തന്ത്രിമാരിലും ശാന്തിമാരിലും മദ്യപാനികൾ ഉണ്ടെന്ന് ദേവസ്വം ബോർഡ് മുൻ കമ്മീഷണർ സി. അയ്യപ്പൻനായർ ജസ്‌റ്റിസ് പരിപൂർണ്ണൻ കമ്മീഷന് മൊഴി നൽകി. മദ്യത്തിന് അടിമകളായ ശാന്തിമാരേയും തന്ത്രികളേയും പുറത്താക്കാൻ നിലവിൽ ദേവസ്വം ബോർഡിൽ നിയമമില്ല. തിരുവനന്തപുരം മലയൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിനു സമീപം അവിഹിത ബന്ധത്തിനിടെ ഒരു യുവതിയോടൊപ്പം നാട്ടുകാർ പിടികൂടിയെങ്കിലും അയാളെ പുറത്താക്കുന്നതിനു പകരം സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്ന് അയ്യപ്പൻ പറഞ്ഞു.
മറുപുറം ഃ പെണ്ണുകേസിൽ തന്ത്രിമാരും മന്ത്രിമാരുമൊക്കെ ഒരേ തൂവൽപക്ഷികളാണ് സാറേ, പെണ്ണുള്ളിടത്ത് വാണിഭവും നടക്കും എന്ന വീരോചിതമായ വചനങ്ങൾ ഉത്ഭവിച്ച മണ്ണാണിത്. ആ പാവം ശാന്തിയും ഒരു മനുഷ്യനല്ലേ… അങ്ങേർക്കുമുണ്ടാകില്ലേ വികാരങ്ങളും വിചാരങ്ങളും. പോരാത്തതിന് ശ്രീകൃഷ്ണക്ഷേത്രവും. ശ്രീകോവിലിലെ മൂർത്തി വിഗ്രഹത്തിന്റെ പുറകിൽ പൈന്റുകുപ്പിയുടെ ശേഖരം കണ്ടുപിടിച്ച നാടാണ് നമ്മുടേത്. ദൈവപ്രസാദത്തിന് തന്ത്രിയുടേയും ശാന്തിയുടേയും മണിയടി വേണം എന്ന് കരുതുന്നവർക്കേ ഇതൊക്കെ പ്രശ്നമാകൂ… സന്ധ്യാസമയത്ത് ഒന്നു കുളിച്ച് കുറിതൊട്ട് രണ്ടു നാമം ജപിച്ചാൽ കിട്ടുന്ന പുണ്യമൊന്നും ഈ ശാന്തി-തന്ത്രിമഹാന്മാരുടെ മുന്നിൽ നമിച്ചു നിന്നാൽ കിട്ടില്ല. ഇനിയും ചികഞ്ഞുനോക്കിയാൽ ചില മഹാക്ഷേത്രങ്ങളുടെ ഏഴയൽപക്കത്ത് പോലും ചെല്ലാൻ പറ്റില്ല. അത്രയും നാറ്റമുണ്ടാകും.
Generated from archived content: news2_june23_07.html