കോളേജ് യൂണിയൻ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് തേവര എസ്.എച്ച്.കോളേജിലുണ്ടായ സംഭവത്തിൽ സൈമൺ ബ്രിട്ടോ എം.എൽ.എ.യ്‌ക്ക് പ്രിൻസിപ്പൽ ഫാ.എ.ജെ.സാവിയൻസ് തുറന്ന കത്തെഴുതി. തന്റെ അനുമതിയില്ലാതെ വിദ്യാർത്ഥികൾ ക്ഷണിച്ച അതിഥിയുമൊത്ത് വേദി പങ്കിടില്ലെന്ന പ്രിൻസിപ്പലിന്റെ നിലപാടിനെ തുടർന്ന് സൈമൺ ബ്രിട്ടോയ്‌ക്ക് മടങ്ങിപ്പോരേണ്ടിവന്നത് വിവാദമായിരുന്നു.
വേദി പങ്കിടില്ലെന്ന് എം.എൽ.എ.യെ അറിയിക്കാൻ താൻ വിദ്യാർത്ഥികൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നെന്നും എന്നാൽ ബ്രിട്ടോ വന്നതിനുശേഷം ഉപചാരപൂർവ്വം സത്‌കരിച്ചതിനു ശേഷമാണ് തന്റെ നിലപാട് നേരിട്ടറിയിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു. ബ്രിട്ടോവിന് അത് അപമാനകരമായെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.
മറുപുറം ഃ തന്റെ അനുവാദം കൂടാതെ അതിഥിയെ നിശ്ചയിച്ചു എന്ന പ്രിൻസിപ്പലച്ചൻ പറയുന്നതിൽ ഒരു പരിധിവരെ കാര്യമുണ്ടെന്നു കാണാം – ഒരു പരിധിവരെ മാത്രം. കാരണം യൂണിയൻ ഉത്‌ഘാടനം കോളേജുപിള്ളേരുടെ പരിപാടിയാണ്. അല്ലാതെ അച്ചനെ മെത്രാനായി വാഴിക്കുന്ന സംഗതിയല്ല. യൂണിയൻ പ്രവർത്തനത്തിനുളള പണം പിള്ളേരുടെ കൈയ്യിൽ നിന്നും വേണ്ടുവോളം എഴുതി വാങ്ങിക്കുന്നുമുണ്ട്. അല്ലാതെ പള്ളി ഭണ്ഡാരത്തിൽ നിന്നോ, അച്ചന്റെ അരമനയിൽ നിന്നോ അല്ല ഇതുവരുന്നത്. ഇക്കാര്യത്തിൽ അച്ചൻ വിദ്യാർത്ഥികളുടെ പൊതുവികാരത്തിന് ഇരുന്നുകൊടുക്കുകയായിരുന്നു നല്ലത്. പിന്നെ വിദ്യാർത്ഥികൾ സ്വീകരിച്ചാനയിച്ചത് പേരുകേട്ട പള്ളിവിഴുങ്ങികളേയോ, കൊള്ളക്കാരേയോ അല്ലല്ലോ…കേരളത്തിലെ നിയമസഭാംഗത്തെയല്ലേ….പളളിയും പട്ടക്കാരനും തലകുത്തിമറിയാൻ പറഞ്ഞാൽ അങ്ങിനെ ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാർ നാട്ടിലുണ്ടാകുമായിരിക്കും. ബ്രിട്ടോവിനെ ആ ഗണത്തിൽ കൂട്ടുവാൻ പറ്റില്ല ഫാദറേ….കത്തനാരുടെ കത്ത്, ഇക്കാരണത്താൽ പാശ്ചാത്യർ ഉപയോഗിക്കുന്ന ഒരുതരം കടലാസു കഷ്ണത്തിനു സമാനമാകും
Generated from archived content: news_jan16_07.html