ന്യൂനപക്ഷവിവാദംഃ എം.വി.രാഘവൻ ആന്റണിക്കൊപ്പം

മുഖ്യമന്ത്രി ആന്റണി നടത്തിയ ന്യൂനപക്ഷ വിവാദ പ്രസ്താവന അപ്രിയ സത്യമെന്ന്‌ മന്ത്രി എം.വി.രാഘവൻ. മുസ്ലീം തീവ്രവാദം തടയാൻ മുസ്ലീങ്ങൾ തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ ടൂറിസത്തെക്കുറിച്ചുളള സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ന്യൂനപക്ഷത്തിനുവേണ്ടി നിലകൊണ്ടതിനാലാണ്‌ താൻ സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടത്‌. താൻ ഇന്നും ന്യൂനപക്ഷത്തിന്റെ കൂടെയാണ്‌. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല. കേരളത്തിൽ ന്യൂനപക്ഷ ഭൂരിപക്ഷ വിത്യാസമില്ല. രണ്ടുപക്ഷവും ഏകദേശം ഒപ്പത്തിനൊപ്പമാണ്‌.

പണ്ട്‌ നാടുവാണിരുന്ന നമ്പൂരിമാരും നായൻമാരും ഇന്ന്‌ റയിൽവേ സ്‌റ്റേഷനുകളിൽ തെണ്ടുന്ന കാഴ്‌ചയാണ്‌ ഉളളത്‌. വളർന്നുവരുന്ന പുതിയ സമ്പന്ന വർഗ്ഗത്തെക്കുറിച്ചാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. അല്ലാതെ ഗൾഫിൽ കഷ്‌ടപ്പെടുന്ന പാവം മുസ്ലീങ്ങളെക്കുറിച്ചോ, ക്രിസ്‌ത്യാനികളെക്കുറിച്ചോ അല്ല. രാഘവൻ കൂട്ടിച്ചേർത്തു.

മറുപുറംഃ- കൊളളാം സഖാവേ…. സഖാവേ എന്ന്‌ വിളിച്ചാൽ ഇഷ്‌ടപ്പെടുമോ ആവോ….പണ്ടു നാടുഭരിച്ചിരുന്നവർ ഇന്ന്‌ തെണ്ടുന്ന കാഴ്‌ച കാണുമ്പോൾ കണ്ണീർ വരുന്നുണ്ട്‌ അല്ലേ? ആരു തെണ്ടുന്നത്‌ കണ്ടാലും കണ്ണീർ വരണം. അതാണ്‌ ശരി. നമ്പൂരിമാരുടെ ഭരണകാലത്തും നിങ്ങളുടെ ഭരണകാലത്തും ഒരുപോലെ തന്നെ തെണ്ടിയിരുന്ന ഒരുകൂട്ടം ആളുകൾ കേരളത്തിലുണ്ട്‌ സാറേ….. താങ്കളൊക്കെ കമ്യൂണിസം പറഞ്ഞ്‌ കുറെ നാൾ അവരെ പറ്റിച്ചു. നിങ്ങൾക്കും ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുളള കളിയിലെ താല്പര്യമുളളൂ…. അതിനിടയിൽ ചിലരുണ്ട്‌… ഒരുതുണ്ട്‌ ഭൂമിയില്ലാത്ത ആദിവാസികളുണ്ട്‌. പഴയ നാടുവാഴികളെ കണ്ട്‌ കണ്ണീർ പൊഴിക്കുന്ന സഖാവ്‌ ഇടം കണ്ണിലൂടെയെങ്കിലും ഇവരെക്കൂടി ഒന്ന്‌ നോക്ക്‌…. വെടിവച്ചു കൊന്നാൽ മാത്രം പോരല്ലോ….

Generated from archived content: news2_july19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here