ താരം ജയൻ മുളങ്കൂട്ടത്തിനെ വിശിഷ്ടതിഥിയാക്കി

പൗര പ്രമുഖർ വേദിയിലേക്കെത്തുന്ന ദിവസം ആഗതമായിരിക്കുകയാണ്. നാസിക് ഡോൾ, പുഷ്പവർഷം, ബാൻഡ് മേളം, മുത്തുക്കുടകൾ എന്നിവ അവരെ എതിരേറ്റു. താക്കോൽ ഏറ്റു വാങ്ങുന്ന നിർധന വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വേദിക്കടുത്തായി വി ഐ പി ഗാലറി പോലെ കയറു കെട്ടിത്തിരിച്ചിട്ടുണ്ട്. വളഞ്ഞു കുത്തി വന്ന് കുഞ്ഞുവറീതും, കുടുംബവും നേരത്തെ വന്ന് പന്തലിൽ സ്ഥാനം പിടിച്ചു. യൂണിഫോമിലെത്തിയ എബനേസർ പവലിയനിൽ നിന്ന് തന്റെ സഹപാഠികളെ എത്തി വലിഞ്ഞൊന്ന് നോക്കി. കൂട്ടുകാരൻ മാർട്ടിൻ എസ്. ഒന്നു പുഞ്ചിരിച്ചു. നിന്റെ വീട്ടിലെ ഗ്യാസ് സ്റ്റൗ എന്റെ പപ്പ സ്പോൺസർ ചെയ്തതാണെന്ന് മാർട്ടിന് ഇന്നു തന്നെ അവനോട് പറയണമെന്നുണ്ടായിരുന്നു

നന്മ നിറഞ്ഞ ഹൃദയങ്ങളുടെ മഹാ മാമാങ്ക വേദിയിൽ ശ്രമദാനത്തിന് പങ്കാളികളായ അധ്യാപക – വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ ഏറ്റു വാങ്ങി. നിർമ്മാണത്തിനിടെ വഴിയിലൂടെ കടന്നു പോയപ്പോൾ രണ്ടു ലോഡ് മണൽ സൗജന്യമായി നൽകിയ ഷിബു തരകന്റെ മഹാ മനസ്സിന് പ്രത്യേക പ്രോത്സാഹന ഉപഹാരവും നൽകപ്പെട്ടു

പദ്ധതിയുടെ തുടർ നടത്തിപ്പിനായുള്ള ഒരു വെബ് സൈറ്റും മൊബൈൽ ആപ്പിക്കേഷനും വേദിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇനിയും വീട് ആവശ്യമുള്ള വിദ്യാർഥികൾക്ക് ഇതിൽ പേര് രജിസ്റ്റർ ചെയ്യാം. നിലവിലെ വീടിന്റെ ദയനീയ സ്ഥിതിയുടെ ചിത്രങ്ങൾ നിർബന്ധമായും അപ് ലോഡ് ചെയ്യണം. നിർമ്മിക്കുന്ന വീടുകൾക്കെല്ലാം ഒരേ രൂപം ആയിരിക്കും എന്നീ നിബന്ധനകൾ ബാധകം.   പതിയെ നാട്ടിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരിലേക്കും പദ്ധതി എത്തിപ്പെടണം എന്നതാണ് സ്ക്കൂളിന്റെ ദീർഘ വീക്ഷണമെന്ന് ഹെഡ്മിസ്ട്രസ്  നാൻസി പോൾസൺ അഭിപ്രായപ്പെട്ടതോടെ കയ്യടികൾ ഉച്ചസ്ഥായിലായി

ഈ സമയങ്ങളിൽ  സ്നേഹ വീടിന്റെ പെരുന്തച്ചൻ സാക്ഷാൽ ഫ്രാൻസിസ് മാഷ് പുഴയിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ട മീനിനെപ്പോലെ പിടയുകയായിരുന്നു. ആറ്റിലേക്ക് മുഖം നോക്കുന്ന വിദ്യാലയത്തിന്റെ മറുകരയിൽ ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു മാഷ്. മൈക്കിലൂടെ ആശംസകൾ ഒഴുകി വന്നു കൊണ്ടിരുന്നു.

അടങ്ങാത്ത ഉന്മാദത്തോടെ  കൈതാരം ആറിലേക്ക് മുഖം കുനിച്ചു നിന്ന മാർത്ത സ്കൂളിന്റെ  കഴുത്തു ഞെരിച്ച് കളയാൻ മാഷിന് തോന്നിപ്പോയി. അതിലെ നാർസിസസ് കൂട്ടങ്ങളെ ചൂരലിന് അടിച്ച് ഓടിക്കുകയും വേണം.

അന്ന് രാത്രി അറബിക്കടൽ ക്ഷോഭിച്ച് അടുത്ത ന്യൂനമർദ്ദം വരവറിയിച്ചു. സന്ധ്യയ്ക്ക് പെരുമഴയും കഴിഞ്ഞുള്ള തണുപ്പിൽ  രണ്ട് പെഗ് അടിച്ച് ഫ്രാൻസിസ് മാഷ് മുറിക്കുള്ളിൽ കൂനിക്കൂടി. പിന്നീടെപ്പോഴൊ ഫേസ്ബുക്കിൽ ശർദ്ദിച്ചു കൂട്ടി.

“എടാ കള്ള നാറികളെ! നാർസിസ്റ്റ് പുല്ലൻ മാരെ, ആ കുഞ്ഞുങ്ങളുടെ ആത്മാഭിമാനത്തിന് മുകളിലാണ് നീയൊക്കെ ഇന്ന് കസേരകൾ വലിച്ചിട്ട് അമർന്നിരുന്നത്. അവരെ ചവിട്ടി നിന്നാണ് നീയൊക്കെ ഇന്ന് പ്രസംഗിച്ചത്. അധികൃതരെയും കൂട്ടി താക്കോലും നൽകി ഒരു ചായയും ബിസ്കറ്റും കഴിച്ചു പിരിയുന്നതിന് പകരം നിങ്ങളവരെ പ്രദർശന വസ്തുക്കളാക്കി.  നീയൊക്കെ പ്രസംഗിച്ച പോലെ, നന്മയുടെ നറുമണമല്ല, തീട്ടത്തിന്റെ മണമാണ് നീയൊക്കെ പ്രസരിപ്പിച്ചത്….”

അഞ്ച് ലൈക്കും ഒരു ഷെയറും വന്നതിനു പുറകെ മാഷ് തന്നെ ഡിലീറ്റ് ബട്ടൺ തപ്പിപ്പിടിച്ച് പോസ്റ്റ് കുപ്പത്തൊട്ടിയിലിട്ടു.  വാർഡ് മെമ്പറിന്റെയും ഒരു ഗുണ്ടാ നേതാവിന്റെയും ഫോൺ വിളികളാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

അന്നു രാത്രിയിൽ മാഷിന്റെ സ്വപ്നങ്ങളിൽ മഴ പൊരിഞ്ഞിറങ്ങി. മഴയിൽ മറിഞ്ഞു വീണ വാഴത്തോട്ടത്തിലേക്കിറങ്ങിയ മാഷിനെ മഴത്തുള്ളികളല്ല, ചോരത്തുള്ളികൾ നനച്ചു.  മറിഞ്ഞു വീണു കിടക്കുന്നത് വാഴത്തടകളല്ല, കബന്ധങ്ങൾ! ഒരു മൂലയിൽ തന്റെ ചോര കിനിയുന്ന ശിരസ്സും!

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here