വനം മന്ത്രി ബിനോയ് വിശ്വത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ നടത്തിയ ‘പോഴൻ’ പരാമർശത്തിനെതിരെ സി.പി.ഐ ഇടതുമുന്നണിയിൽ പരാതി ഉന്നയിക്കും. മുഖ്യമന്ത്രിയുടെ ‘പോഴൻ’ പരാമർശത്തിനെതിരെ ഇന്നലെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു. പാർട്ടിക്കുള്ള പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിക്കും.
മറുപുറം ഃ മുഖ്യമന്ത്രി അതിവിനയത്തോടെ പരാതി ഫയലിൽ സ്വീകരിക്കുകയും, മറുപടി പറയാൻ മന്ത്രി ജി. സുധാകരനെ ഏൽപ്പിക്കുകയും ചെയ്താൽ എന്താകും സ്ഥിതി. ഇപ്പോൾ പോഴൻ എന്ന വിളിയെ കേട്ടിട്ടൊള്ളൂ… ഇനി കൊഞ്ഞാണൻ, ആനവാലൻ, കൂഴപ്പോത്തൻ എന്നീ പേരുകൾക്കൂടി തലയിൽ എഴുതി ചേർക്കണമോ… കിട്ടിയതുകൊണ്ട് സമാധാനമായി പോകുന്നതല്ലേ നല്ലത്. നാണമാകില്ലേ; നേഴ്‌സറി പിള്ളേരെപ്പോലെ എന്നെ പിച്ചി, പട്ടീന്ന് വിളിച്ചു എന്നൊക്കെ പറഞ്ഞ് പരാതി നൽകാൻ… പോഴൻ എന്ന വാക്കിനു പകരം എത്രയോ നല്ല മിനുസമുള്ള പദങ്ങൾ കേരളത്തിലെ ‘സംസ്‌കൃതാചാര്യർ’ കണ്ടുപിടിച്ചിട്ടുണ്ട്. ഒരെണ്ണം തിരഞ്ഞെടുത്ത് മുഖ്യമന്ത്രിക്ക് ചാർത്തിയാൽ ഗോൾ സമാസമം ആകുകയില്ലേ…?
Generated from archived content: news2_sept12_07.html