സ്വാശ്രയ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർവ്വകക്ഷി യോഗം വിളിക്കാൻ എൽ.ഡി.എഫ്. ഉന്നതാധികാര സമിതിയോഗം സർക്കാരിനോട് ശിപാർശ ചെയ്തു. വിവിധ കക്ഷികളുമായി ബന്ധപ്പെട്ട ശേഷം യോഗതീയതി തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്വാശ്രയ മാനേജ്‌മെന്റുകൾ ഉൾപ്പെടെയുള്ളവരുമായി ആവശ്യമെങ്കിൽ ചർച്ച നടത്താനും എൽ.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുപുറം ഃ
എന്നാലും പ്രിയ മന്ത്രി ബേബി സാറേ, വയറ്റത്തടിച്ച് ശിവാജി ഗണേശൻ ചിത്രങ്ങളിലെ പാട്ടുംപാടി സ്വാശ്രയ മാനേജ്‌മെന്റിന്റെ പടിവാതിലിൽ നിന്ന് ഭിക്ഷാടനം നടത്തേണ്ട അവസ്ഥയായി അല്ലേ… ഇനിയിപ്പോ സർവ്വകക്ഷി യോഗമായി, മാനേജ്‌മെന്റിനോട് വിനീതവിധേയ ചർച്ചയായി… സുപ്രീംകോടതി വിധി വന്നപ്പോൾ അണ്ടിപോയ അണ്ണാനെപ്പോലെ രണ്ടാം മുണ്ടശ്ശേരി ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. സാരമില്ല നിയമം കൊണ്ടുള്ള തന്ത്രവിധികൾ കഴിഞ്ഞെങ്കിൽ നമുക്കിനി കാടാമ്പുഴയിൽ ഒരു പൂമൂടലോ, മുരിങ്ങൂരിൽ ഒരു ധ്യാനമോ നടത്തിക്കളയാം. മാനേജ്‌മെന്റിന്റെ മനം മാറിയെങ്കിലോ…? മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പാടുപെട്ട് പഠിച്ച് പാസ്സായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അത്രയെങ്കിലും നാം ചെയ്തുകൊടുക്കണം.
Generated from archived content: news2_may10_07.html