തിരുവനന്തപുരത്ത് സ്വരസോപാനത്തിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര നടൻ മധുവിനെ ആദരിക്കുന്ന ചടങ്ങിൽ എല്ലാവരും ചൊരിഞ്ഞ പ്രശംസയ്‌ക്കൊടുവിൽ മറുപടി പ്രസംഗത്തിലാണ് സ്‌റ്റേജിലിരുത്തി പ്രശംസ ചൊരിയുന്നത് തനിക്കിഷ്‌ടമല്ലെന്ന് മധു പറഞ്ഞത്. തന്നെപ്പറ്റി ആരെങ്കിലും എഴുതിയാൽ അതു വീട്ടിലിരുന്ന് വായിക്കാൻ സുഖമാണ് എന്നാലത് സ്‌റ്റേജിലിരുന്ന് കേൾക്കുന്നത് കട്ടിയാണ്. പരിമിതമായ കഴിവുളള എന്നിലെ നടൻ വിജയിച്ചത് മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരുടേയും സംവിധായകരുടേയും കഴിവുകൊണ്ടാണ്. ഒരു കവിയുടേയും എഴുത്തുകാരന്റേയും മുന്നിൽ നടൻ ഒന്നുമല്ല. മധു പറഞ്ഞു.
മറുപുറംഃ- ഏറെ നന്ദിയുണ്ട് മധു; സിനിമാജീവിതത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ കൊണ്ടാടി ഇനിയുമൊരു ബാല്യമുണ്ടോ എന്ന് അന്വേഷിക്കുന്നവർ ഇതു കേൾക്കട്ടെ. ഇതിന്റെ പേരിൽ കേരളത്തിന്റെ മുക്കിലും മൂലയിലും മെഗാഷോകൾ നടത്തി, ചാനലുകൾക്ക് അത് തീറെഴുതി കാശുവാരാനും പിന്നെ പിടിച്ചു നില്‌ക്കാനും ശ്രമിക്കുന്നവർ ഒന്നു മനസ്സിലാക്കണം. ഒരു നടനാവാൻ നല്ല അഭിനയശേഷി മാത്രം പോര, തിരിച്ചറിവുളള ഒരു മനസ്സുകൂടെ വേണം… മധുവിന് അതുണ്ട്. തന്റെ പോരായ്‌മകൾ തിരിച്ചറിയാനും… പ്രായത്തിന്റെ ബലഹീനതകൾ മനസ്സിലാക്കാനുമുളള കഴിവ്.
Generated from archived content: oct8_news2.html