സിപി.എമ്മിലെ പ്രശ്‌നങ്ങൾ തുറന്നടിച്ചതിന് പാർട്ടി സെക്രട്ടറി പിണറായി വിജയന്റെ കടുത്ത വിമർശനത്തിന് വിധേയനായ മഞ്ഞളാംകുഴി അലിക്ക് പിന്തുണയുമായി മങ്കടയിലെ പാർട്ടി അണികൾ. അലിക്കെതിരെ നടപടിയുണ്ടായാൽ പാർട്ടി പദവികൾ രാജിവയ്‌ക്കാൻ മങ്കടയിലെ പാർട്ടി പ്രമുഖർ ഒരുങ്ങിക്കഴിഞ്ഞു. പിന്തുണ പ്രഖ്യാപിച്ച് നിരവധി പാർട്ടി പ്രവർത്തകർ അലിയുടെ വീട്ടിലെത്തി.
മറുപുറം ഃ അലിയെന്നാൽ എലിയല്ലെന്നും അതൊരു പുലിയാണെന്നും പിണറായിക്കു മനസിലായോ ആവോ? മുൻപിൽ പറയുന്നത് അങ്ങിനെ തന്നെ എന്ന് മുദ്രാവാക്യം വിളിച്ചുനടന്ന കാലം പോയി സഖാവേ…കണ്ടില്ലേ പാർട്ടിയിലിപ്പോൾ ഒന്നാമനും രണ്ടാമനുമൊക്കെയായി…സാദാ മെമ്പർമാരും അനുഭാവികളും ഇതൊക്കെ കണ്ട് വാ പൊളിച്ചിരിക്കുകയാണ്. ഇപ്പോൾ കാരാട്ടിനെ അലക്സാണ്ടർ ചക്രവർത്തിയുടെ രൂപത്തിലും പിണറായിലെ അശോകചക്രവർത്തിയുടെ (മനംമാറ്റം ഉണ്ടാകാൻ സാധ്യതയില്ല) രൂപത്തിലും വി.എസി.നെ മാമാങ്കം വെട്ടാൻ പോകുന്ന സാമൂതിരിയുടെ രൂപത്തിലുമൊക്കെയാണ് ജനങ്ങൾ കാണുന്നത്….രാജഭരണം തിരിച്ചുവന്നതുപോലെ. സാമന്തന്മാരെ വെട്ടിനിരത്താൻ ഈ ചക്രവർത്തിമാർക്കൊക്കെയാണല്ലോ അവകാശം…പക്ഷെ ആനയെ ഉറുമ്പു കൊന്ന കഥയുമുണ്ട്..അലി എന്ന പുലി ചിലപ്പോൾ ആനയെ കൊല്ലുന്ന ഉറമ്പായേക്കാം…കൊല്ലാൻ പറ്റിയില്ലെങ്കിലും ഒന്നു തല്ലാനെങ്കിലും പറ്റും.
Generated from archived content: news_feb13_07.html