യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. തെരഞ്ഞെടുപ്പ് വേണ്ടെന്നും സമവായത്തിലൂടെ പ്രസിഡന്റിന്റെ തെരഞ്ഞെടുത്താൽ മതിയെന്നും ഇരുവരും കേന്ദ്രനേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഇതോടെ പുനഃസംഘടനയെ ചൊല്ലിയുള്ള പോര് യൂത്ത് കോൺഗ്രസിൽ സജീവമാകും. തങ്ങൾക്ക് വിശ്വസ്തരാവയരെ യൂത്ത് കോൺഗ്രസ് നേതൃസ്ഥാനത്ത് കൊണ്ടുവരാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നടത്തുന്ന കളികളുടെ ഭാഗമാണ് സമവായശ്രമം എന്ന് തെരഞ്ഞെടുപ്പ് അനുകൂലികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മറുപുറം ഃ ഒന്നു തട്ടിയും മുട്ടിയും ശരിയായി വരുമ്പോഴാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് എന്ന കോടാലി വരുന്നത്. ചാണ്ടിയും തൊമ്മനുമൊക്കെ അഴിയാനും മുറുകാനും നിമിഷനേരം മതിയെന്ന് ബോധമുള്ള കോൺഗ്രസുകാർക്കെല്ലാം അറിയാം. എൽ.ഡി.എഫ് അതിന്റെ സ്വതസിദ്ധമായ പ്രവർത്തനം കൊണ്ട് ജനത്തിന്റെ മുഴുവൻ ചീത്ത കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് യൂത്തു പ്രശ്‌നംകൊണ്ട് കോൺഗ്രസ് എന്തിനാ പനി പിടിക്കുന്നത്? സമവായമെങ്കിൽ സമവായമായിക്കൊള്ളട്ടെ… പക്ഷെ അത് ഭസ്‌മാസുരന് വരം കൊടുത്തതു പോലെയാകരുത്. പണ്ട് മുരളീധരന് കെ.പി.സി.സി. പ്രസിഡന്റു പദം എന്ന വരം കൊടുത്തത് ഓർമ്മയുണ്ടല്ലോ. അപ്പന്റെ തലയെ ചെണ്ടയാക്കുന്ന മക്കൾ ഒരുപാടുള്ള പ്രസ്ഥാനമാണ് നമ്മുടേതെന്നും ഓർക്കണം.
ജനാധിപത്യം ഇത്തിരി കൂടുതലുള്ള പ്രസ്ഥാനമായതിനാൽ സമവായവും തല്ലി ഒതുക്കലുമൊക്കെയാണ് നല്ലത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് തലമൂത്തവർ തന്നെ പറയുന്ന ഈ പ്രസ്ഥാനം ഗംഭീരം തന്നെ…
Generated from archived content: news2_mar5_07.html