ഇറിഗേഷൻ ചീഫ് എഞ്ചിനീയർ ടി.കെ.ശശി 25,000 രൂപ കൈക്കൂലി വാങ്ങിയത് കൈരളിയുടെ പീപ്പിൾ ചാനൽ രഹസ്യമായി ക്യാമറയിൽ പകർത്തി. പിന്നീട് ചാനലിലൂടെ ഈ സംഭവം പുറത്തുവിട്ടു. മുവാറ്റുപുഴ വാലി പദ്ധതിയുടെ കരാറുകാരന്റെ പ്രതിനിധികൾ എന്ന വ്യാജേന എത്തിയാണ് ചാനൽ സംഘം ശശിയെ കുടുക്കിയത്. സംഭവത്തിനെ തുടർന്ന് ശശിയെ സസ്‌പെന്റു ചെയ്‌തതായി ജലസേചന വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അറിയിച്ചു.
ഇതേ രീതിയിൽ ഗുരുവായൂർ ദേവസ്വത്തിലെ അഴിമതിയെപ്പറ്റിയും പീപ്പിൾ ചാനൽ റിപ്പോർട്ടു ചെയ്‌തിരുന്നു.
മറുപുറംഃ അഴിമതിക്കെതിരെ പടവാളും രഹസ്യ ക്യാമറയുമേന്തിയ കൈരളി-പീപ്പിൾ ചാനലുകൾക്ക് രക്താഭിവാദനങ്ങൾ. സംഗതി കലക്കി. ഇനിയെവന്മാരെ പോലുളളവർ ചില്ലറ വാങ്ങാൻ ഒന്നു പതുങ്ങും. കോൺട്രാക്‌ടർമാർ കല്ലും മണ്ണും, സിമന്റും കൃത്യമായി ചേർക്കേണ്ടിവരും. ഇനി കെട്ടുകൾ കൊടുത്ത് മക്കൾക്ക് ജോലി വാങ്ങിക്കാമെന്ന് ഒരു തന്തതളളമാരും കരുതേണ്ട… ധീരതയ്‌ക്കുളള അവാർഡ് ഇപ്രാവശ്യം പീപ്പിളിനു കൊടുക്കാം.
എന്നാലും ഈ പരിപാടി ആ ലാവ്‌ലിൻ സംഭവം നടന്ന കാലത്ത് ഉണ്ടായില്ലല്ലോ. അക്കാലത്ത് അങ്ങ് കാനഡയിലെ ഏതു ജംഗ്‌ഷനിൽ വച്ചും ഇവിടെ മലബാർ ക്യാൻസർ സെന്ററിൽ വച്ചും എന്ത് പോക്രിത്തരവും കാട്ടിയാൽ പ്രശ്‌നമല്ലായിരുന്നു….. കാലം മാറി…. ഇനി സഖാക്കളും സൂക്ഷിക്കണം. ചാനൽ പീപ്പിൽ മാത്രമല്ലല്ലോ നാട്ടിലുളളത്. പീപ്പിളിനാണേൽ അഴിമതി “ചുവന്ന”തെങ്കിൽ ക്യാമറയിൽ പതിയത്തില്ല. ‘സാക്ഷി’യും മറ്റും നാം കാണുന്നതല്ലേ.
Generated from archived content: news2_feb17_06.html