സംസ്ഥാനതല മാലിന്യ നിർമാർജ്ജന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ധനകാര്യം, ആരോഗ്യം, ജലവിഭവം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാർ ഇതിൽ അംഗങ്ങളായിരിക്കണം.
കൊച്ചി നഗരത്തെ പൂർണ്ണമായും മാലിന്യ വിമുക്‌തമാക്കുവാൻ ഉദ്ദേശിക്കുന്ന പരിപാടികൾക്ക് വേണ്ട സാങ്കേതിക പരിജ്ഞാനമോ, സാമ്പത്തികശേഷിയോ നഗരസഭയ്‌ക്ക് ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനതല കമ്മറ്റി രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
കൊച്ചി കോർപ്പറേഷനെതിരെ കാരിക്കാമുറി റെസിഡന്റ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് ജെ.എൽ.ഗുപ്ത, ജസ്‌റ്റിസ് എ.കെ.ബഷീർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് ഈ ഉത്തരവിട്ടത്.
മറുപുറംഃ – ഇത് നടക്കില്ല ഹൈക്കോടതി, കൊച്ചിയെ നന്നാക്കാൻ കൊച്ചി മഹാരാജാക്കന്മാർ മൊത്തമായി വന്നാലും രക്ഷയില്ല. കഥയങ്ങിനെയാ… അനുവദിക്കുന്ന ഫണ്ടിന്റെ ഒരുപിടി വലിയ ശതമാനവും നത്തിന്റെ തലപോലെ തിരിഞ്ഞും മറിഞ്ഞും ചില മാലിന്യങ്ങളുടെ വായിലേയ്‌ക്കാണ് പോകുന്നത്. അതു തടയാതെ കൊച്ചിയിലെ മാലിന്യം നിർമാർജ്ജനം ചെയ്യുവാനും കൊതുകിനെ നശിപ്പിക്കാനും കഴിയില്ല….. നാടോടുമ്പോൾ നടുവെ ഓടുന്നവരാ നമ്മുടെ ഉദ്യോഗസ്ഥർ.
Generated from archived content: news2_july30.html