നന്ദിഗ്രാമിൽ പോലീസ് വെടിവെയ്‌പ് നടത്തിയത് സ്വയംരക്ഷയ്‌ക്ക് വേണ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. മാരാരിക്കുളത്ത് ബെന്നി അനുസ്മരണ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദിഗ്രാമിലെ ജനങ്ങളെ ഇളക്കിവിട്ടതിന്റെ പിന്നിൽ തൃണമൂലും, ബി.ജെ.പി.യും, കോൺഗ്രസും, നക്സൽ പ്രസ്ഥാനങ്ങളുമാണ്. ചില മാധ്യമങ്ങൾ നന്ദിഗ്രാമിൽ നടന്ന യഥാർത്ഥവിവരം മറച്ചുവച്ച് കുപ്രചരണം നടത്തുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
മറുപുറം ഃ പിണറായി ‘വക്കീലി’ന്റെ പശ്ചിമബംഗാൾ പോലീസിനു വേണ്ടിയുള്ള വാദം കലക്കി. സ്വയരക്ഷ സാമാന്യ നീതി തന്നെ. ഇതോടൊപ്പം വയലാർ, കയ്യൂർ, കരിവെള്ളൂർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ പണ്ട് നടന്ന കേസിന്റെ ഡയറികൾ കൂടി പഠിക്കുന്നത് നല്ലതാണ്. അവിടെയും ഇതുപോലെ നെറികെട്ടവന്മാരാണ് പോലീസിനുനേരെ ജനങ്ങളെ തിരിച്ചത് എന്നുകൂടി പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ കലക്കിയേനെ. ഹൈന്ദവ ദൈവങ്ങൾക്ക് സംഘപരിവാറുകാർ പേറ്റന്റ് എടുത്തതുപോലെ സകല സമരങ്ങൾക്കും സി.പി.എം. പേറ്റന്റ് എടുത്തുവോ? എല്ലാ കമ്മ്യൂണിസ്‌റ്റുകാരും സി.പി.എമ്മിൽ മെമ്പർഷിപ്പ് എടുക്കണം എന്ന വാശിപോലെ സകല സമരങ്ങളും ഞങ്ങൾക്ക് സ്വന്തം എന്ന് വാശിപിടിക്കല്ലേ. കാലിനടിയിലെ മണ്ണ് നഷ്ടപ്പെടുമ്പോൾ സമരം ചെയ്യാൻ ഒരു വിപ്ലവപാർട്ടിയുടേയും ഔദാര്യം വേണ്ടെന്നു ചിലപ്പോൾ ജനം കരുതും. അത് ചരിത്രം പഠിപ്പിച്ചതാണ്. അതുകൊണ്ട് ഈ ‘കാമം’ കരഞ്ഞുതീർത്തിട്ടു കാര്യമില്ല.
Generated from archived content: news3_mar17_07.html
Click this button or press Ctrl+G to toggle between Malayalam and English