പി.സി.ജോർജ്ജിനെ ഈപ്പൻ വർഗ്ഗീസ്‌ പാർട്ടിയിൽ നിന്നും പുറത്താക്കി

യു.ഡി.എഫിനോട്‌ ചേർന്നുനിന്ന്‌ എൽ.ഡി.എഫിനെതിരായി പ്രവർത്തിച്ചതിന്റെ പേരിൽ പി.സി.ജോർജ്ജ്‌ എം.എൽ.എയെ ഇടതുപക്ഷ ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ സെക്യുലർ പാർട്ടിയിൽ നിന്നും ആറു വർഷത്തേയ്‌ക്ക്‌ സസ്‌പെന്റു ചെയ്തതായി ചെയർമാൻ ഈപ്പൻ വർഗ്ഗീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം ഈപ്പൻ വർഗ്ഗീസിനെ പാർട്ടിയിൽനിന്നും പുറത്താക്കിയതായി പി.സി.ജോർജ്ജും പ്രസ്താവന ഇറക്കിയിരുന്നു. പാർട്ടിയുടെ എതിർപ്പിനെ വകവയ്‌ക്കാതെ സെക്യുലറിനെ യു.ഡി.എഫിൽ എത്തിക്കാനുളള നീക്കമാണ്‌ പി.സി.ജോർജ്ജ്‌ നടത്തുന്നതെന്നും ഈപ്പൻ വർഗ്ഗീസ്‌ കുറ്റപ്പെടുത്തി.

മറുപുറംഃ ഹായ്‌… ഈ പുറത്താക്കിക്കളി കൊളളാം. ആകെ നാലും മൂന്നും ഏഴുപേരുളള സെക്യുലറിൽ പരസ്പരം പുറത്താക്കൽ എന്തെളുപ്പം. ഇടതിന്റെയോ വലതിന്റെയോ കാലുപിടിച്ച്‌ രണ്ടുമൂന്ന്‌ സീറ്റുവാങ്ങി ജയിക്കാൻ നോക്കാതെ തമ്മിൽ കണ്ടാൽ അങ്കംവെട്ടുന്ന പണി നടത്തിയിട്ട്‌ എന്തോന്ന്‌ കാര്യം സെക്യുലർ അച്ചായന്മാരേ… ഈ പാർട്ടി ഇല്ലാതെയായാൽ റീത്തയും കത്രീനയുമൊന്നും കേരളത്തിൽ വീശില്ലല്ലോ… അല്ലെങ്കിൽ പാർട്ടി തന്നെ ഉടലോടെ മേലോട്ടുപോയാൽ ഇവിടെ ഭൂകമ്പവും വരാൻ പോകുന്നില്ല. ഞാഞ്ഞൂലുകളുടെ പുളപ്പു കാണുമ്പോൾ മച്ചുതാങ്ങുന്ന മണ്ടൻ പല്ലിയെയാണ്‌ ഓർമ്മ വരിക.

Generated from archived content: news_oct21_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here