സൂക്ഷിക്കുക….കേരളം ഭ്രാന്താലയമാകുംഃ മുഖ്യമന്ത്രി ആന്റണി

സൂക്ഷിച്ചില്ലെങ്കിൽ കേരളം വീണ്ടും ഭ്രാന്താലയമാകുവാൻ സാധ്യതയുണ്ടെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി. ഇത്തരമൊരു അവസ്ഥ വരാതിരിക്കാൻ മതസൗഹാർദ്ദം പുലർത്തണമെന്നും ആന്റണി ഉപദേശിച്ചു. കേരളത്തിന്റെ ഈ പോക്ക്‌ തടയേണ്ടത്‌ മത-രാഷ്‌ട്രീയ നേതാക്കളാണ്‌.

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന്‌ വിളിച്ച കേരളത്തെ നിരന്തരമായ സാമൂഹ്യ ഇടപെടലുകൾ കൊണ്ടാണ്‌ ശ്രീനാരായണഗുരു മാറ്റിമറിച്ചത്‌. ശ്രീനാരായണ ഗുരുവിന്റെ പൈതൃകം കാത്തുസൂക്ഷിക്കണം. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരുവിന്റെ 149-​‍ാം ജയന്തിയോടനുബന്ധിച്ച്‌ നടന്ന മതസൗഹാർദ്ദ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മറുപുറംഃ- കേരളത്തിലെ കോൺഗ്രസ്‌ (ഐ) ഏകദേശം ഭ്രാന്താലയ തുല്ല്യം എന്ന കാഴ്‌ച കണ്ടാണ്‌ മുഖ്യൻ ഇങ്ങനെ പറയുന്നത്‌. വീരപ്പ മൊയ്‌ലിയെപ്പോലുളള വിവേകാനന്ദ നിരീക്ഷകർ കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥ കണ്ട്‌ വെറും ഭ്രാന്താലയം എന്നു മാത്രമല്ല പറയുന്നത്‌… ഒരുതരം അന്തോം കുന്തോം ഇല്ലാത്ത ‘വട്ടന്മാരുടെ’ സംഗമം എന്നത്രെ…. ഗുരു തുല്ല്യനായ ലീഡറെ തലയ്‌ക്കടിച്ചു കൊല്ലാൻ ശ്രമിക്കുന്ന ‘എ’ക്കാർ, കുറുവടിക്ക്‌ അച്ഛനും മക്കളും നടത്തുന്ന ‘ഐ’ ചവിട്ടുനാടകം മറ്റൊരു വഴിക്ക്‌…. ഇതിനിടയിൽ തിരുത്തൽവാദികളും മൂന്നുതൊട്ട്‌ പത്തുപതിനാറ്‌ ഗ്രൂപ്പുകാരും… നിരീക്ഷകൻ വീരപ്പ മൊയ്‌ലിക്ക്‌ ഒരു പിടിയും കിട്ടുന്നില്ല… മൊയ്‌ലിയുടെ കാര്യം പോട്ടെ താൻ ചെയ്യുന്നത്‌ എന്താണെന്നുപോലും അറിയാതെ… തീകൊടുത്ത എലിവാണം പോലെ കറങ്ങുകയാണ്‌ മുഖ്യമന്ത്രി… അദ്ദേഹത്തിന്‌ ഒന്നറിയാം താൻ നില്‌ക്കുന്നത്‌ ഒരു ഭ്രാന്താലയത്തിലാണെന്ന്‌.

Generated from archived content: sept11_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here