തന്റെ കൈയ്യിൽ തോക്ക്ണ്ടെന്നും അത് സർക്കാരിനെ തിരിച്ചേൽപ്പിക്കാൻ തയ്യാറാണെന്നും സി.എം.പി. സംസ്ഥാന സെക്രട്ടറി എം.വി. രാഘവൻ. പിണറായി വിജയൻ തന്റെ മാതൃക പിന്തുടരണമെന്നും രാഘവൻ പറഞ്ഞു. 25 വർഷം മുമ്പ് പാലക്കാടുള്ള ഒരു കർഷകസുഹൃത്താണ് തനിക്ക് തോക്കു തന്നതെന്നും അത് ഉപദ്രവിക്കാൻ വരുന്നവരെ പേടിപ്പിക്കാൻ വേണ്ടിയായിരുന്നെന്നും ഇന്നുവരെ തോക്ക് ഉപയോഗിച്ചിട്ടില്ലെന്നും രാഘവൻ പറഞ്ഞു. പിണറായിയുടെ വെടിയുണ്ട വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു രാഘവൻ.
എന്നാൽ കഴിഞ്ഞ ആറുവർഷമായി രാഘവൻ തോക്കിന്റെ ലൈസൻസ് പുതുക്കിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ലൈസൻസ് പുതുക്കാത്ത തോക്കുകൾ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കേണ്ടതാണ്. ലൈസൻസില്ലാത്ത തോക്കുകൾ കൊണ്ടുനടക്കുന്നത് ക്രിമിനൽ കുറ്റവുമാണ്.
മറുപുറം ഃ ഒരു തക്കം കിട്ടിയപ്പോൾ പിണറായിയെ ഒന്നു വെടിവെക്കാമെന്നു കരുതി പറഞ്ഞത് പുലിവാലു പിടിച്ചതുപോലെയാകുമോ? പിണറായി ‘ഉണ്ട’യെ കടത്തിയൊള്ളൂ. പക്ഷെ ഇത് ലൈസൻസില്ലാതെ ആറുവർഷമാണ് തോക്ക് കൊണ്ടുനടന്നത്. ഇനി തിരിച്ചേൽപ്പിക്കാം എന്നൊക്കെ പറയുന്നത് നനഞ്ഞ പടക്കത്തിനു തുല്യമാണ്. അത് പൊട്ടില്ല. പക്ഷെ പോലീസു വിചാരിച്ചാൽ സർക്കാർ വകയായി ഗോതമ്പുണ്ട തിന്നാൻ യോഗമുണ്ടാകും. ലൈസൻസില്ലാതെ ആറുവർഷം ഈ തോക്ക് എവിടെയായിരുന്നു എന്നതിന് എണ്ണിയെണ്ണി ഉത്തരം പറയേണ്ടിവരും. മാധ്യമ സിൻഡിക്കേറ്റിന് രാഘവൻ അത്ര പ്രിയമല്ലാത്തതിനാൽ ഈ വെടിവെപ്പിൽ വലിയ ഒച്ചയും പുകയും ഉണ്ടാവില്ല എന്നു കരുതാം.
Generated from archived content: news2_feb19_07.html