നെയ്ച്ചോറ്

നെയ്ച്ചോറ് മണം ഈ വീടിനെ പൊതിഞ്ഞിരിക്കുന്നു.

എനിക്കാണെങ്കില്‍ ഈ മണം കിട്ടിയാല്‍ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാവില്ല. കാരണം എനിക്ക് നെയ്ച്ചോറ് ഭയങ്കര ഇഷ്ടമാണ്. അത്തറും പൂശി പെണ്ണുങ്ങള്‍ ചിരിച്ച് ബഹളം വെച്ച് നടക്കുന്നു.
ഈ വീട് മൊത്തം പെണ്ണുങ്ങള്‍ പിടിച്ചടക്കി. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഈ പെണ്ണുങ്ങള്‍ ഒരു തടസ്സം തന്നെയാണ്.

സൂര്യൻന്‍ ഉദിച്ചു കഴിഞ്ഞാല്‍ തുടങ്ങുകയായി എന്റെ ലക്ഷ്യങ്ങള്‍. ആദ്യം പ്രഭാതകൃത്യങ്ങള്‍, പിന്നെ ഭക്ഷണം, കൂട്ടുകാരോടൊപ്പം കളി, കുളി അങ്ങനെ പോകുന്നു… വൈകുന്നേരം ടിവി കാണല്‍, സുഖമായ ഉറക്കം . ചില ദിവസങ്ങളില്‍ ഈ ലക്ഷ്യങ്ങള്‍ നടക്കാത്ത ആഗ്രഹങ്ങള്‍ ആയി മാറും.

എന്റെ രീതികള്‍ ഇഷ്ടപ്പെടാതെ ചിലപ്പോള്‍ വീട്ടുകാര്‍ തല്ലും, ശകാരിക്കും. പക്ഷേ ഞാന്‍ എന്റെ രീതിയില്‍ മാറ്റം വരുത്താന്‍ ഒന്നും പോകുന്നില്ല.

ഇന്ന്, ഈ വീട്ടിലെ ഒരേ ഒരു പെണ്ണ് റസിയയുടെ നിക്കാഹ് ആണ്. എന്റെ അടുത്ത് ആരും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ഒളിഞ്ഞുനിന്നു കേട്ടതാണ്.

ഇപ്പൊ എന്റെ ലക്ഷ്യം പാചകപ്പുര ഒന്ന് സന്ദര്‍ശിക്കണം എന്നതാണ്. നെയ്ചോറിന്‍റെ മണം എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു. പക്ഷേ അവിടം വരെ എത്തുക എന്നത് , എനിക്ക് ഒരു ബാലികേറാമലയാണ് എങ്കിലും പിന്നോട്ടില്ല.

ഹേ വായനക്കാരാ, നിക്കാഹിന് ക്ഷണം ലഭിച്ച് വന്നതാണ് നിങ്ങളെങ്കില്‍ വാതില്‍ക്കല്‍ നില്‍ക്കാതെ എന്റെ അടുത്ത് വന്നിരിക്കു. ആരും വരില്ല ഇത് എന്റെറെ ലോകമാണ്. നമ്മള്‍ക്ക് എന്തെങ്കിലും കൊച്ചു വര്‍ത്തമാനം പറയാം. പക്ഷേ എനിക്ക് പാചകപ്പുര വരെ ഒന്ന് പോകണം.
ക്ഷമയോടെ എനിക്ക് വേണ്ടി കാത്തിരിക്കുക.

മൂന്നാലു ദിവസമായിട്ട് ഈ വീട്ടില്‍ പൂരമാണ്, പൂരം.

ആന ഇല്ല എന്നൊരു കുറവ് മാത്രമാണുള്ളത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം ആരും എന്നെ പൂരത്തിനും കൂട്ടില്ല.

ഞാന്‍ ആളുകള്‍ക്കിടയില്‍ തട്ടിത്തടഞ്ഞു വീഴും, ഫര്‍ണിച്ചര്‍ പൊട്ടിക്കും അതു തന്നെ കാരണം. ഒരിക്കല്‍ ഇങ്ങനെയൊക്കെ ഉണ്ടായി. മുന്‍പ് ഒരു കൂട്ടര് റസിയയെ കാണാന്‍ വന്നപ്പോള്‍
ഞാന്‍ ആകെ നാണം കെട്ടു പോയി. അന്ന് ഷുക്കൂറിന് വന്ന ദേഷ്യം ഞാന്‍ ആകെ പേടിച്ചു പോയി. ദേഷ്യം വന്നാല്‍ പിന്നെ ഷുക്കൂറിനെ പിടിച്ചാല്‍ കിട്ടില്ല. തല്ലും മുന്‍പൊരിക്കല്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തായാലും അന്ന്.. അതുണ്ടായില്ല. എനിക്കും ദേഷ്യം വന്നു… പക്ഷെ ഞാന്‍ റസിയയെ ഓര്‍ത്തു ക്ഷമിച്ചു.

ഈ സംഭവത്തിനു ശേഷം ഷുക്കൂര്‍ പുതിയ ഉത്തരവിറക്കി.

“ആമിന, ഒരു നല്ല കാര്യം നടക്കുന്ന ദിവസം ഇതിനെ പുറത്ത് കാണരുത്. നല്ല തുണിയുടുപ്പിച്ച് മുറിയുടെ മൂലയില്‍ ഒരു കസേരയിട്ട് കൊടുക്ക്, അവിടെ ഇരിക്കട്ടെ. അവിടുന്ന് അനങ്ങുന്നത് എനിക്കൊന്നു കാണണം. ”

ആമിന ഉത്തരവ് അക്ഷരം പ്രതി അനുസരിച്ചു. അതുകൊണ്ട് എന്താണ് സംഭവിച്ചത് എനിക്ക് സ്വന്തമായി ഒരു മുറി ആയി. കസേരയായി. എന്നും രാവിലെ അത്ര പുതിയത് അല്ലെങ്കിലും അത്യാവശ്യം വെളുത്ത തുണിയുടിപ്പിച്ചു തരും. എന്റെ ലക്ഷ്യങ്ങള്‍, ആഗ്രഹങ്ങളായി….. സാരമില്ല ഈ ചടങ്ങ് കഴിഞ്ഞാല്‍ ഈ ഉത്തരവ് ഞാന്‍ കാറ്റില്‍ പറത്തും.

എന്റെ പ്രിയപ്പെട്ട വായനക്കാരാ, ഞാന്‍ പാചകപ്പുരയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞിട്ട്, എന്താണ് പോവാത്തത് എന്നാണോ ? അത് അത്ര എളുപ്പമല്ല. അതിനു കുറച്ച് കടമ്പകള്‍ കടക്കാനുണ്ട്.
പുറത്ത് പന്തലില്‍ എന്റെ കൂട്ടുകാരൊക്കെ വന്നിട്ടുണ്ട് എനിക്ക് ജനലിലൂടെ കാണാം. എനിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

കൂട്ടുകാരില്‍ ഒരുത്തന്‍ അബൂബക്കര്‍ , എന്റെ കഷ്ടകാലത്തിന് ആണോ അവന്റെ കഷ്ടകാലത്തിന് ആണോ എന്നറിയില്ല ജനലിലൂടെ എന്നെ കണ്ടു. ഞാന്‍ ഉള്ളിലോട്ട് വരണ്ട എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചതാണ് പക്ഷേ അവന്‍ വന്നു. ഞങ്ങള്‍ കളിചിരികളില്‍ മുഴുകി ശബ്ദം ഉയര്‍ന്നു അത് ഷുക്കൂര്‍ കേട്ടു.

അവന്‍ കോപാന്ധനായി ഓടിയെത്തി.

“രണ്ടിനെയും ചവിട്ടി പുറത്താക്കും ഞാന്‍ ഈ ചടങ്ങ് നശിപ്പിക്കാന്‍ ശ്രമിച്ചാൽ” അവന്‍ അലറിവിളിച്ചു. ഞാന്‍ അബൂബക്കറിനോട് കണ്ണിറുക്കി സ്ഥലം വിടാന്‍ പറഞ്ഞു. അവന് ചെറിയതോതില്‍ വിഷമം ആയി എന്നു തോന്നുന്നു.

വായനക്കാരാ… നിങ്ങള്‍ പേടിക്കണ്ട ഇത് ഇവിടെ പതിവാണ്.

കുറച്ചു നേരത്തേക്ക് നമ്മളെ ആരും ശ്രദ്ധിക്കില്ല അതുകൊണ്ട് പാചകപ്പുരയിലേക്കുള്ള ഉള്ള യാത്ര തുടങ്ങാം. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ടു പ്രാവശ്യം പാചകപ്പുരയിലേക്ക് യാത്ര ചെയ്ത വ്യക്തിയാണ് എങ്ങനെയാണ് യാത്ര എന്നല്ലേ പറഞ്ഞുതരാം.

ആദ്യം ആമിനയെ വിളിച്ച് മൂത്രമൊഴിക്കാനുള്ള അനുവാദം വാങ്ങണം. അത് കിട്ടിയാല്‍ പിന്നെ പുറത്തുള്ള മൂത്രപ്പുര ലക്ഷ്യം വച്ച് നീങ്ങാം. കുളിമുറിയില്‍ കയറണം എന്നിട്ട് വെള്ളം തുറന്നു വിടണം പതിയെ പുറത്തിറങ്ങി വാതില്‍ അടയ്ക്കണം. ചുമരില്‍ പിടിച്ചു പതുക്കെ നടക്കണം.
വീടിനകത്ത് കുളിമുറിയും കക്കൂസും ഉണ്ട്. അത് എനിക്ക് ഉപയോഗിക്കാന്‍ തരില്ല. ഒരിക്കല്‍ ഉപയോഗിച്ചിട്ട് വെള്ളമൊഴിക്കാന്‍ മറന്നുപോയി. പുറത്തെ കുളിമുറിയിലേക്ക് ആരും അങ്ങനെ വരാറില്ല. അതുകൊണ്ട് വലിയ പ്രശ്നങ്ങള്‍ രണ്ടുപ്രാവശ്യവും ഉണ്ടായില്ല. പക്ഷേ രണ്ടുപ്രാവശ്യവും നിരാശയായിരുന്നു ഫലം. ആദ്യത്തെ പ്രാവശ്യം നെയ്ച്ചോര്‍ തിളച്ചുമറിയുന്നതും, രണ്ടാമത്തെ പ്രാവശ്യം കോഴിക്കഷണങ്ങള്‍ കുളിപ്പിക്കുന്നതും ആണ് കാണാന്‍ കഴിഞ്ഞത്.
ഇനി നമ്മള്‍ക്ക് ആ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങാം. പ്രിയ വായനക്കാരാ നിങ്ങളും ഈ യാത്രയില്‍ എന്നോടൊപ്പം ചേര്‍ന്നാല്‍ യാത്രയുടെ ക്ലേശങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ…..

ആദ്യം ആമിനയോട് മൂത്രമൊഴിക്കാന്‍ അനുവാദം വാങ്ങണം. ആമിന എന്തോ എടുക്കാന്‍ ഓടുമ്പോള്‍ ഞാന്‍ വിളിച്ചു പറഞ്ഞു.

“എനിക്ക് മൂത്രം ഒഴിക്കണം” ഇത് കേട്ടതും ആമിന തിരിഞ്ഞുനിന്നു.

“പതുക്കെ ആളുകള്‍ കേള്‍ക്കും രണ്ടു മണിക്കൂറിനുള്ളില്‍ ഇത് എത്രാമത്തെ പ്രാവശ്യമാണ് ഇതിനു മാത്രം വെള്ളം കുടിക്കുന്നില്ലല്ലോ”

“എനിക്ക് മൂത്രം ഒഴിക്കണം” വീണ്ടും പറഞ്ഞു.

“തൊള്ള തുറക്കാതെ, വേഗം പോയിട്ട് വാ” ആമിന തുള്ളി കുതിച്ച് പോയി.

മൂത്രമൊഴിക്കാനുള്ള അനുവാദം കിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ പെട്ടെന്ന് ആയിരിക്കണം പരമാവധി വേഗത്തില്‍ മൂത്രപുരയിലേക്ക് നടന്നു. വെള്ളം തുറന്നുവിട്ട്, വാതില്‍ ചാരി വെച്ച്, ചുമരില്‍ പിടിച്ചു നടന്നു. പക്ഷേ ഇപ്രാവശ്യം ഊര്‍ജ്ജം കുറഞ്ഞതുപോലെ തോന്നുന്നു. ഒരു തളര്‍ച്ച ബാധിച്ച പോലെ രക്തസമ്മര്‍ദ്ദം കൂടിയത് ആകാം.

“പരമ കാരുണ്യവാനായ ദൈവമേ കാത്തോളണേ…. ”

എന്താണ് നിങ്ങളുടെ കണ്ണില്‍ ഒരു ആകാംക്ഷ?

ഒരു കുഴഞ്ഞു വീഴല്‍ ഷുക്കൂര്‍ വക ഒരു പ്രഹരം, ഇതൊക്കെയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. അതൊന്നും നടക്കാന്‍ പോകുന്നില്ല ഒരു മനുഷ്യന്‍ തകര്‍ന്നുവീഴാന്‍ പോകുമ്പോള്‍ ഒരു കൈ സഹായം ചെയ്യുവാന്‍ നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ. എങ്ങനെ തോന്നും നിങ്ങൾ വെറും വായനക്കാരന്‍ മാത്രമല്ലേ, ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് ശ്വാസം വലിച്ചു വിടാനും അതില്‍ നിന്ന് ഇറങ്ങി ചിരിക്കാനും, കുറെയേറെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മാത്രം കൊള്ളാം മന:സാക്ഷി ഇല്ലാത്ത വെറും വായനക്കാര്‍ …

എന്റെ ലക്ഷ്യങ്ങള്‍ എന്റെ മാത്രം ലക്ഷ്യങ്ങളാണ് ആണ്. അതിലേക്ക് ഞാന്‍ എന്ത് ത്യാഗം ചെയ്തും എത്തും………

വലിഞ്ഞു നടന്നു വീണ്ടും പുതിയ ഊര്‍ജ്ജം പാചകപ്പുരയിലെ അടുത്തുള്ള ജനലില്‍ പിടുത്തം കിട്ടിയപ്പോള്‍ ഒരു വലിയ ശ്വാസം വലിച്ചെടുത്തു ഉയര്‍ന്നുപൊങ്ങി.

അകത്ത് വലിയ ഓട്ടുരുളിയില്‍ ചുവന്ന നിറത്തിലുള്ള ഇറച്ചികറിയിലേക്ക് കൊത്തി അരിഞ്ഞ മല്ലിയില വിതറി പാചകക്കാരന്‍ അലിയാര്‍. അടുത്തുതന്നെ ഷുക്കൂറും.

കാത്തിരിപ്പിന് അവസാനം ആയിരിക്കുന്നു. “പരമകാരുണ്യവാനായ ദൈവമേ അങ്ങേയ്ക്ക് നന്ദി” വെറുതെ എന്നെ നോക്കി നില്‍ക്കാതെ ഈ ജനല്‍ കമ്പിയില്‍ പിടിച്ച് ഉള്ളിലേക്ക് നോക്കൂ വായനക്കാരാ. നിനക്കും കാണാം കൊതിയൂറുന്ന കോഴിക്കറിയും നെയ്ച്ചോറും.

“ഷുക്കൂറെ….. ഇനി വിളമ്പാം എല്ലാം റെഡിയാണ്” വറുത്തുകോരി വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും കൂടി നെയ്ച്ചോറിന് മുകളിലേക്ക് വിതറിക്കൊണ്ട് അലിയാര്‍ പറഞ്ഞു.

“ആളുകള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ അരമണിക്കൂര്‍ കൂടി കഴിഞ്ഞോട്ടെ…. ” ഷുക്കൂര്‍ പുറത്തേക്കു നടന്നു.

ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ ജനലില്‍ നിന്നും പിടി വിട്ടു. എന്റെ കാത്തിരിപ്പിന് വീണ്ടും അരമണിക്കൂര്‍ കൂടി ദൈര്‍ഘ്യം കൂടിയിരിക്കുന്നു. എന്റെ അടുത്ത ലക്ഷ്യം ആദ്യം ഇരുന്ന അതേ കസേര തന്നെ.

വായനക്കാരാ… താങ്കളും പോന്നോളൂ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല…..

“ഇനി നമുക്ക് കുറച്ചു ഭക്ഷണം കഴിക്കാം എല്ലാവരും വരിക” ഷുക്കൂര്‍ പന്തലില്‍ നടന്ന് ഉറക്കെ വിളിച്ചു പറയുന്നത് എനിക്ക് ജനലിലൂടെ കാണാം.

എന്റെ മനസ്സില്‍ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളച്ചു. ജനങ്ങള്‍ ഷുക്കൂറിന്റെ വിളിക്ക്‌ കാതോര്‍തിരിക്കും പോലെ ഭക്ഷണശാലയിലേക്ക്‍ ഒഴുകി. ആ ഒഴുക്കിലേക്ക് ഞാനും ചേര്‍ന്നാലോ?..
ചിലപ്പോള്‍ സതീര്‍ത്ഥ്യന്‍ അബൂബക്കര്‍ എനിക്കുവേണ്ടി ഒരു കസേര ഒഴിച്ചിട്ട് കാത്തിരിപ്പുണ്ടാകും. ഒഴുക്കിലേക്ക് ചേര്‍ന്ന് കൊടുത്താല്‍ മതി. അകത്ത് എത്തിക്കും. ആമിന ശ്രദ്ധിക്കുന്നുണ്ടോ, ചുറ്റും നോക്കി.. ഇല്ല…

ജനങ്ങളുടെ ഇടയില്‍ വച്ച് ഷുക്കൂര്‍ എന്നെ പ്രഹരിക്കുമോ? എന്റെ മനസ്സ് ഭക്ഷണശാല ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരിക്കുന്നു. ഇനി മാറ്റമില്ല നീങ്ങാം.

വായനക്കാരാ… നീ എന്തിനാണ് ധൃതി കൂട്ടുന്നത്? നീ എന്റെ കൂടെ വന്നിട്ട് കാര്യമില്ല… നിനക്കു ഭക്ഷണം കഴിക്കാന്‍ കഴിയില്ല. നീ വെറും വായനക്കാരന്‍ മാത്രമാണ്. നീ എന്റെ കസേരയ്ക്ക് ഞാന്‍ വരുന്നതു വരെ കാവല്‍ നില്‍ക്കു.

എന്റെ മനസ്സ് വായിക്കാന്‍ അറിയുന്നവനാണ് കൂട്ടുകാരന്‍ അബൂബക്കര്‍. എനിക്കായി ഒരു കസേര അവന്‍ ഒഴിച്ച് ഇട്ടിരിക്കുന്നു.

“ഷുക്കൂര്‍ വരാതിരുന്നാല്‍ മതിയായിരുന്നു…” ഞാന്‍ അബൂബക്കറിന്റെ ചെവിയില്‍പറഞ്ഞു. പക്ഷേ ഷുക്കൂര്‍ വന്നു.

“ഉസ്മാനെ ഇതിനെ ആരാടാ ഇവിടെ ഇരുത്തിയത്……” ഷുക്കൂറിന്റെ അലര്‍ച്ച ഹാളില്‍ മാറ്റൊലികൊണ്ടു.

ആ ഹാളിനകത്ത് ഉസ്മാന്‍ ഓടിയെത്തി.

“ഞാന്‍ കണ്ടില്ല ഇവിടെ വന്നിരിക്കുന്നത് ” അവന്റെ മുഖത്ത് ഭയം നിഴലിച്ചു.

” എന്തായാലും ഇരുന്നില്ലേ,… ഷുക്കൂറെ… കഴിച്ചോട്ടെ…” അബൂബക്കര്‍ പതുക്കെ പറഞ്ഞു.

” പറ്റില്ല .. ഇവിടെ ഇരുന്നാല്‍ വെറുതെ നെയ്ച്ചോറ് കുഴച്ച് ഇരിക്കും അല്ലാതെ കഴിക്കില്ല “….വീണ്ടും അലറി.

ഞാന്‍ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്നു. ചിലപ്പോള്‍ സമ്മതിച്ചാലോ…
പക്ഷേ എന്റെ പ്രതീക്ഷ തെറ്റി ഉസ്മാന്‍ എന്നെ പുറത്തേക്ക് നയിച്ചു.

എന്റെ കസേരയ്ക്ക് കാവല്‍ നില്‍ക്കുന്ന വായനക്കാരാ…… എന്താണ് മുഖത്ത് ഒരു അത്ഭുത ഭാവം ഞാന്‍ എത്രയും പെട്ടെന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയത് കണ്ടിട്ട് ഞാനൊരു ആര്‍ത്തി പണ്ടാരം ആണെന്ന് കരുതുന്നുണ്ടോ?

അരുത് അങ്ങനെ കരുതരുത്.

ഭക്ഷണശാലയില്‍ കുറെയേറെ വിശേഷങ്ങള്‍ ഉണ്ടായി. എന്താണെന്നോ…… ?

നല്ല വായനക്കാരെ സംബന്ധിച്ചിടത്തോളം ആകാംക്ഷ സ്വാഭാവികമാണ്.

പക്ഷേ എനിക്ക് തിരക്കില്ല.

കഥ പറഞ്ഞു തരാന്‍ മതിയാവോളം സമയമുണ്ട്എനിക്ക്. ഇനി നെയ്ച്ചോര്‍ അന്വേഷിച്ചിട്ട് ഭക്ഷണശാലയില്‍ പോകേണ്ട ആവശ്യമില്ല. നയ്ച്ചോര്‍ ഇങ്ങോട്ട് കൊണ്ടുവരും. നിങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഷുക്കൂര്‍ എന്നെ തല്ലിയില്ല. പക്ഷേ ജനങ്ങളുടെ ഇടയില്‍ വെച്ച് എന്നോട് കുറെ ദേഷ്യപ്പെട്ടു.

അവന്‍ വെറുതെ ദേഷ്യപ്പെടില്ല,കാരണമുണ്ട്. ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നാല്‍ പെട്ടെന്ന് കഴിക്കില്ല. കാണുന്ന ആളുകള്‍ വിചാരിക്കും ഞാന്‍ ഭക്ഷണത്തില്‍ കളിക്കുകയാണെന്ന്. ഉള്ളം കയ്യില്‍ പറ്റിയിട്ടുള്ള ഓരോ വറ്റും ഞാന്‍ നക്കി തുടക്കും. പിന്നെ കയ്യും പാത്രവും കഴുകേണ്ട ആവശ്യമില്ല. ഈ നക്കി തുടക്കല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. ചിലര്‍ക്കത് അറപ്പ് ഉളവാക്കും. ഇതിനുപുറമേ ഞാനും അബൂബക്കറും ചേര്‍ന്നാല്‍ അവിടെ കളിചിരി ബഹളമാകും. അത് മറ്റുള്ളവര്‍ക്ക് ഒരു ശല്യം ആവും. ഞാന്‍ ഇതൊന്നും ചിന്തിച്ചില്ല അതിനാല്‍ ഷുക്കൂര്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല.

സമയം കടന്നുപോയിരിക്കുന്നു. രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ആ വീട്ടിലെ ശബ്ദകോലാഹലങ്ങള്‍ കുറഞ്ഞു. ആളുകള്‍ കുറഞ്ഞു കുറഞ്ഞു വന്നു.

നിങ്ങള്‍ എന്റെ കൂടെ സമയം ചെലവിടാന്‍ തുടങ്ങിയിട്ട് ഒത്തിരി നേരം ആയിരിക്കുന്നു. ഞാന്‍ വിശപ്പിനെ മറികടന്നത് പ്രതീക്ഷ കൊണ്ടാണ്.

മഹത്തായ വെള്ളത്തൊപ്പി ധരിച്ച് ഉസ്മാന്‍ ആവിപറക്കുന്ന നെയ്ച്ചോറും കൊണ്ടുവരും എന്ന് പ്രതീക്ഷ.

നിക്കാഹ് കഴിഞ്ഞ് റസിയയും പുതു മാപ്പിളയും എന്റെ കവിളില്‍ മുത്തം തരും എന്ന പ്രതീക്ഷ ഇതുപോലുള്ള ഒരായിരം പ്രതീക്ഷ കൊണ്ടാണ് ഓരോ മനുഷ്യജീവിതവും മുന്നോട്ടുപോകുന്നത്.

വരനും ബന്ധുക്കളും പന്തലില്‍ ഇരുന്നു . ഷുക്കൂര്‍ വരന്റെ കൈപിടിച്ച് ചടങ്ങുകള്‍ പൂർത്തിയാക്കി. അത് ജനലിലൂടെ കാണുവാനുള്ള ഉള്ള മഹാഭാഗ്യം എനിക്കുണ്ടായി.

സുഹൃത്തേ…… അങ്ങനെ വിളിക്കാമല്ലോ.

ഈ കുറഞ്ഞ സമയത്തില്‍ ഉണ്ടായ പരിചയം നിങ്ങളെ എന്റെ സുഹൃത്ത് ആക്കിയിരിക്കുന്നു.

റസിയയില്‍ നിന്നും കിട്ടുമെന്ന് പ്രതീക്ഷിച്ച ചുംബനം ഇനി കിട്ടുമെന്ന് തോന്നുന്നില്ല.

നോക്കൂ, റസിയ ആമിനയെ കെട്ടിപ്പിടിച്ച് കരയുന്നു……വരന്‍ കാറിനടുത്ത് അക്ഷമനായി കാത്തു നില്‍ക്കുന്നു. കരച്ചില്‍….. കണ്ണുനീര്‍…..

മോഹങ്ങളും പ്രതീക്ഷകളും ഒന്നാണോ സുഹൃത്തേ…. നമുക്ക് ഈ വിഷയത്തില്‍ ഒരു സംവാദം പിന്നീടാവാം.
കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല…..

ഞാന്‍ ഭക്ഷണശാലയിലേക്ക് നാലാമത്തെ യാത്ര തുടങ്ങുകയാണ്. ഈ പ്രാവശ്യം ആമിനയുടെ അടുത്തുനിന്നു അനുവാദം വാങ്ങേണ്ടതില്ല…

മൂത്രപ്പുരയില്‍ പോകേണ്ട…. വെള്ളം തുറന്നു വിടേണ്ട…. കാരണം ഇപ്പോ ഇവിടെ എന്നെ ആരും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ താത്പര്യമില്ല…..

എങ്കില്‍ യാത്ര തുടങ്ങാം……. സുഹൃത്തേ…. താങ്കളും വന്നോളൂ…….. ചുമരില്‍ പിടിച്ചു നടന്നു. ഈ യാത്രയില്‍ ആകാംക്ഷയുടെ കുറവ് കൊണ്ടാവണം തളര്‍ച്ച തോന്നുന്നില്ല. ഇപ്രാവശ്യം ജനലില്‍ തൂങ്ങി നോക്കേണ്ട… നേരെ വാതില്‍ വഴി ഉള്ളില്‍ കടക്കാം.

ഉള്ളില്‍ പണിക്കാരി പെണ്ണുങ്ങള്‍ മുട്ടോളം മുണ്ട് മടക്കി കുത്തി ഉരുളിയും പാത്രങ്ങളും തേക്കുന്നു….. അവരുടെ അടുത്ത് ഒരു പാത്രത്തില്‍ നെയ്ച്ചോറ് നിറച്ചു വെച്ചിരിക്കുന്നു. പതിയേ ചെന്ന് ഒരു പേപ്പര്‍ പാത്രമെടുത്ത് കുറച്ചു നെയ്ച്ചോറ് എടുത്തു.

പിന്നീട് അവിടെ ഉണ്ടായ ഒരു പുകില്‍…… നെയ്ച്ചോറ് അവരുടെ അവകാശമാണെന്നും ഇത് ഷുക്കൂര്‍ അവര്‍ക്ക് കൊടുത്തത് ആണെന്നും.

ഞാന്‍ എടുത്തത് തിരിച്ചു വച്ചില്ലെങ്കില്‍ ഷുക്കൂറിന്റെ അടുത്ത് പരാതി പറയും എന്ന് വരെ എത്തി കാര്യങ്ങള്‍……

എടുത്ത നെയ്ച്ചോറ് തിരിച്ചു കൊടുത്ത് പ്രശ്നം ഒതുക്കി…..

ഇവിടെ ഷുക്കൂര്‍ എന്നെ കണ്ടാല്‍, പ്രഹരം ഉറപ്പാണ്….. അത്‌ ഞാന്‍ ആഗ്രഹിക്കുന്നില്ല.

സുഹൃത്തേ…. അവര്‍ കാണാതെ ഒരു പിടി നെയ്ച്ചോര്‍ വാരി ഓടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു……

ഇതില്‍ നിങ്ങളുടെ അഭിപ്രായം ഞാന്‍ ചോദിക്കുന്നില്ല. എന്റെ കൂടെ ഓടി കൊള്ളണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കും പ്രഹരം ലഭിക്കും……

അത് എങ്ങനെ സംഭവിക്കും… നിങ്ങള്‍ വായനക്കാരന്‍… അല്ലേ.. വെറും വായനക്കാരന്‍
ഒരുപിടി നെയ്ച്ചോറും ആയി ഞാന്‍ പരമാവധി വേഗത്തില്‍ ഓടി….

സുഹൃത്തേ…… ഞാന്‍ എന്റെ കയ്യിലെ അവസാന നെയ്ച്ചോറും തിന്ന്, കൈ നക്കി തുടക്കാന്‍ പോവുകയാണ്. ഈ പ്രവര്‍ത്തി താങ്കള്‍ക്ക് അരോചകമായി തോന്നുന്നുവെങ്കില്‍ പുറംതിരിഞ്ഞു നിന്നോളൂ. ഇല്ലെങ്കില്‍ സന്തോഷം. എന്റെ കുറ്റവും കുറവും കണ്ടു സഹിച്ച് എന്റെ കൂടെ നില്‍ക്കുന്ന ഒരു നല്ല സുഹൃത്ത്.

ചില ശീലങ്ങള്‍ ഇങ്ങനെയാണ് നമ്മള്‍ അറിയാതെ നമ്മളെ പിന്തുടരും. അത് മാറ്റാന്‍ പറ്റില്ല.
ഇത്രയും നേരം എന്നെ സഹിച്ചതിന്, നന്ദി പറയുന്നു. നമുക്ക് പിരിയാം.

അതിഭയങ്കരമായ നാല് യാത്രകള്‍, ആകാംക്ഷ, വിശപ്പ് എല്ലാം ചേര്‍ന്ന് ഇന്ന് എന്റെ ഈ കുഞ്ഞു ശരീരം അഥവാ ശോഷിച്ച ശരീരം തളര്‍ന്നു. ഇനി ഉറക്കമാണ്…ഗാഢനിദ്ര.

വായനക്കാരാ…… എന്റെ പ്രിയപ്പെട്ട സുഹൃത്തേ…. കഥ കഴിഞ്ഞു എന്നു പറഞ്ഞതും, ഒന്നും പറയാതെ വായന അവസാനിപ്പിച്ചു പോവുകയാണോ….?

ഈ കഥ തുടങ്ങിയപ്പോള്‍ മുതല്‍ “ഞാന്‍.. ഞാന്‍..” എന്ന് സ്വയം സംബോധന ചെയ്യുന്ന…… ഈ ഞാന്‍.. ആരാണെന്ന് അറിയേണ്ടേ…..?

അറിയണം..

ഞാന്‍ സുലൈമാന്‍ ഹാജി നാല് പ്രാവശ്യം ഹജ്ജ് കര്‍മ്മം ചെയ്തു, കാരുണ്യവാനായ ദൈവത്തില്‍ വിശ്വസിച്ചു. ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കാതെ ജീവിക്കുന്ന 88 വയസ്സു പ്രായമുള്ള സാധു വൃദ്ധന്‍. ഷുക്കൂര്‍ ഒരേ ഒരു മകന്‍.

ആമിന മരുമകള്‍..

റസിയ ഒരേ ഒരു പേരക്കുട്ടി..

ഒരാളെ വിട്ടു…

എന്റെ ഭാര്യ.. കുഞ്ഞു ബീവി.

ഇപ്പോ എന്റെ കൂടെ ഇല്ല പടച്ചവന്റെ വിളി വന്നു….

ഒരു ദിവസം എന്റെ പേരില്‍ ഈ വീട്ടില്‍ കോഴികറിയും നെയ്ച്ചോറും ഉണ്ടാക്കും അത് എന്നാണെന്ന് എനിക്ക് അറിയില്ല..

പക്ഷേ ആ നെയ്ച്ചോര്‍ എനിക്ക് കഴിക്കാന്‍ കഴിയില്ല. കാരണം, കുഞ്ഞു ബീവി പടച്ചോന്റെ അടുത്തിരുന്നു ഉണ്ടാക്കിയ നെയ്ച്ചോറ് കഴിക്കാന്‍ ഞാന്‍ പോയിട്ടുണ്ടാവും…….

സുഹൃത്തേ…. താങ്കള്‍ കുടുംബസമേതം വന്ന് ആ നെയ്ച്ചോറ് കഴിക്കാന്‍ ഞാന്‍ മുന്‍കൂറായി ക്ഷണിക്കുന്നു., തല്‍കാലം വിട നല്‍കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here