എൻ.എസ്.എസ് – എസ്.എൻ.ഡി.പി. വിവാദത്തിൽ ഖേദമുണ്ടെന്നും ഇരുഭാഗം നേതാക്കളും വിഴുപ്പലക്കൽ നിർത്തി സംയമനം പാലിക്കണമെന്നും ബി.ജെ.പി.ദേശീയ സമിതിയംഗം ഒ.രാജഗോപാൽ അഭ്യർത്ഥിച്ചു.
രാജഗോപാലിന്റെ ഹിന്ദു ഐക്യവാദത്തിനു പിന്നിൽ രാഷ്‌ട്രീയലക്ഷ്യമാണെന്നും എൻ.എസ്.എസ്. അസി. സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. രാജഗോപാൽ പറയുന്നത് വിലയ്‌ക്കെടുക്കുന്നില്ലെന്നും, അദ്ദേഹം പറയുന്നത് ഒരു ഹിന്ദുവും കേൾക്കുന്നില്ലെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
മാളികപ്പുറം മേൽശാന്തിയുടെ കാണിക്ക വെള്ളാപ്പിള്ളി തട്ടിയെടുത്തു എന്ന കേസിനെ തുടർന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ഒ.രാജഗോപാൽ.
മറുപുറം ഃ
എൻ.എസ്.എസിൽ നിന്നോ എസ്.എൻ.ഡി.പി.യിൽ നിന്നോ ഇത്തിരി തവിടും പിണ്ണാക്കും കിട്ടുമോ എന്ന വിശ്വാസത്തിലായിരുന്നു രാജേട്ടന്റെ ഈ നിലവിളി. പക്ഷെ കല്ല്യാണ വീട്ടിൽ, അടിച്ചു ഫിറ്റായി വന്ന മൂത്ത അളിയന്റെ അവസ്ഥയായിപ്പോയി പാവത്തിന്. ഐക്യം പറഞ്ഞുപറഞ്ഞ് രാജേട്ടൻ ബി.ജെ.പി.യിൽ കയ്യാലപ്പുറത്തെ തേങ്ങയെപ്പോലെയാണിപ്പോൾ. ഇങ്ങോട്ടും വീഴാം അങ്ങോട്ടും വീഴാം. ഇതിനിടയിൽ പണിക്കരുചേട്ടനെയും നടേശൻ മുതലാളിയേയും ഇടതു വലതുമായി നിർത്തിയാൽ ബി.ജെ.പി.യിൽ നിന്നുള്ള കഞ്ഞിയുടെ അളവു കൂടുമെന്നായിരുന്നു പാവത്തിന്റെ കണക്കുക്കൂട്ടൽ. പക്ഷെ പുലിമടയിൽ തലവെച്ചതുപോലെയായി കാര്യങ്ങൾ. കൊല്ലകുടിയിൽ സൂചി വിൽക്കാൻ പോയ രാജേട്ടൻ എന്ന് നാട്ടുകാർ പാടികൊണ്ടു നടക്കുന്നുണ്ടേ….
Generated from archived content: news_feb8_07.html
Click this button or press Ctrl+G to toggle between Malayalam and English