ഐതിഹ്യത്തിന്റെ പൊരുൾ തേടി തലമുറകളുടെ സാഹസിക യാത്ര

“ഇതാ ഇവിടെയാണ്‌ ആ ഐതിഹ്യം ഒളിഞ്ഞു കിടക്കുന്നത്‌”- വരണ്ട്‌, ചെമ്പിച്ച കാട്ടുപുല്ലുകൾ നിറഞ്ഞ മലയുടെ മുകൾഭാഗം ചൂണ്ടിക്കാട്ടി സെയ്തലവിക്ക ആ കഥ വിവരിച്ചു തന്നു. എന്തൊരു ആവേശമായിരുന്നു യാത്രയിൽ പങ്കെടുത്തവർക്കെല്ലാം. മൂന്ന്‌ തലമുറകളാണ്‌ ഞങ്ങളുടെ യാത്രയിൽ പങ്കെടുത്തിരുന്നത്‌. 77 വയസ്സായ ഇരുമ്പുഴി സെയ്തലവി മുതൽ മൂന്നു വയസ്സായ ജയ്‌ഷൽ വരെ. ഞങ്ങളുടെ യാത്രയ്‌ക്ക്‌ മാറ്റുകൂട്ടാൻ ഐത്യഹ്യത്തിന്റെ പൊരുൾ കഥപറയുന്നതുപോലെ വിവരിച്ചുതരുവാൻ പ്രസിദ്ധ എഴുത്തുകാരൻ എം.കെ.നാലകത്തും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ പുളിക്കൽ സഹൃദയസമിതി നടത്തിയ യാത്രയിൽ ഇരുപത്തിയഞ്ചോളം അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌.

പുളിക്കലിൽനിന്നും അരൂരിലേയ്‌ക്ക്‌ പോകുന്ന റോഡിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന പാമ്പൂര്യൻ പാറ ഉൾപ്പെടുന്ന ഭഗവതിക്കുന്നിന്റെയും വടക്കൻമലയെന്നറിയപ്പെടുന്ന മലയുടെയും പിന്നിൽ ഒളിച്ചുകിടക്കുന്ന ഐതിഹ്യത്തിന്റെ പൊരുൾ അന്വേഷിച്ചുകൊണ്ടുമായിരുന്നു ഞങ്ങളുടെ യാത്ര. പാമ്പൂര്യൻ പാറയെന്ന മലയുടെ ഐതിഹ്യത്തെപ്പറ്റി സെയ്തലവിക്ക തന്റെ പിതാവിന്റെ ഉമ്മയിൽ നിന്നും കേട്ട കഥ വിവരിച്ചുതരുന്നതിങ്ങനെയാണ്‌.

ഉമ്മാമ പറഞ്ഞതിങ്ങനെ. “ഞങ്ങൾ തവിട്‌ ഇടിക്കുകയായിരുന്നു. ആ സമയത്ത്‌ ഒരു ചുഴലികാറ്റുണ്ടായി. ഭഗവതിക്കുന്നിന്റെ മധ്യഭാഗത്തായി ഒരു നായരും അവരുടെ പത്‌നിയും താമസിച്ചിരുന്നു. അവിടത്തെ അമ്മ എന്നും തീ കൊണ്ടുപോയിരുന്നത്‌ ഞങ്ങളുടെ വീട്ടിൽ നിന്നുമായിരുന്നു. ചുഴലിക്കാറ്റ്‌ ഉണ്ടായ അന്ന്‌ രണ്ടുമൂന്ന്‌ വട്ടം തീ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കാറ്റിന്റെ ശക്തികൊണ്ട്‌ തീ കെട്ടുപോയി. പിന്നെയും തീ കൊണ്ടുപോകുമ്പോൾ ഭയങ്കര ശീൽക്കാര ശബ്‌ദത്തോടെ ചുഴലിക്കാറ്റ്‌ നിമിത്തം മണ്ണും പൊടിയും ആകാശംമുട്ടെ ഉയർന്നു. ഞങ്ങൾ തവിട്‌ ഇടിച്ചിരുന്ന ഉരൽ മറിഞ്ഞുവീണു. ഞങ്ങൾ ഭയപ്പെട്ട്‌ വീടിനുളളിലേയ്‌ക്ക്‌ ഓടി ജനലിനുളളിലൂടെ പുറത്തേയ്‌ക്ക്‌ നോക്കുമ്പോൾ, പാറയുടെ വടക്കുഭാഗത്തുനിന്നും തെക്കോട്ട്‌ പാമ്പിനെപോലെ രണ്ട്‌ തീക്കട്ട മേലോട്ട്‌ കയറുന്നതുകണ്ടു. കുറച്ചുകഴിഞ്ഞ്‌ പാറയുടെ മുകൾഭാഗത്ത്‌ ചുറ്റിത്തിരിഞ്ഞ്‌ പിന്നെ എങ്ങോട്ടോ പോയി. അമ്മയുടെ ശബ്‌ദം ഒന്നും കേൾക്കാതായപ്പോൾ ഞങ്ങൾ പുറത്ത്‌ ഇറങ്ങി നോക്കി. അപ്പോൾ അമ്മയുണ്ട്‌ മരിച്ചുകിടക്കുന്നു. ഞങ്ങൾ തീക്കട്ടപോലെ കണ്ട സാധനം പോയ ഭാഗത്ത്‌ ചെന്നപ്പോൾ അവിടെ രണ്ട്‌ ചാല്‌ പോലെ ഭൂമി. അന്ന്‌ മുതലാണ്‌ പാമ്പൂര്യൻ പാറ എന്ന്‌ അറിയപ്പെടാൻ തുടങ്ങിയത്‌. പട്ടാളപാച്ചിലിന്റെ അന്ന്‌ ഭയപ്പെട്ട്‌ ഞങ്ങൾ ആ മലയുടെ മുകളിൽ കയറി ഒളിച്ചിട്ടുണ്ട്‌.” ഇതാണ്‌ പാമ്പൂര്യൻ പാറയുടെ ഐതിഹ്യമെന്ന്‌ ഉമ്മാമ പറഞ്ഞ കഥയിലൂടെ വിശ്വസിക്കുന്നു സെയ്തലവിക്ക.

ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമായിരുന്നു യാത്രയുടെ തുടക്കം. പുലർച്ചയ്‌ക്കുതന്നെ ഞങ്ങൾ ഭഗവതിക്കുന്നിന്റെ താഴ്‌ഭാഗം വരെ ടാക്‌സിയിൽ യാത്രചെയ്‌തു. അവിടെനിന്നും യാത്രസാമഗ്രികളുടെ സഹായത്താൽ പാറപൊട്ടിക്കുന്ന ക്വാറികൾ താണ്ടി, പിന്നെ ചെങ്കുത്തായ മലകളും കാട്ടുമുളളുകളും നെല്ലിക്ക മരങ്ങളും ഇടയ്‌ക്ക്‌ കാട്ടുവളളികളുടെയും തലോടൽ ചിലരിൽ നീറ്റലുണ്ടാക്കി. 77 വയസ്സായിട്ടും സെയ്തലവിക്കോ മൂന്ന്‌ വയസ്സുകാരൻ ജയ്‌ഷലിനോ, ക്യാമ്പിലെ ഭൂരിഭാഗം അംഗങ്ങളായ സ്‌ത്രീകൾക്കോ യാത്രയുടെ ആവേശം കൊണ്ട്‌ ക്ഷീണം മറന്നമട്ടായിരുന്നു. രാവിലെ 10 മണിയോടെ ഭഗവതിമലയുടെ ഐതിഹ്യം നിറഞ്ഞ സ്ഥലത്തെത്തി. തന്റെ ചെറുപ്പക്കാലത്ത്‌ മലയിൽ കൂട്ടമായി വിറക്‌ ശേഖരിക്കാൻ വേണ്ടി വരുമ്പോഴുണ്ടാകുന്ന ഭീതിനിറഞ്ഞ അവസ്ഥകളും കാട്ടുനരി പാർത്തിരുന്ന ഗുഹയും സെയ്തലവി ചൂണ്ടികാണിച്ചു തന്നു.

അവിടെനിന്ന്‌ അല്പനേരത്തെ വിശ്രമത്തിനുശേഷം ഞങ്ങൾ സമീപത്തെ ഏറ്റവും ഉയരം കൂടിയ മല ലക്ഷ്യമാക്കി കയറാൻ തുടങ്ങി. അവിടെയാണ്‌ കരിപ്പൂർ വിമാനത്താവളത്തിലെ നൈറ്റ്‌ലാന്റിഗിന്‌ വേണ്ടി സിഗ്‌നൽ സ്ഥാപിച്ചിരിക്കുന്നത്‌. അത്യന്തം സാഹസികത നിറഞ്ഞതായിരുന്നു ഈ യാത്ര. വഴക്കുവെച്ച്‌ ഏത്‌ വേനലിലും വെളളം കെട്ടിനില്‌ക്കുന്ന ചെറിയ വെളളക്കുഴിയും കണ്ടു. ഇത്‌ കടലിൽനിന്നും നേരിട്ട്‌ വരുന്ന വെളളമാണെന്നും, കടൽകണ്ണാണെന്നും ചിലർ പറഞ്ഞു. ഒരു കാലത്ത്‌ ഇതിൽ കടൽ മത്സ്യങ്ങൾ പൊങ്ങിവന്നിട്ടുണ്ടായിരുന്നെന്ന്‌ മുൻതലമുറയിൽപ്പെട്ടവർ പറഞ്ഞതായി ചിലർ അഭിപ്രായപ്പെട്ടു.

ഉച്ചയോടെ ഞങ്ങൾ സിഗ്‌നൽ സ്ഥാപിച്ചിരുന്ന മലയുടെ മുകളിലെത്തി. നട്ടുച്ചയായിരുന്നതിനാൽ ഏറെക്കുറെ എല്ലാവരും ക്ഷീണിച്ചിരുന്നു. കൂടെ കരുതിയിരുന്ന ഭക്ഷണങ്ങൾ എല്ലാവരും പങ്കുവെച്ച്‌ കഴിച്ചു. സമീപമുളള മരച്ചുവട്ടിൽ എല്ലാവരും അല്പനേരം വിശ്രമിക്കുകയും, ഇതുവരെയുളള യാത്രയിലെ സാഹസികത അയവിറക്കുകയും ചെയ്‌തു. തൽക്കാലം അത്രവരെ മാത്രമെ ഞങ്ങളുടെ പദ്ധതിയിലുണ്ടായിരുന്നുളളൂ. കാരണം സ്‌ത്രീകളും കുട്ടികളുമുളള ഗ്രൂപ്പായതിനാൽ കൂടുതൽ യാത്ര ഗ്രൂപ്പിനെ തളർത്തുമെന്നായിരുന്നു ഭയം. എന്നാൽ ഞങ്ങളെക്കാൾ ആവേശം സ്‌ത്രീകൾക്കും കുട്ടികൾക്കുമായിരുന്നു. അതുകൊണ്ട്‌ അല്പം അകലെയുളള വടക്കൻമല എന്ന കൂട്ടത്തിൽ തലയെടുപ്പുളള മല (ചേകന്നൂർ മൗലവിയുടെ ശരീരാവശിഷ്‌ടങ്ങൾക്കുവേണ്ടി സി.ബി.ഐ മണ്ണുമാന്തിയത്‌ ഈ മലയുടെ ചുവട്ടിലുളള ചുവന്ന കുന്നിലാണ്‌) സംഘാംഗങ്ങളുടെ ആഗ്രഹപ്രകാരം കയറാൻ തീരുമാനിച്ചു.

കുത്തനെയുളള മല കയറിയതുകൊണ്ട്‌ ഞങ്ങൾ കരുതിയിരുന്ന ഭക്ഷണമെല്ലാം തീർന്നിരുന്നു. സംഘത്തിലെ കുറച്ചുപേർ മലയിറങ്ങി വാഹനത്തിൽ പുളിക്കൽ പോയി ഭക്ഷണം വാങ്ങിവന്നു. വീണ്ടും ഞങ്ങൾ മൂന്നാമത്തെ മലകയറ്റം ആരംഭിച്ചു. വടക്കൻമലയുടെ മധ്യഭാഗത്ത്‌ വെച്ച്‌ വീണ്ടും ഭക്ഷണം കഴിക്കേണ്ടിവന്നു. അപ്പോഴേക്കും സമയം മൂന്ന്‌ മണിയോടടുത്തിരുന്നു. ഞങ്ങളെ കണ്ടതുകൊണ്ടാവണം ഇടയ്‌ക്ക്‌ ശീൽക്കാരശബ്‌ദത്തോടെ കുരങ്ങൻമാർ ഒരു മരത്തിൽനിന്നും മറ്റൊരു മരത്തിലേക്ക്‌ ചാടിക്കളിച്ചു കൊണ്ടിരുന്നു. 3.15- ഓടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇവിടന്നങ്ങോട്ടുളള യാത്ര വളരെ ക്ലേശമുളളതായിരുന്നു. കാട്ടുപുല്ലുകൾക്കിടയിൽപെട്ട്‌ സംഘാംഗങ്ങളെ പരസ്പരം കാണാൻ തന്നെ ബുദ്ധിമുട്ടി. മുൾച്ചെടികളുളളതും കുത്തനെയുളളതുമായ മല താണ്ടാൻ ഞങ്ങളുടെ വഴികാട്ടികൾക്ക്‌ വളരെ പ്രയാസപ്പെടേണ്ടിവന്നു. പലർക്കും മലയുടെ കുത്തനെയുളള ഭാഗം കയറാൻ സംഘത്തിലെ യുവാക്കളുടെ സഹായം തന്നെ വേണ്ടിവന്നു.

സംഘത്തിലെ പലരും യഥാർത്ഥ സാഹസികതയെന്തെന്ന്‌ നേരിട്ടറിഞ്ഞു. വൈകുന്നേരം 4.30- തോടെ ഞങ്ങൾ വടക്കൻമലയുടെ മുകളിലെത്തി. മലയുടെ മുകളിൽനിന്നും നാലുഭാഗത്തേക്കുമുളള കാഴ്‌ച വശ്യമനോഹരമായിരുന്നു. ചുറ്റുഭാഗത്തും ചെറിയ ചെറിയ പച്ചപ്പണിഞ്ഞ കുന്നുകൾ. അകലെ കടലിലെ തിരയിളക്കം, മേലെ തെളിഞ്ഞ നീലാകാശം, പ്രകൃതിയുടെ ഈ ദൃശ്യവിസ്‌മയം കണ്ടതോടെ എല്ലാവരുടെയും മുഖത്തെ ക്ഷീണം കുറവുവന്നതുപോലെ തോന്നി.

രാത്രിയായാൽ മലയിറങ്ങാൻ ബുദ്ധിമുട്ടാകുമെന്ന മുന്നറിയിപ്പ്‌ ക്യാമ്പ്‌ ലീഡർ അറിയിച്ചപ്പോൾ പലരുടെയും മുഖത്ത്‌ ഭയത്തിന്റെ നിഴലാട്ടം ദൃശ്യമായി. ഇതിനെക്കാളേറെ ഞങ്ങൾ നേരിട്ട വെല്ലുവിളി ഇനിയെങ്ങിനെ മലയിറങ്ങും എന്നതായിരുന്നു. കാരണം കീഴോട്ടുളള വഴി അപകടം നിറഞ്ഞതും കുത്തനെയുളളതുമായിരുന്നു. കാൽ തെറ്റിയാൽ അഗാധ ഗർത്തത്തിലായിരിക്കും പതിക്കുക.

ഞങ്ങൾക്ക്‌ വഴികാട്ടിയായവർ മലയുടെ നാലുഭാഗത്തും നല്ല വഴിക്കുവേണ്ടി തിരച്ചിൽ തുടങ്ങിയിരുന്നു. എത്ര ശ്രമിച്ചിട്ടും ആയാസത്തോടെയല്ലാതെ താഴെക്കിറങ്ങാൻ വഴികണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം ധൈര്യത്തോടെ കാട്ടുവളളികൾ നിറഞ്ഞ- ഇരുട്ട്‌ മൂടിക്കിടക്കുന്ന ഭാഗത്തുകൂടെ ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. അപ്പോഴേക്കും സാഹസികതയുടെ ആസ്വാദനം തേടിനടന്ന പലർക്കും കരുത്ത്‌ ചോർന്നിരുന്നു. ഒരുപാട്‌ സമയത്തെ ശ്രമങ്ങൾക്കും പലരുടെയും കൂട്ടം തെറ്റലുകൾക്കും ശേഷം വൈകുന്നേരം 6.30-തോടെ ഞങ്ങൾ ടാക്‌സിയിൽ വന്നിറിങ്ങിയ കരിങ്കൽ ക്വാറിയുടെ സമീപമെത്തി. അപകടമൊന്നുമില്ലാതെ തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാം. അപ്പോഴെക്കും സംഘാംഗങ്ങളിൽ ചിലർ അടുത്ത സാഹസികയാത്ര എങ്ങോട്ടാണെന്ന ചോദ്യവുമായി ഗ്രൂപ്പ്‌ ലീഡറെ സമീപിക്കുന്നുണ്ടായിരുന്നു.

Generated from archived content: entenadu-mar8.html Author: shajid

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here