കോൺഗ്രസിലെ മുതിർന്ന നേതാവ് കെ.കരുണാകരനോടും താൻ സഹായം അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം അത് നിരസിച്ചിട്ടില്ല എന്നും എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി വി.വിശ്വനാഥമേനോൻ വ്യക്തമാക്കി. കൊച്ചിയിൽ എൻ.ഡി.എ സംഘടിപ്പിച്ച പ്രചരണയോഗത്തിൽ സംസാരിക്കുകയായിരുന്നു വിശ്വനാഥമേനോൻ.
കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ കച്ചകെട്ടിയിറങ്ങിയ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യമുളള സോണിയയെ സംരക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിന് തന്നെ കിട്ടില്ല. വിശ്വനാഥമേനോൻ പറഞ്ഞു.
മറുപുറംഃ – വന്നുവന്ന് വിശ്വനാഥമേനോന് പിരി വല്ലതും ഇളകിയോ എന്ന് സംശയം. ഇന്ദിരാഗാന്ധി കമ്യൂണിസ്‌റ്റുകാരെ ഒതുക്കാൻ ശ്രമിച്ചത് നേര് തന്നെ. ഇതേകാലത്ത് കരുണാകരന്റെ പോലീസ് കമ്യൂണിസ്‌റ്റുകാരെ ഉമ്മവെച്ച് കളിക്കുകയായിരുന്നോ. കരുണാകര പോലീസിന്റെ തല്ലുകൊണ്ട സി.പി.എം.കാരും അല്ലാത്തതുമായ കുറെ കമ്യൂണിസ്‌റ്റുകാർ ഇപ്പോഴും കൊക്കിയും ചുമച്ചും കാലം കഴിക്കുന്നുണ്ട് സഖാവേ. ഇലക്‌ഷന് നിന്നാൽ ഏത് അണ്ടനും അടകോടനും ആരുടെയും വോട്ട് ചോദിക്കാം. പക്ഷെ തല മറന്ന് എണ്ണ തേക്കരുത്. വീരവാദങ്ങൾ ഈ രീതിയിൽ നടത്തിയാൽ “അമ്പാടി വിശ്വം” എന്ന് വിളിച്ച നാവുകൊണ്ട് നാട്ടുകാർ താങ്കളെ മറ്റ് വല്ലതും വിളിച്ചു കളയും…. ഈ വയസ്സുകാലത്ത് അത് വേണമോ?
Generated from archived content: sept12_news1.html
Click this button or press Ctrl+G to toggle between Malayalam and English