മാറാട് രണ്ടാം കലാപത്തിന്റെ ഭാഗിക അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.ബി.ഐ.തീരുമാനം. മൂന്നുവർഷം പിന്നിട്ട കേസിൽ ജയസാധ്യത സി.ബി.ഐ. കാണുന്നില്ല. മാറാട് ജുഡീഷ്യൽ കമ്മീഷൻ ശുപാർശപ്രകാരം ആറുമാസം മുമ്പാണ് അന്വേഷണം സി.ബി.ഐ.ക്കു കൈമാറിക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സി.ബി.ഐ.യുടെ മലക്കംമറിച്ചിലിനു പിന്നിൽ കേന്ദ്രതലത്തിലുള്ള രാഷ്‌ട്രീയസമ്മർദ്ദങ്ങളാണെന്ന് ആരോപണമുണ്ട്.
മറുപുറം ഃ
വേലിതന്നെ വിളവു തിന്നുന്ന നാട്ടിൽ നിന്നും ഉള്ളജീവനും കൊണ്ട് ഓടിപ്പോകാനല്ലേ തലയ്‌ക്കു ബോധമുള്ളവർ ശ്രമിക്കൂ…മാറാട് കലാപത്തിലെ പ്രതികൾ നാട്ടിൽ പുലിപോലെ പാഞ്ഞു നടക്കുകയാണെന്നും ഞങ്ങൾ വെറും വഴിയാത്രക്കാരാണെന്നും പറഞ്ഞ് ഇപ്പോൾ ജയിലിലുള്ളവർ പല കത്തുകളും പലർക്കുമെഴുതി തുടങ്ങി. രണ്ടു ദിവസം കിടന്നാൽ മതി പിന്നെ കാര്യങ്ങൾ ഒക്കെ ശരിയാകുമെന്നാണ് ഈ പാവങ്ങളോട് ചില വേന്ദ്രന്മാർ പറഞ്ഞു പഠിപ്പിച്ചത്. ഇതൊക്കെ അന്വേഷിക്കാൻ വരുന്ന സി.ബി.ഐ.ഓഫീസർമാർക്ക് ഒടുവിൽ തലയിൽ നെല്ലിക്കാത്തളം വച്ച് നടക്കേണ്ടിവരും. കേരളത്തിൽ വന്ന് ഒരു കേസു ജയിക്കണമെങ്കിൽ അമ്മേനേം തല്ലണം അപ്പനേം തല്ലണം എന്ന ഗതികേടിലാണ്. മാറാട് കലാപത്തിന് വാളു കൊടുത്തവർ കൊമ്പന്മാരെന്നു തീർച്ച. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ.
Generated from archived content: news2_feb2_07.html