കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾക്കെതിരെ ചേരിതിരിഞ്ഞ് രൂക്ഷവിമർശനം ഉയർന്നപ്പോഴാണ് “ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ” എന്ന് ചോദിച്ച് എ.കെ.ആന്റണി വികാരാധീനനായത്. ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും മാറാട് കലാപവുമാണ് യു.ഡി.എഫിന്റെ പതനത്തിന് അടിസ്ഥാന കാരണങ്ങളെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അജയ് തറയിൽ ആരോപിച്ചതാണ് ആന്റണിയെ പ്രകോപിപ്പിച്ചത്.
മറുപുറംഃ വിടില്ല കുട്ടാ… നിന്നെ വിടില്ല എന്നാണ് ബാക്കിയെല്ലാ കോൺഗ്രസ് ഭാരവാഹികളും പറയുന്നത്. ചാഞ്ഞുകിടക്കുന്ന വൃക്ഷ സമാനനായതിനാൽ ഏത് മന്ദബുദ്ധിക്കും ഓടിക്കയറാവുന്ന മട്ടിലാണ് ആന്റണിയുടെ കോൺഗ്രസ് പ്രവർത്തനം. വഴിയെ പോകുന്ന സകല വയ്യാവേലികളും ആ പെട്ടത്തലയിൽ എടുത്തുവയ്ക്കും. ഉമ്മൻചാണ്ടിക്ക് തെറിച്ചുനില്ക്കുന്ന മുടി സമൃദ്ധമായതിനാൽ ഈ വക കാര്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ എളുപ്പമാണ്. മാറാട് പ്രശ്നവും, ന്യൂനപക്ഷ പ്രസ്താവനയും പിന്നെ കരുണാകര സ്നേഹത്താൽ ഡി.ഐ.സിയെ മാടിവിളിച്ചതും സകല സമുദായനേതാക്കൻമാരെയും പാലൂട്ടി വളർത്തിയതും ആന്റണിതാൻ… ഒന്നും ഭാര്യക്കും മക്കൾക്കും വേണ്ടിയായിരുന്നില്ല. കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ഗതി നേരെയാകാൻ വേണ്ടിമാത്രം. പക്ഷെ പാവാക്രൂരൻ എന്നതുപോലെയായി ടിയാന്റെ ഗതി. അച്ചി തൊട്ടതെല്ലാം നാശമായി എന്ന അവസ്ഥ. ഒരാഴ്ച മുരിങ്ങൂരിൽ പോയി ധ്യാനം കൂടൂ… മനസ്സൊന്നു തണുക്കട്ടെ.
Generated from archived content: news2_june16_06.html