പാരീസിൽ നടന്ന ലോക അത്‌ലറ്റിക് മീറ്റിൽ ലോംഗ് ജംമ്പിൽ വെങ്കലമെഡൽ നേടിയ അഞ്ജു ബോബിജോർജ് കേരളത്തിന്റെ അഭിമാനമായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ സാന്നിധ്യം ലോക അത്‌ലറ്റിക് മീറ്റിൽ മെഡൽ ജേതാവാകുന്നത്. കോരുത്തോട് സ്‌കൂളിൽ നിന്നും തോമസ് സാറിന്റെ ചിട്ടകൾക്കൊപ്പം അത്‌ലറ്റിക് രംഗത്ത് പ്രവേശിച്ച അഞ്ജുവിന്റെ ഈ വിജയത്തിന്റെ മുഖ്യകാരണക്കാരൻ കോച്ചും ഭർത്താവുമായ ബോബിജോർജാണ്. പ്രമുഖ അത്‌ലറ്റ് മൈക്ക് പവലിന്റെ കീഴിലുളള പരിശീലനവും അഞ്ജുവിന് ഈ മഹാവിജയം നേടാൻ സഹായിച്ചു.
മറുപുറംഃ- അഞ്ജു ഇനി വാർത്തകളിൽ എത്രനാൾ…. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചരിത്രവിജയം മറക്കാൻ ഇന്ത്യക്കാർക്ക് നിമിഷനേരം മതി… സർക്കാരിനും. ഏഴോ എട്ടോ രാജ്യങ്ങൾ മാത്രം പരസ്പരം പോരടിക്കുന്ന ക്രിക്കറ്റിലെ ഇന്ത്യൻ രാജകുമാരന്മാർക്കിടയിൽ അഞ്ജുവിന്റെ സ്ഥാനം എന്തായിരിക്കും…? കോടികൾ വാരുന്ന സച്ചിന് വിദേശക്കാർ ഇറക്കുമതി ചെയ്യാൻ നികുതി പൂജ്യമാക്കിയ സർക്കാർ, പ്രാരാബ്‌ധങ്ങളിൽ നിന്നും പടികയറിവരുന്ന ഇത്തരം മഹാപ്രതിഭകളെ തിരിച്ചറിയേണ്ടിയിരിക്കുന്നു. സച്ചിനെയും ക്രിക്കറ്റിനേയും തളളി പറയുകയല്ല. എട്ടു രാജ്യങ്ങൾക്കിടയിലുളള കളികൾക്കിടയിലല്ല അഞ്ജു വെങ്കലം നേടിയത്. മുഴുവൻ ലോകവും ദൃഷ്‌ടിയയച്ച ഒരു മികച്ച മത്സരത്തിലാണ്…. ഇതോർക്കണം… നാളെയും…
Generated from archived content: sept1_news1.html