മൂന്നാറിലെ നടപടികൾ വീണ്ടും ഏറ്റെടുക്കുന്ന കാര്യം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മാത്രമേ തീരുമാനിക്കൂ എന്ന് മൂന്നാർ ദൗത്യസംഘം സ്പെഷൽ ഓഫീസർ കെ. സുരേഷ്‌കുമാർ പറഞ്ഞു. ഒഴിപ്പിക്കൽ ഇപ്പോൾ അതാതു വകുപ്പുകൾ നേരിട്ടു ചെയ്യുന്നതിനാൽ സ്പെഷൽ ഓഫീസർ തസ്തിക നിലനിൽക്കുന്നുണ്ടോ എന്ന സംശയം ഉള്ളതിനാലാണ് മുഖ്യമന്ത്രിയെ കാണുന്നത്. സുരേഷ്‌കുമാർ ജൂൺ 19ന് മൂന്നാർ ദൗത്യം ഏറ്റെടുക്കും എന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ കുടുംബസമേതം ഡൽഹിയിലുള്ള അദ്ദേഹം മടക്കയാത്ര നീട്ടിവച്ചിരിക്കുകയാണ്.
മറുപുറം ഃ
ഉരല് ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞതു പോലെയാണിത്. ‘കാത്തുസൂക്ഷിച്ചൊരു മൂന്നാറൊഴിപ്പിക്കൽ സി.പി.ഐ. കൊത്തിപ്പോയി…’ എന്ന നേഴ്‌സറി പാട്ടും പാടിയിരിക്കുകയാണ് നമ്മുടെ മുഖ്യൻ. പന്ന്യൻ രവീന്ദ്രനടക്കമുള്ള സി.പി.ഐക്കാർ മുടിയഴിച്ചിട്ട് തുള്ളുമ്പോൾ അതിന് ചൂടുപിടിച്ചു കൊടുക്കുകയാണ് മുഖ്യന്റെ പാർട്ടിയിലെ കേമന്മാർ. കഴിഞ്ഞതൊക്കെ ഒരു സ്വപ്നമാണെന്നു കരുതി സമാധാനിക്കൂ… ഇതുവരെ അഴിമതിരഹിതനാണെന്ന ചാരിത്ര്യം അങ്ങേയ്‌ക്ക് നഷ്ടപ്പെട്ടിട്ടില്ല. തിരിച്ചുവന്നാൽ അതും നഷ്ടപ്പെട്ട് പാളയം മാർക്കറ്റിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കേണ്ടിവരും. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലത്.
Generated from archived content: news2_june18_07.html