എറണാകുളം ഉപതിരഞ്ഞെടുപ്പ് ഫലം പി.ഡി.പിയുടെ രാഷ്‌ട്രീയ വിജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പാർട്ടി വൈസ് പ്രസിഡന്റും സ്ഥാനാർത്ഥിയുമായ പൂന്തുറ സിറാജ് പ്രസ്താവിച്ചു. കേരള രാഷ്‌ട്രീയത്തിലേക്ക് എൻ.ഡി.എയുടെ പ്രവേശനം തടയുകയായിരുന്നു പി.ഡി.പിയുടെ ദൗത്യം. അതിൽ വിജയിച്ചു. മണ്ഡലത്തെ ഉഴുതുമറിച്ചത് പി.ഡി.പിയായിരുന്നെങ്കിലും വിജയം കൊയ്തത് സെബാസ്‌റ്റ്യൻ പോളാണെന്നും സിറാജ് പറഞ്ഞു.
മറുപുറംഃ- തന്നെ… തന്നെ.. ആകാശത്തിലെ പോളുമാർ ഉഴുതുമറിക്കാറില്ല, വിതയ്‌ക്കാറില്ല കൊയ്യാറുമില്ല… നമ്മളെപ്പോലുളള പാവത്തുങ്ങളാണ് ഈ പണിയൊക്കെ ചെയ്യുന്നത്. ജയിലിലിരുന്ന് മദ്‌നി ഇതുവല്ലതും അറിയുന്നുണ്ടോ ആവോ…? സിറാജ് രാജകുമാരന്റെ തിരഞ്ഞെടുപ്പ് കളിയുടെ കൊച്ചുകൊച്ചു രഹസ്യങ്ങൾ നാട്ടുകാർ ചിലർ അറിഞ്ഞു തുടങ്ങി എന്നു തോന്നുന്നു. ശിഖണ്ഡിയെ മുന്നിൽ നിർത്തി ഭീഷ്‌മപിതാമഹനെ തട്ടിയതുപോലൊരു പണിക്കാണിവിടെ സിറാജിനെ കെട്ടിയൊരുക്കിയതെന്ന് ഒരു സംസാരം…. പ്രതിഫലമായി മദ്‌നിയെന്ന വീരനെ വെളിച്ചം കാണിക്കുന്ന പരിപാടി വൈകിക്കുമെന്ന വാക്കും… കൂടാതെ… അല്ലറചില്ലറ ചിലവുകൾ വേറെയും. മദ്‌നിസാർ പുറത്തിറങ്ങിയാൽ സിറാജ് രാജകുമാരൻ വെറും “ഇട്ടപ്പൂജ്യം”….
Generated from archived content: oct1_news2.html