നദീജല സംരക്ഷണനിയമം കൊണ്ടുവരുന്നു

കേരളത്തിലെ നദീജലം സംരക്ഷിക്കാനും അണക്കെട്ടുകളുടെ സുരക്ഷയ്‌ക്കുമായി നദീജല സംരക്ഷണനിയമം ഈ നിയമസഭ യോഗത്തിൽ തന്നെ കൊണ്ടുവരുമെന്ന്‌ ജലവിഭവ വകുപ്പുമന്ത്രി ടി.എം.ജേക്കബ്‌ അറിയിച്ചു. എ.കെ. ആന്റണി വിളിച്ചു കൂട്ടിയ സർവ്വകക്ഷിയോഗത്തിലാണ്‌ ഈ തീരുമാനമെടുത്തത്‌.

നദീജല പ്രശ്‌നങ്ങളിൽ എന്നും സ്വാർത്ഥ താത്‌പര്യം മുൻനിർത്തി നിലപാടെടുക്കുന്ന തമിഴ്‌നാടിന്‌ ഇനി സൗജന്യമായി നദീജലം നല്‌കില്ലെന്നും, കൊടുക്കുന്ന ജലത്തിന്‌ പണം വാങ്ങാനും തീരുമാനമായിട്ടുണ്ട്‌. മുല്ലപ്പെരിയാർ അണക്കെട്ട്‌ പ്രശ്‌നവും യോഗത്തിൽ ഉയർന്നുവന്നു.

പല നദീജല പ്രശ്‌നങ്ങളിലും കേന്ദ്രം തമിഴ്‌നാടിന്‌ അനുകൂലമായ തീരുമാനങ്ങളാണ്‌ കൈക്കൊണ്ടിട്ടുളളത്‌. നദീജല കരാറുകളിലെല്ലാം കേരളത്തിന്‌ അബദ്ധമാണ്‌ സംഭവിച്ചിരിക്കുന്നത്‌. മുല്ലപ്പെരിയാർ കരാറിന്റെ കാലാവധി 993 കൊല്ലമാണ്‌. ഇത്തരത്തിലൊരു കരാർ ലോകത്തിൽ ഉണ്ടാകില്ലെന്നും ടി.എം. ജേക്കബ്‌ പറഞ്ഞു. പറമ്പിക്കുളം-അളിയാർ കരാർ, പമ്പ-അച്ചൻകോവിൽ-വെപ്പാർലിങ്ക്‌ പദ്ധതി, പമ്പാതടയണ തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്‌തു.

നദീജല പ്രശ്‌നങ്ങളുടെ ഗൗരവം പല ഘട്ടങ്ങളിലും ശ്രദ്ധയിൽ പെടുത്തിയെങ്കിലും സർക്കാർ അലംഭാവം കാട്ടിയതായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ ആരോപിച്ചു.

മറുപുറം

ഇപ്പോഴെങ്കിലും നമ്മുടെ സർക്കാരിന്‌ ഈ ബുദ്ധി തോന്നിയത്‌ നന്നായി. തമിഴ്‌നാടും കർണ്ണാടകവും ജലത്തിനുവേണ്ടി പോർവിളികൾ നടത്തുമ്പോൾ കുടിക്കാനും കുളിക്കാനും വെളളമില്ലാത്ത കേരളം ഒന്നു മോങ്ങുകപോലും ചെയ്തിരുന്നില്ല. ആരോപണങ്ങൾ ഉന്നയിച്ച അച്യുതാനന്ദന്റെ പാർട്ടി ഭരിക്കുമ്പോഴും ഇതുതന്നെ ഗതി, തമിഴ്‌നാട്‌ അന്നും വെളളം ചോർത്തുമായിരുന്നു.

മലയാള മനോരമയും മാതൃഭൂമിയുമടക്കം പ്രധാന ദിനപ്പത്രങ്ങളുടെ ലീഡ്‌ന്യൂസ്‌ നദീജല സംരക്ഷണ നിയമമായിരുന്നെങ്കിൽ ദേശാഭിമാനിയുടെ മുൻപേജിൽ പ്രത്യക്ഷപ്പെടാനുളള ഭാഗ്യം ഈ ന്യൂസിന്‌ ഉണ്ടായില്ല.

Generated from archived content: news3_june1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here