മന്ത്രി സുധാകരനെതിരെ ആലപ്പുഴയിൽ ലഘുലേഖകൾ പ്രചരിക്കുന്നു. ‘ഇവനെ ചങ്ങലയ്‌ക്കിടുക, നാടിനെ രക്ഷിക്കുക’ എന്ന തലവാചകത്തോടെയാണ് ലഘുലേഖകൾ അച്ചടിച്ചിരിക്കുന്നത്. ആലപ്പുഴയിലെ സഖാക്കൾ പ്രബുദ്ധരാണെന്നും സുധാകരനെതിരെ പുതുതലമുറ വാരിക്കുന്തം പ്രയോഗിക്കുന്ന കാലം വിദൂരമല്ലെന്നും ആട്ടിൻ തോലണിഞ്ഞ ചെന്നായ്‌ക്കളുടെ മുഖം ജനം തിരിച്ചറിയുമെന്നും ലഘുലേഖ പറയുന്നു. കൃത്യമായ ഉറവിടമോ അച്ചടിച്ചവരുടെ പേരോ ഇല്ലാതെയാണ് ലഘുലേഖ പ്രചരിക്കുന്നത്.
മറുപുറം ഃ മനുഷ്യന് ഭ്രാന്ത് പിടിച്ചാൽ ചങ്ങലയ്‌ക്കിടാം…പക്ഷേ ചങ്ങലയ്‌ക്കു തന്നെ ഭ്രാന്തു പിടിച്ചാലോ… പിടിച്ചതു തന്നെ. പിന്നെ സമനില തെറ്റാതെ ഏറെ പ്രയാസപ്പെട്ട് ബാലൻസ് സൂക്ഷിച്ചുണ്ടാകുന്ന ജനങ്ങളുള്ള ഈ നാട്ടിൽ കുറച്ചു ഭ്രാന്തന്മാരുള്ളത് നല്ലതാണ്. പണ്ട് ഒരു ഭ്രാന്തൻ കല്ലുരുട്ടി മലമുകളിൽ കയറ്റി താഴേയ്‌ക്കു തള്ളിയിട്ട് പൊട്ടിച്ചിരിച്ചില്ലേ… വേറൊരാൾ പകൽ വിളക്കും കത്തിച്ച് നടന്നില്ലേ…അതൊക്കെ കണ്ടപ്പോഴല്ലേ നമുക്കും കുറച്ചു വട്ടില്ലേ എന്ന് മനസിലായത്. വായ പോയ വാക്കത്തിയാണെങ്കിലും സുധാകരന്റെ ഈ ഭ്രാന്ത് ചിലർക്ക് നല്ല മരുന്നു തന്നെയാണ്. പിന്നെ, അതു ചെയ്യും ഇതു ചെയ്യും മെറ്റേത് പറയും എന്നൊക്കെ പറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല…കാര്യങ്ങളൊക്കെ തെളിച്ചു പറയൂ..അത് പേരും മേൽവിലാസവും വച്ചു തന്നെയായിരിക്കണം. അല്ലാതെ കുറച്ചുനാൾ മുമ്പ് എസ്.എഫ്.ഐ. നേതാവ് സ്വരാജ് പറഞ്ഞതുപോലെ തന്തയില്ലാത്ത ലഘുലേഖകൾ പടച്ചിറക്കരുത്. ലഘുലേഖയ്‌ക്ക് മാത്രമല്ല അത് പടച്ചിറക്കുന്നവർക്കും തന്തയില്ലെന്ന് ജനം കരുതും.
Generated from archived content: news2_feb17_07.html
Click this button or press Ctrl+G to toggle between Malayalam and English