മന്ത്രി തോമസിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം

ടൂറിസം മന്ത്രി കെ.വി.തോമസിന്റെ തോപ്പുംപടിയിലെ വസതിയിൽ അതിക്രമിച്ചു കയറിയ സംഘം മകളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. മന്ത്രിയ്‌ക്കെതിരെ വിജിലൻസിൽ പരാതി നല്‌കിയ കോൺഗ്രസ്സ്‌ പ്രവർത്തകനായ ബിജു.സി.വളളനാടന്റെ നേതൃത്വത്തിലാണ്‌ ആക്രമണം നടത്തിയതെന്ന്‌ തോമസിന്റെ മകൾ രേഖ പോലീസിൽ പരാതി നല്‌കി. കത്തികാട്ടി ഭീഷണിപ്പെടുത്തിയവർ അകത്തുകടന്ന്‌ വീടിനകവും മറ്റും വീഡിയോയിൽ പകർത്തിയശേഷം പുറത്തിറങ്ങി കെ.എൽ -7 എ.ജി. 4249 എന്ന പച്ചനിറമുളള മാരുതിവാനിൽ കയറിപ്പോയതായും രേഖ പറഞ്ഞു. സംഘത്തിൽ പരിചയമുളള ഐ.എൻ.ടി.യു.സി പ്രവർത്തകരേയും കണ്ടുവെന്ന്‌ രേഖ പറഞ്ഞു.

മറുപുറംഃ- കഷ്‌ടകാലം കരുണാകരന്റെ രൂപത്തിൽ മാത്രമല്ല വീഡിയോയുടെ രൂപത്തിലും വരാം…. വിജിലൻസ്‌ അന്വേഷണപ്രകാരം വെറും മൂന്നുലക്ഷത്തിചില്വാനം രൂപയല്ലെ വരവിൽ കവിഞ്ഞ സ്വത്തായി കണ്ടെടുത്തുളളൂ. അതും മൊത്തം സ്വത്തിന്റെ 3.41 ശതമാനം മാത്രം… നേരായ വഴിക്ക്‌ അന്വേഷിച്ചപ്പോൾ ഇങ്ങനെ, ഒന്നിരുത്തി അന്വേഷിച്ചാലോ… സാരമില്ല തോമസേ… താങ്കളുടെ വീട്ടിൽ കയറി ഒന്നു കാറ്റുകൊളളാനുളള ആശകൊണ്ടല്ലേ പാവം ഈ കോൺഗ്രസ്സുകാർ ആരുമില്ലാത്തപ്പോൾ ഓടിക്കയറിയത്‌… പിന്നെ പടം പിടിച്ചത്‌, ദാരിദ്ര്യം സഹിക്കാതെ വരുമ്പോൾ അവർക്കിത്‌ ടി.വിയിലിട്ട്‌ കാണാമല്ലോ വെറുതെ ഒരു രസത്തിന്‌… ക്ഷമിച്ചുകള…. ടൂറിസം മന്ത്രീ.

Generated from archived content: sept18_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here