ശാശ്വതീകാനന്ദയുടെ മരണം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

ശിവഗിരി ധർമസംഘം ട്രസ്‌റ്റ്‌ മുൻ പ്രസിഡന്റ്‌ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ പുനരന്വേഷണം നടത്തും. പുനരന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര സെക്രട്ടറി കെ.ജെ.മാത്യവിന്‌ നിർദ്ദേശം നൽകി. 2002 ജൂലൈയിലാണ്‌ സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം ആലുവ അദ്വൈതാശ്രമത്തിലെ പുഴക്കടവിൽ കണ്ടത്‌. ശാശ്വതീകാനന്ദയുടെ ബന്ധുക്കൾ ആഭ്യന്തരമന്ത്രിക്ക്‌ നൽകിയ നിവേദനത്തെ തുടർന്നാണ്‌ പുതിയ അന്വേഷണം.

മറുപുറം

ആടുകിടന്നിടത്ത്‌ പൂടപോലും ഇല്ലാതായപ്പോഴാണ്‌ വീണ്ടുമൊരു അന്വേഷണം. ഒടുവിൽ അന്വേഷിച്ചന്വേഷിച്ച്‌ വേലി തന്നെയാണ്‌ വിളവ്‌ തിന്നതെന്ന്‌ കണ്ടുപിടിക്കാതിരുന്നാൽ മതിയായിരുന്നു. പിന്നെ പുനരന്വേഷണത്തെക്കുറിച്ച്‌ കേട്ടവരൊക്കെ അതിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. വെള്ളാപ്പള്ളി, വിദ്യാസാഗർ, പ്രകാശാനന്ദ തുടങ്ങി സകലരും. ഒടുവിൽ മലർന്നു കിടന്നു തുപ്പിയവന്റെ അവസ്ഥ വരാതിരുന്നാൽ നന്ന്‌. ഏതായാലും നല്ല നീന്തലുകാരനായിരുന്ന സ്വാമി മുട്ടറ്റം വെള്ളത്തിൽ വെള്ളം കുടിച്ചു മരിച്ചു എന്നു പറയുന്നത്‌ ഏതാണ്ട്‌ വെള്ളത്തിൽ വരച്ച വരപോലെയാണ്‌. അന്വേഷണം മുറുകട്ടെ…പക്ഷെ പണ്ട്‌ സി.ബി.ഐ.ക്കാർ വന്ന്‌ അഭയക്കേസ്‌ അന്വേഷിച്ചത്‌ പോലാകാതിരുന്നാൽ മതി. അഭയയെ കൊന്നതു തന്നെ, കൊന്നതാരാന്നു ചോദിച്ചാൽ ഒടേ തമ്പുരാനോട്‌ ചോദിക്കണം എന്നു പറഞ്ഞതുപോലെ ആകരുതെന്ന്‌….

Generated from archived content: news_feb3_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here