ഉമ്മൻ ചാണ്ടി ഉൾപ്പെടെ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ പത്ത് അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കാൻ ആഭ്യന്തരവകുപ്പ് വിജിലൻസിന് നിർദ്ദേശം നൽകി. വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇവർക്കെതിരെ വിശദമായ അന്വേഷണം നടത്തുക. ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ.രാമചന്ദ്രൻ, വക്കം പുരുഷോത്തമൻ, കെ.എം.മാണി, സി.എഫ്.തോമസ്, പി.കെ.ഇബ്രാഹിംകുഞ്ഞ്, എം.കെ.മുനീർ, അടൂർ പ്രകാശ് എന്നിവരാണ് മറ്റ് മുൻ മന്ത്രിമാർ.
മറുപുറം ഃ ഒരു ലാവ്‌ലിൻ = പത്ത് വിജിലൻസ്. പുതിയ ഗവൺമെന്റിന്റെ കണ്ടുപിടുത്തം കൊളളാം. ഇനിയിപ്പോ അഞ്ചുകൊല്ലത്തെ കുഴലൂത്ത് കഴിഞ്ഞ് അച്ചുമാമനും കൂട്ടരും ഇറങ്ങാൻ നേരം ലവന്മാര് പത്തിനു പകരം ഇരുപതാക്കാതിരുന്നാൽ നന്നായി. നന്നായി നിലാവുദിക്കുമ്പോഴാണല്ലോ തലയിൽ മുണ്ടിടാത്ത ചിലരെ കാണുക. നാട്ടിൻപുറത്തൊക്കെ ഉത്സവത്തിന് ചിലർ ചേരുവാരം തിരിഞ്ഞ് വെടിക്കെട്ട് നടത്തി വെല്ലുവിളിക്കാറുണ്ട്. പിന്നെ ഉത്സവം കഴിഞ്ഞാൽ ഇരുകൂട്ടരും കൈകൊടുത്ത് കെട്ടിപ്പിടിച്ച്, രണ്ട് സ്മാളും വിട്ട്, ദേശീയഗാനവും പാടി എല്ലാവരും നന്നാകട്ടെ എന്ന് പ്രാർത്ഥിച്ച് പിരിഞ്ഞുപോകും. ഇവരും ഒരേ തൂവൽ പക്ഷികൾ ആകാതിരുന്നാൽ മതിയായിരുന്നു.
Generated from archived content: news2_dec22_06.html