പത്തൊമ്പതാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിൽ പരിപ്പുവടയും കട്ടൻചായയും നൽകുന്നത് പാർട്ടി നേതൃത്വത്തെ അവഹേളിക്കാനാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. പരിപ്പുവടയും കട്ടൻചായയും ഗ്രൂപ്പുയുദ്ധത്തിന്റെ ആയുധമായി വി.എസ് പക്ഷക്കാർ ഉപയോഗിക്കുന്നുവെന്നാണ് ഔദ്യേഗികപക്ഷത്തിന്റെ പരാതി. ദേശാഭിമാനി കോഴ വിവാദവും ‘അറബിക്കഥ’ സിനിമയും സമ്മേളനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
മറുപുറം ഃ
ഒടുവിൽ പാർട്ടിയുടെ ദേശീയാഹാരം പരിപ്പുവടയും ദേശീയ പാനീയം കട്ടൻചായയുമാക്കി പ്രമേയം പാസ്സാക്കിക്കളയുമോ നമ്മുടെ ആലപ്പുഴ സഖാക്കൾ. ഇതുരണ്ടും ഗ്രൂപ്പുയുദ്ധങ്ങളുടെ ആയുധമായി ഉപയോഗിക്കുന്നതിൽ എന്താ തെറ്റ്. അത്യാധുനിക യുദ്ധ ഉപകരണങ്ങൾ നിലവിലുള്ള ഇക്കാലത്തും നമ്മുടെ പാർട്ടി സമരങ്ങളുടെ മുദ്രാവാക്യം വയലാറിലെ വാരിക്കുന്തവും വയനാട്ടിലെ അമ്പും വില്ലുമൊക്കെ നിറഞ്ഞതല്ലേ. എന്നു പറഞ്ഞ് അത്തരം വാരിയും അമ്പുമായി ആരെയെങ്കിലും ഇക്കാലത്ത് ആക്രമിക്കാൻ സഖാക്കൾ തുനിയുമോ…? അതുകൊണ്ട്, പാർട്ടിയോഗങ്ങളിൽ പരിപ്പുവടയും കട്ടൻചായയും. യോഗം കഴിഞ്ഞാൽ ചിക്കൻ 65-ഉം ന്യൂഡിൽസുമാകാം…. ഇതാണ് വൈരുദ്ധ്യാത്മക ഭൗതിക തീറ്റ.
Generated from archived content: news2_sept17_07.html
Click this button or press Ctrl+G to toggle between Malayalam and English