കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ജി. കാർത്തികേയൻ, എം.എ. ഷാനവാസ്, എം.എം. ഹസൻ, കെ.വി. തോമസ് എന്നിവർ പശ്ചിമബംഗാളിലെ നന്ദിഗ്രാമിലെത്തി. നന്ദിഗ്രാമിലെ പോലീസ് വെടിവെയ്‌പിൽ 14 പേരല്ല നൂറിലേറെ പേർ മരിച്ചിരിക്കാമെന്ന് ഗ്രാമവാസികൾ പറഞ്ഞുവെന്ന് സംഘം വെളിപ്പെടുത്തി. കേട്ടതിനപ്പുറമുള്ള കാര്യങ്ങളാണ് നന്ദിഗ്രാമിൽ കണ്ടതെന്നും ഇവർ പറഞ്ഞു.
മറുപുറം ഃ ഈ പോക്ക് പട്ടി ചന്തയ്‌ക്ക് പോയതുപോലെ ആകുമെന്നാണ് ത്ന്നുന്നത്. പശ്ചിമബംഗാളിലെ നന്ദിഗ്രാമിൽ നടന്ന വെടിവെപ്പിന്റെ ശരിതെറ്റുകൾ നമുക്ക് പിന്നെ നോക്കാം. അതിനു വഴി വേറെയുണ്ട്. പക്ഷെ പൂച്ചയ്‌ക്കെന്ത് കാര്യം പൊന്നുരുക്കുന്നിടത്ത് എന്നാണ് സാധാരണക്കാരുടെ ചോദ്യം. ഭാരതമെന്ന മഹാരാജ്യത്ത് എവിടെയൊക്കെ വെടിവെപ്പും കൊള്ളയും കൊള്ളിവെപ്പും നടന്നിരിക്കുന്നു.. അവിടെയെങ്ങും ഈ പറഞ്ഞ കെ. പി. സി. സി. ജീവികൾ അണച്ചെത്തിയില്ലല്ലോ. ബോംബെ, ഗുജറാത്ത്…. അതുപോട്ടെ… നമ്മുടെ മുത്തങ്ങയിൽ ആദിവാസികളെ വെടിവെച്ചപ്പോൾ ഇവരുടെ ദീന രോദനമൊന്നും ആരും കേട്ടില്ലല്ലോ? ഇതിനെയാണല്ലേ പുര കത്തുമ്പോൾ വാഴവെട്ടുക എന്നു പറയുന്നത്. ങാ… പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇരിക്കുമ്പോൾ ഇത്തരം വ്യായാമങ്ങളും നല്ലതാണെങ്കിലും നന്ദിഗ്രാമിൽ വെടിവെപ്പ് നടന്നതിന്റെ പേരിൽ നല്ല ചീത്തപ്പേര് കേട്ടു നിൽക്കുകയാണ് സി പി എമ്മുകാർ, നിങ്ങൾ പോയി അത് ഇല്ലാതെയാക്കല്ലേ. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണ് എന്നു മനസിലാക്കാൻ പ്രത്യേക വിദ്യാഭ്യാസമൊന്നും ജനത്തിനു വേണ്ട.
Generated from archived content: news2_mar21_07.html