എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന വിശ്വനാഥമേനോനെ ബി.ജെ.പി. പിന്തുണയ്ക്കാൻ സാധ്യത. ഇത് സംബന്ധിച്ച് അവസാന തീരുമാനം കേന്ദ്ര നേതൃത്വം നിശ്ചയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള പറഞ്ഞു.
മുൻ കേന്ദ്രമന്ത്രിയും ജില്ലാ കളക്ടറുമായിരുന്ന എസ്.കൃഷ്ണകുമാറിനെ പിന്തുണയ്ക്കാനായിരുന്നു ബി.ജെ.പിയുടെ ആദ്യ തീരുമാനം. എന്നാൽ വിശ്വനാഥമേനോന്റെ വരവോടെ പല കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു.
മറുപുറംഃ- ഉത്തരത്തിലുളളത് കിട്ടിയതുമില്ല കക്ഷത്തിലുളളത് പോകുകയും ചെയ്തു എന്ന മാതിരിയായി പാവം കൃഷ്ണകുമാറിന്റെ അവസ്ഥ. എന്തെല്ലാം ആശകളോടെയാണ് പാവം ഡൽഹിയിൽ നിന്നും വണ്ടി കയറിയത്. ബി.ജെ.പി – വെളളാപ്പളളി കാവടിയാട്ടങ്ങൾ തന്റെ ഉത്സവം പൊടിപൊടിക്കുമെന്ന് കരുതി കോൺഗ്രസിനെ മൂന്ന് പ്രാവശ്യം തളളിപ്പറഞ്ഞാണ് കൃഷ്ണനും ഉഷയും എറണാകുളത്ത് എത്തിയത്. തുലാത്തിലെ വെളളിടിപോലെയല്ലയോ വിശ്വനാഥ അവതാരം ഉണ്ടായത്….ഇനിയിപ്പോ എന്താ ചെയ്ക…. തന്റെ പഴയ ലീഡറെപോലെ ഗുരുവായൂരിൽ ചെന്ന്….. കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ധനാ… കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ….
Generated from archived content: sep3_news1.html