നിധി കാക്കുന്ന ഭൂതം

nidhiകുഞ്ഞിരാമന്‍ കാരണവരുടെ മകളും ഭര്‍ത്താവും മകനും ഭാര്യയും വിദേശത്താണ് ജോലിചെയ്യുന്നത്. കാരണവരും ഭാര്യയും ഇളയമകനും നാട്ടില്‍ താമസിക്കുന്നു. കാരണവര്‍ക്ക് വലിയ തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. തെങ്ങിന്‍ തോട്ടവും റബ്ബര്‍ എസ്റ്റേറ്റുമുണ്ട്. വലിയ സമ്പന്നനാണ്. ഇളയമകനു ജോലിയില്ല. അവന്‍ ഒരു മന്ദബുദ്ധിയാണ്. ‘തന്റെ കാലശേഷം മകനെ ആരു സംരക്ഷിക്കും?’ എന്ന ചിന്ത കാരണവരെ ദു:ഖിതനാക്കി.

അങ്ങനെ ഇരിക്കെ മകള്‍ നാട്ടില്‍ വന്നു. മകളുടെ ഒരു കൂട്ടുകാരി വഴി വിദ്യാഭ്യാസമുള്ള ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ സഹോദരനു വേണ്ടി വിവാഹം ആലോചിച്ചു. ഇരു വീട്ടുകാരും സമ്മതിച്ചു. വിവാഹം നടന്നു.

അധികം താമസിയാതെ കാരണവരുടെ ഭാര്യ മരിച്ചു. കാരണവര്‍ ആകെ ദു:ഖിതനായി. ആപ്പോള്‍ ആശ്വസിപ്പിക്കുവാന്‍ മരുമകളുണ്ടായി. മരുമകളെ കാരണവര്‍ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു.

കാരണവര്‍ ജോലിയില്‍ ഇരുന്നപ്പോള്‍ വാങ്ങിയ ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക പെന്‍ഷന്‍ വാങ്ങി. രൂപയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. വിദേശത്തു നിന്നും മകനും മകളും രൂപ അയച്ചുകൊടുക്കും. എന്നിട്ടും കാരണവര്‍ക്ക് പണത്തോടുള്ള ആര്‍ത്തി കുറഞ്ഞിരുന്നില്ല.
കാരണവര്‍ക്ക് പെന്‍ഷന്റെ അരിയേഴ്സ് കിട്ടാനുണ്ടായിരുന്നു. അതു കിട്ടാന്‍ താമസിച്ചപ്പോള്‍ കാരണവര്‍ക്ക് ടെന്‍ഷനായി. ഒരു ദിവസം കാരണവര്‍ പെന്‍ഷന്‍ വാങ്ങുന്ന ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു ചോദിച്ചു. “പെന്‍ഷന്റെ അരിയേഴ്സ് എന്നാണ് കിട്ടുന്നത്?”

സുഹൃത്ത് ചോദിച്ചു:”എന്തിനാണ് ധൃതിപിടിക്കുന്നത്? അതു കിട്ടിയിട്ട് എന്തു ചെയ്യാനാണ്?”

കാരണവര്‍ക്ക് മറുപടി ഉണ്ടായില്ല. ജീവിതത്തില്‍ പണം കൂട്ടിവയ്ക്കുന്നതാണ് സന്തോഷം എന്ന് കാരണവര്‍ കരുതി. പണം ചെലവാക്കാന്‍ വലിയ മടിയായിരുന്നു. ‘ഭൂതം നിധി കാക്കുന്നതുപോലെ’ കാരണവര്‍ രൂപ കാത്തു വച്ചു. രൂപ കൂട്ടി വയ്ക്കണമെന്നല്ലാതെ പ്രത്യേക ഉദ്ദേശ്യമുണ്ടായില്ല.

ഒരു ദിവസം കാരണവര്‍ക്ക് സുഖമില്ലാതായി. ആശുപത്രിയിലേക്ക് കാറില്‍ പോയി. പോകുന്നവഴി കാറിന്റെ പിറകെ ഒരു പട്ടി ഓടി ചെന്നു. പട്ടി വരുന്നതു കണ്ടപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കൂട്ടി. അപ്പോള്‍ പട്ടിയും വേഗത്തില്‍ ഓടി. കുറെ ചെന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗത കുറച്ചു. വണ്ടി നിറുത്തി. പട്ടിയും നിന്നു. അതു തിരിച്ചു പോയി.

എന്തിനാണ് പട്ടി ഓടിയത്? ആ പട്ടിയ്ക്ക് അറിഞ്ഞു കൂടാ. ‘പട്ടി ചന്തയ്ക്ക് പോയപോലെ’ എന്ന പഴമൊഴി കേട്ടിട്ടില്ലേ? പട്ടി ചന്തയ്ക്കു പോയി അതുപോലെ തന്നെ തിരിച്ചും പോന്നു. എന്തിനാണ് പോയത്? ആ! പട്ടിക്ക് അറിഞ്ഞുകൂടാ. അതുപോലെ കാരണവര്‍ പണം സമ്പാദിച്ചു വയ്ക്കുന്നുണ്ട്. എന്തിനാണ്? ആ കാരണവര്‍ക്ക് അറിയില്ല.

ജീവിതത്തില്‍ പണമാണ് സുഖത്തിനും സന്തോഷത്തിനും കാരണം എന്നു കരുതുന്നുവര്‍ സുഖവും സന്തോഷവും പരിമിതപ്പെടുത്തുകയാണ്. ജീവിതം ആസ്വദിക്കുന്നില്ല. ജീവിതം ആസ്വദിക്കണെമെങ്കില്‍ നമ്മുടെ കൈയിലുള്ള പണം നമുക്കു വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും സമൂഹനന്മയ്ക്കുവേണ്ടിയും ഉപയോഗിക്കണം. അപ്പോള്‍ നമ്മുടെ ചുറ്റും സംതൃപ്തിയുടെ പ്രകാശവലയമുണ്ടാകും. ജീവിത ധന്യമാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here