ഇടുക്കി ജില്ലാ കളക്ടർ രാജുനാരായണ സ്വാമിയെ പത്തനംതിട്ട ജില്ലാ കളക്ടറാക്കി സ്ഥലം മാറ്റി. പത്തനംതിട്ടയിലെ കളക്ടർ അശോക് കുമാർ സിംഗാണ് പുതിയ ഇടുക്കി കളക്ടർ. ഇതോടെ മൂന്നാറിലെ എലികളെ പിടിക്കാൻ നിയോഗിച്ച മൂന്നംഗ പൂച്ച സംഘത്തിലെ അവസാനയാളുടേയും കസേര തെറിച്ചു. ഇടുക്കിയിൽ കൂടുതൽ ശക്തനായ ഒരാളെ ആവശ്യമായതിനാലാണ് സ്വാമിയെ സ്ഥലം മാറ്റുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞു. സ്വാമിയുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയടക്കമുള്ള സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തു.
മറുപുറം ഃ അങ്ങിനെ ‘ദുർ’ബലനായ സ്വാമി മലയിറങ്ങി. ഇനി എലികൾക്കെല്ലാം ഉത്സവകാലം. എലിക്ക് മണികെട്ടാൻ വരുന്ന പുതിയ പൂച്ചയുടെ കഥ കണ്ടറിയണം. പഴയ മൂന്നംഗത്തിന്റെ ശക്തികുറവിനാൽ പുതിയ ദൗത്യൻ ഒരു ‘ഗോപാലനെ’ ഇറക്കിയിരുന്നല്ലോ… തണുപ്പടിച്ചതോടെ വലിവുപിടിച്ച് പുള്ളിയും പോയ വഴി കണ്ടില്ല. ശക്തിയാണ് പ്രശ്നമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ഗാട്ടാ ഗുസ്തിക്കാരനെ വാഴിച്ചാൽ മതിയല്ലോ. വെളിയവും ജോസഫും തുമ്മുമ്പോൾ വിറയ്‌ക്കുന്ന മുഖ്യനു പകരം അതുതന്നെയാണ് നല്ലത്.
Generated from archived content: news2_sept27_07.html