കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ലഭിച്ച 78000 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ ബി.ജെ.പി സ്വതന്ത്ര സ്ഥാനാർത്ഥി വി.വിശ്വനാഥമേനോൻ നേടിയത് വെറും 51000 വോട്ടുകളാണ് എന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി. കൂടാതെ മാർക്‌സിസ്‌റ്റ് വിരുദ്ധചേരിയുടെ പിന്തുണ കൂടി കണക്കാക്കിയാൽ ന്യായമായും ഒരു ലക്ഷത്തിനുമേൽ വോട്ടുകൾ മേനോന് ലഭിക്കേണ്ടതാണ്. ഈ വോട്ടുകൾ എം.ഒ.ജോണിനുവേണ്ടി വിനിയോഗിച്ചതാകാമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നു. ഡൽഹിയിലെ മലയാളിയായ ഒട്ടനവധി കേന്ദ്രപുരസ്‌കാരങ്ങൾ നേടിയ പ്രമുഖ പത്രപ്രവർത്തകന്റെ മധ്യസ്ഥതയിലാണ് വോട്ടുകൾ കൈമാറ്റം ചെയ്യാനുളള തീരുമാനമായതെന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന നേതാക്കളുടെ പരസ്പര വിരുദ്ധപ്രസ്താവനകൾ ഈ ആരോപണങ്ങൾക്ക് ശക്തിയേകുന്നു. ഏതായാലും ഈ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളളയ്‌ക്കേറ്റ തിരിച്ചടിയായും വ്യാഖ്യാനിക്കപ്പെടുന്നു.
മറുപുറംഃ- ഒന്നും പുടികിട്ടണില്ലപ്പാ… അങ്ങ് കേന്ദ്രത്തീന്ന് ബി.ജെ.പി തരികിട ടീമിനെ ഓടിക്കാൻ കോൺഗ്രസ്സുമായി കൂട്ടുകൂടാമെന്ന് സി.പി.എം. അങ്ങിനെ ആകട്ടെയെന്ന് സോണിയാജി. ദേ… ഇവിടെ കൊച്ചുകേരളത്തിൽ സി.പി.എമ്മിനെ ഒതുക്കാൻ ദില്ലിയിലെ ബി.ജെ.പി-കോൺഗ്രസ് മല്ലന്മാർ രണ്ടും ഒരുമിക്കുന്നു. ആകെ ഒരാവാർഡു സിനിമപോലെ… ഒരു പൊഹമയം… ഇനി പോയിപ്പോയി താമരപ്പൂവിൽ നിലകൊളളും ബ്രഹ്‌മദേവനായി തീരുമോ നമ്മുടെ ആന്റണി. ഒരു കാര്യം മാത്രം കഷ്‌ടമായിപ്പോയി…. രാമനാമം ചൊല്ലി കഴിയേണ്ട ഈ വയസ്സുകാലത്ത് വിശ്വനാഥമേനോനെന്തിനാ ഈ പണിക്കിറങ്ങിയത്… ബാക്കിയുളള വിപ്ലവം കൂടി തൂത്തടിച്ച് കൊണ്ടുപോയില്ലേ മറ്റവന്മാര്…
Generated from archived content: sept30_news2.html