ചാക്കോ വധക്കേസിലെ പ്രതിയും പിടികിട്ടാപ്പുളളിയുമായ സുകുമാരക്കുറുപ്പുമായി സാദൃശ്യമുളള വ്യക്തിയുടേതായി പോലീസ് പ്രസിദ്ധീകരിച്ച ചിത്രം പത്തനംതിട്ട സ്വദേശി ചെന്താമരാക്ഷൻ നായരുടേതാണെന്ന് വ്യക്തമായി. 14 വർഷം മുമ്പ് വീട്ടുകാരുമായി പിണങ്ങി നാടുവിട്ട വ്യക്തിയാണ് ചെന്താമരാക്ഷൻ. ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ പിന്നെ മുപ്പതോളം പേരെയാണ് ജനങ്ങൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
മറുപുറംഃ ചക്കിക്കൊത്ത ചങ്കരൻ എന്ന മട്ടിലാണ് പോലീസും ജനങ്ങളും. കാള വാലുപൊക്കിയെന്ന് അറിഞ്ഞയുടനെ കയറെടുത്തു പോലീസ്. ജനങ്ങളാകട്ടെ കറവക്കാരനെയും കൂട്ടിയാണ് വന്നത്. ‘വെയ്‌റ്റിംഗ് ഫോർ സുകുമാരക്കുറുപ്പ്’ എന്ന അസംബന്ധ നാടകം കണ്ട് കുറുപ്പ് എവിടെയോ ഇരുന്ന് തലതല്ലി ചിരിക്കുകയായിക്കും. പണ്ട് ഉരുട്ടിക്കൊന്ന രാജന്റെ ശവം പോലീസ് മുക്കിയതുപോലെ, കഴിഞ്ഞ 22 വർഷങ്ങളായി പോലീസിന്റെ മാനം കുറുപ്പ് മുക്കികളഞ്ഞിരിക്കുകയാണ്. എന്നെങ്കിലും കുറുപ്പിനെ കണ്ടുകിട്ടുകയാണെങ്കിൽ ആനയും അമ്പാരിയും മുത്തുകുടയുമായി വേണം സ്വീകരിക്കാൻ. പെണ്ണുക്കേസിലും, അഴിമതിക്കേസിലും പെട്ട നമ്മുടെ നേതാക്കളെ സ്വീകരിക്കുന്നതിലും ഗംഭീരമാകണം കാര്യങ്ങൾ.
Generated from archived content: news2_may8_06.html