ശ്രീനാരായണഗരുരു ദൈവമല്ലെന്നും, ഗുരുമന്ദിരങ്ങൾ ക്ഷേത്രങ്ങളുമല്ലെന്നും മന്ത്രി ജി. സുധാകരൻ. മലബാർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്നതിലൂടെ ഗുരുമന്ദിരങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ ഗൂഢനീക്കം നടത്തുന്നുവെന്ന എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പിളളി നടേശന്റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. കായംകുളത്ത് വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ ഒരു ചടങ്ങിൽ സംസാരിക്കുയായിരുന്നു മന്ത്രി. ഇന്നത്തെ ചില സ്വാമിമാരെപ്പോലെ വെറും സ്വാമിയല്ല ഗുരുവെന്നും, വിപ്ലവാചാര്യനായിരുന്നെന്നും മന്ത്രി കൂട്ടിചേർത്തു.
മറുപുറം ഃ- ഇങ്ങനെ ചില ഗുണങ്ങൾ മന്ത്രി സുധാകരനെകൊണ്ട് നമുക്കുണ്ട്. ചില നവീന നവോത്ഥാന നായകർ വായ്‌പോയ വാക്കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടുമ്പോൾ നല്ല മുറിപ്പത്തലുകൊണ്ട് അവരുടെ പുറംവഴി അടിക്കാൻ സുധാകരൻ മന്ത്രിയെപ്പോലുളളവരേ പറ്റൂ. അല്ലാതെ സ്വന്തം സാമൂഹ്യനീതിക്കുവേണ്ടി ചിലർ വാളെടുക്കുമ്പോൾ പുറംചൊറിഞ്ഞു കൊടുക്കുന്ന ഒരുപാട് മന്ത്രിമാരെ നാം കണ്ടതാണ്. പക്ഷേ സുധാകരന് ഇക്കാര്യത്തിൽ പാസ്‌മാർക്ക് കൊടുക്കാം. ഈ ധൈര്യം ഇടയ്‌ക്ക് വഴിയിൽ ഇട്ടേച്ച് പോകരുതേ……..
Generated from archived content: news2_jan06_07.html